Indian Football In 2024: ജോതിഷി വന്നിട്ടും രക്ഷപ്പെട്ടില്ല, 2024-ൽ ഒരു ജയം പോലും ഇല്ലാതെ ഇന്ത്യൻ ഫുട്ബോൾ ? കണ്ടകശനി ഇനി എന്ന് മാറും?
Indian football team Season 2024: 2024 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് അത്ര നല്ല വർഷമല്ല. സുനിൽ ഛേത്രിയുടെ വിരമിക്കലിനും ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതുമെല്ലാം ഈ വർഷമാണ്.
ഇന്ത്യൻ ഫുട്ബോളിന്റെ കണ്ടകശനി ഇനി എന്ന് മാറും. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നഷ്ടങ്ങളുടേത് മാത്രമാണ് 2024. ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്ത്. അതും കഴിഞ്ഞ ഏഴ് വർഷത്തിനിടെയുള്ള നീലകടുവകളുടെ ഏറ്റവും മോശം റാങ്കിംഗ്. 2024-ൽ 11 മത്സരങ്ങളിൽ പന്തുതട്ടാനിറങ്ങിയെങ്കിലും ഒന്നിൽ പോലും ജയിച്ചില്ല. ആറ് മത്സരങ്ങളിൽ പരാജയത്തിന്റെ രുചിയറിഞ്ഞപ്പോൾ 5 എണ്ണം സമനിലയിൽ കലാശിച്ചു. പതിനഞ്ച് ഗോളുകൾ വഴങ്ങിയപ്പോൾ നാല് ഗോൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചത്.
ഫിഫ റാങ്കിങ്ങിൽ പിന്നിൽ
2023-ൽ സാഫ് കപ്പും ഇന്റർകോണ്ടിനെന്റൽ കിരീടവും ത്രിരാഷ്ട്ര കീരിടവും നേടി ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ നീലക്കടുവകൾ ഇടംപിടിച്ചു. എന്നാൽ 2024-ൽ 7 വർഷത്തിനിടെയുള്ള ഏറ്റവും മോശം റാങ്കിംഗിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പരാജയത്തിന്റെ രുചി മാത്രമറിഞ്ഞ ഇന്ത്യ, നിലവിൽ ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ സാധിക്കാതെ വന്നതാണ് ഇതിന് പിന്നിലെ കാരണം.
പുതിയ പരിശീലകൻ
തുടർ തോൽവികളാണ് ഇഗോർ സ്റ്റിമാച്ചിന്റെ പരിശീലക സ്ഥാനം തെറിപ്പിച്ചത്. ലോകകപ്പ് യോഗ്യതയുടെ ഫെെനൽ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടാത്തതായിരുന്നു സ്റ്റിമാച്ചിന്റെ പുറത്താകാൻ കാരണം. പകരക്കാരനായെത്തിയ സ്പാനിഷ് പരിശീലകൻ മനോള മാർക്വേസിനെയും ഇന്ത്യൻ ടീമിനെ വിജയതീരത്തേക്ക് നയിക്കാനായില്ല. ഐഎസ്എല്ലിൽ എഫ്സി ഗോവയെ കീരിടത്തിലേക്ക് നയിച്ച മനോളയുടെ തന്ത്രങ്ങൾ ദേശീയ ടീമിൽ പാളിപോയി.
തോൽവി ചെറിയ ടീമുകളോട്
ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ പിന്നിലുള്ള ടീമുകളോടായിരുന്നു തോൽവികൾ. ഇന്റർകോണ്ടിനെന്റൽ കപ്പിൽ 179-ാം സ്ഥാനത്തുള്ള മൗറീഷ്യസിനെതിരേയായിരുന്നു ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ മത്സരം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നിരുത്തരവാദത്വപരമായാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. ഗോൾ പിറക്കാത്ത മത്സരങ്ങളും ദഗോളവസരങ്ങളും ഇന്ത്യൻ താരങ്ങൾ സൃഷ്ടിച്ചില്ല. ഇത്രയും മോശം പ്രകടനം ഒരു ടീമിനും കാഴ്ചവയ്ക്കാൻ കഴിയില്ലെന്നാണ് പുതിയ പരിശീലകൻ മാർക്വേസ് മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ശേഷം സിറിയയോടും ടൂർണമെന്റിൽ തോറ്റു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ റാങ്കിംഗിൽ 151-ാം സ്ഥാനത്തുള്ള അഫ്‌ഗാനിസ്ഥാനോട് തോറ്റപ്പോൾ 131-ാം സ്ഥാനത്തുള്ള കുവൈറ്റുമായുള്ള മത്സരം സമനിലയിലായി. ഉസ്ബക്കിസ്ഥാൻ, സിറിയ, ഖത്തർ, ഓസ്ട്രേലിയ എന്നീ ടീമുകളോടും തോൽവി വഴങ്ങി.
