5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cricket Retirements 2024 : 90സ് കിഡ്സിൻ്റെ ക്രിക്കറ്റ് ഓർമ്മകൾ അവസാനത്തിലേക്ക്; ഇക്കൊല്ലം കളി മതിയാക്കിയത് 11 താരങ്ങൾ

Year Ender 2024 Major Cricket Retirements : ഇക്കൊല്ലം ക്രിക്കറ്റ് കളിയിൽ നിന്ന് വിരമിച്ചത് ഒരുപാട് താരങ്ങളാണ്. 11ലധികം താരങ്ങൾ കളി മതിയാക്കി. ഈ പട്ടികയിലെ പ്രധാന താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.

Cricket Retirements 2024 : 90സ് കിഡ്സിൻ്റെ ക്രിക്കറ്റ് ഓർമ്മകൾ അവസാനത്തിലേക്ക്; ഇക്കൊല്ലം കളി മതിയാക്കിയത് 11 താരങ്ങൾ
ക്രിക്കറ്റ് വിടവാങ്ങലുകൾ
abdul-basith
Abdul Basith | Updated On: 19 Dec 2024 11:43 AM

90കളിൽ ജനിച്ച് ക്രിക്കറ്റ് ആരാധിച്ചുതുടങ്ങിയ 90സ് കിഡ്സിൻ്റെ ഓർമ്മകൾ ഓരോന്നായി അവസാനിക്കുകയാണ്. ആർ അശ്വിൻ (R Ashwin) കൂടി മതിയാക്കിയതോടെ 90സ് കിഡ്സിൻ്റെ ബാല്യവും കൗമാരവും സമ്പന്നമാക്കിയ മറ്റൊരു താരം കൂടിയാണ് കരിയറിന് വിരാമമിടുന്നത്. ഇക്കൊല്ലം മാത്രം 11ഓളം താരങ്ങൾ കളി മതിയാക്കി. ജെയിംസ് ആൻഡേഴ്സൺ മുതൽ ആർ അശ്വിൻ വരെ ഒരുകാലത്ത് ക്രിക്കറ്റോർമ്മകളുടെ കടിഞ്ഞാൺ പിടിച്ച ഒരുപറ്റം താരങ്ങളൊക്കെ പാഡഴിച്ചു. ഈ പട്ടികയൊന്ന് പരിശോധിക്കാം.

നീൽ വാഗ്നർ
ന്യൂസീലൻഡ് ഉത്പാദിപ്പിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു നീൽ വാഗ്നർ. ഈ വർഷം ഫെബ്രുവരി 27നാണ് വാഗ്നർ കളി മതിയാക്കിയത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് കിരീടം നേടിയ ന്യൂസീലൻഡിനായി അവിസ്മരണീയ പ്രകടനമാണ് താരം നടത്തിയത്. 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വാഗ്നർ 260 വിക്കറ്റ് നേടിയിട്ടുണ്ട്.

ജെയിംസ് ആൻഡേഴ്സൺ
ഇംഗ്ലണ്ട് ക്രിക്കറ്റർ ജെയിംസ് ആൻഡേഴ്സൺ കളി മതിയാക്കിയത് ഈ വർഷമാണ്. വിക്കറ്റെണ്ണം പരിഗണിക്കുമ്പോൾ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മഹാനായ ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്സൺ. 188 മത്സരങ്ങളിൽ നിന്ന് 704 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ ജൂലായ് 12നാണ് കളി മതിയാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരെ ലോർഡ്സിനായിരുന്നു അവസാന മത്സരം. മത്സരത്തിൽ താരം നാല് വിക്കറ്റും സ്വന്തമാക്കി.

ഡേവിഡ് വാർണർ
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്നു ഡേവിഡ് വാർണർ. ഓസ്ട്രേലിയൻ ടീമിൻ്റെ പ്രകടനങ്ങളിൽ ഏറെ നിർണായകമായ പ്രകടനങ്ങൾ നടത്തിയിട്ടുള്ള വാർണർ ഈ വർഷം ജനുവരി ആറിനാണ് ടെസ്റ്റ്, ഏകദിന കളി മതിയാക്കിയത്. പാകിസ്താനെതിരെ സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ അവസാനമായി ദേശീയ ടീം ജഴ്സിയണിഞ്ഞ വാർണർ മത്സരത്തിൽ ഒരു ഫിഫ്റ്റിയടിച്ചിരുന്നു. ഇക്കൊല്ലം ജൂണിൽ നടന്ന ടി20 ലോകകപ്പോടെ വാർണർ ടി20യിൽ നിന്നും വിരമിച്ചു. 112 ടെസ്റ്റിൽ നിന്ന് 8786 റൺസും 161 ഏകദിനത്തിൽ നിന്ന് 6932 റൺസും 110 ടി20യിൽ നിന്ന് 3277 റൺസുമാണ് വാർണറിൻ്റെ സമ്പാദ്യം.

വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ
ഇന്ത്യയുടെ മുതിർന്ന മൂന്ന് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവർ ഇക്കൊല്ലം ടി20 ക്രിക്കറ്റ് മതിയാക്കി. ടി20 ലോകകപ്പിൽ ജേതാക്കളായതിന് ശേഷമാണ് ഇവർ കുട്ടി ക്രിക്കറ്റിൽ നിന്ന് കളി മതിയാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിനായി വർഷങ്ങളോളം മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങളാണ് ഇവർ. 159 ടി20 മത്സരങ്ങൾ കളിച്ച രോഹിത് 4231 റൺസ് നേടിയപ്പോൾ 125 മത്സരങ്ങൾ കളിച്ച കോലി 4188 റൺസ് നേടി. 74 ടി20കളിൽ നിന്ന് 515 റൺസും 54 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം.

Also Read : R Ashwin Retirement: താങ്ക്യൂ അശ്വിൻ! ​ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ

ടിം സൗത്തി
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ. ഈ മാസം 17ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തോടെയാണ് സൗത്തി വിരമിക്കൽ പ്രഖ്യാപിച്ചത്. 107 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 391 വിക്കറ്റ് നേടിയ സൗത്തി ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാമതാണ്. 161 ഏകദിനങ്ങളിൽ നിന്ന് 221 വിക്കറ്റും 125 ടി20കളിൽ നിന്ന് 164 വിക്കറ്റും സൗത്തിയ്ക്കുണ്ട്. വാലറ്റത്ത് കൂറ്റൻ ഷോട്ടുകൾ കൂടി കളിക്കാൻ കഴിയുന്ന താരമാണ് സൗത്തി.

ദിനേശ് കാർത