ലെെംഗികാതിക്രമം
ഇന്ത്യൻ വിമൻസ് ലീഗിൽ എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദീപക് ശർമ്മ വനിതാ താരങ്ങളെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി ലെെംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഐഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്‌സിലെ ജീവനക്കാരിയും മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലെെംഗികാരോപണ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനെ പിന്നീട് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
അഴിമതിയിൽ നേതൃത്വം
എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ഇന്ത്യൻ ഫുട്ബോളിന് നാണക്കേടായി. ഫെഡറേഷന്റെ ലീഗൽ അഡ്വെെസർ നിലഞ്ജൻ ഭട്ടാചാരിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കോടികളുടെ അഴിമതി ആരോപണത്തിൽ ഭട്ടാചാരി പ്രധാനമന്ത്രിക്ക് പരാതി നൽകിയെങ്കിലും എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്ത് ചൗബേ ഇപ്പോഴും തുടരുകയാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി എഐഎഫ്എഫിന്റെ ക്രെഡിറ്റ് കാർഡുകൾ ചൗബേ ഉപയോഗിക്കുന്നുവെന്ന ആരോപണമായി ആന്ധ്രാപ്രദേശ് ഫുട്ബോൾ അസോസിയേഷനും രംഗത്തെത്തിയിരുന്നു.
ജോതിഷവും ടീം തിരഞ്ഞെടുപ്പും
മത്സരത്തിന് മുമ്പായുള്ള പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുക്കാനായി പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഇഗോർ സ്റ്റിമാച്ച് കോടികൾ ചിലവഴിച്ച് ജ്യോതിഷിയെ നിയമിച്ചതും വിവാദമായി. താരങ്ങളുടെ പ്രകടനവും കഴിവും ഫിറ്റ്നെസും അടിസ്ഥാനമാക്കി ടീമിനെ ഇറക്കേണ്ടതിന് പകരം ജ്യോതിഷി ഭൂപേഷ് ശർമ്മയുടെ രാശിഫലത്തിനായിരുന്നു സ്റ്റിമാച്ച് പ്രാധാന്യം കൊടുത്തിരുന്നത്. പകരക്കാരെ ഇറക്കാനും ജോതിഷിയുടെ കുറിപ്പടി അനുസരിച്ചായിരുന്നു. എഐഎഫ്എഫ് സെക്രട്ടറിയായിരുന്നു ഇതിന് പിന്നിലെന്നതാണ് നാണക്കേട്.
സംഭവം വിവാദമായതോടെ ഭൂപേഷും സ്‌റ്റിമാച്ചും തമ്മിലുള്ള ചാറ്റ് പുറത്തുവന്നെങ്കിലും എഐഎഫ്എഫ് അന്ന് സ്റ്റിമാച്ചിനെ സംരക്ഷിച്ച് കൂടെ നിർത്തി. എഐയിലൂടെ ലോകത്തെ മറ്റ് രാജ്യങ്ങൾ ഫുട്ബോളിനെ പ്രയോജനപ്പെടുത്തുമ്പോഴാണ് കവടി നിരത്തിയുള്ള ഇന്ത്യൻ ഫുട്‍ബോളിന്റെ കളി. ഇന്ത്യൻ ടീമിന്റെ തുടർതോൽവികളിൽ രോഷകുലകരായ ആരാധകർ സ്റ്റിമാച്ചിനെ പുറത്താകണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് എഐഎഫ്എഫ് കരാർ റദ്ദാക്കിയത്. 2026 വരെയുള്ള കരാർ റദ്ദാക്കിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇഗോർ സ്റ്റിമാച്ച് പരിശീലകൻ നിയമ നടപടിക്കൊരുങ്ങി. ഏകദേശം 3.36 കോടി രൂപ നഷ്ടപരിഹാരം നൽകി ഒടുവിൽ എഐഎഫ്എഫ് മുഖം രക്ഷിച്ചു.
ഛേത്രിക്ക് തുല്യം ഛേത്രി മാത്രം
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനം. അന്ന് ഛേത്രിക്ക് പകരക്കാരൻ ആരെന്ന ആരാധകരുടെ ചോദ്യം ഇന്നും ബാക്കിയാണ്. ഇതുവരെയും ഛേത്രിക്ക് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ഫുട്ബോളിനായിട്ടില്ല. രാജ്യാന്തര ഫുട്ബോളിൽ മെസിക്കും റൊണാൾഡോയ്ക്കും പിന്നിൽ 94 ഗോളുകളുമായി നിൽക്കുന്ന ഛേത്രിയുടെ അടുത്തെത്താൻ പോലും ആർക്കും ആയിട്ടില്ല. ഗോളടിക്കാനും മുന്നേറ്റനിരയെ മുന്നിൽ നിന്ന് നയിക്കാനും ഇനി ആര് എന്ന ചോദ്യം ബാക്കിയാണ്.
ഇന്ത്യൻ ഫുട്ബോൾ @ 2025
ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് 2025 വെല്ലുവിളികളുടെതാണ്. ഛേത്രിക്ക് പകരമായൊരു ഗോൾ മെഷീൻ 2025-ൽ പിറവിയെടുക്കേണ്ടതുണ്ട്. നിലവിലെ പരിശീലകൻ മനോള മാർക്വേസ് നീലക്കടുവകളുടെ പ്രകടനത്തിൽ സംതൃപ്തനല്ല. എതിരാളികളുടെ ബോക്സിലേക്ക് തുടർച്ചയായ ആക്രമണം നടത്താൻ ഇന്ത്യക്ക് കഴിയേണ്ടതുണ്ട്. അടുത്ത എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള യോഗ്യതാ റൗണ്ട് ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങളിലാണ് ഇന്ത്യൻ ടീം 2025-ൽ പങ്കെടുക്കുക. കൃത്യമായ ടീം ക്യാമ്പും പരിശീലനവുമെല്ലാം എഐഎഫ്എഫ് താരങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.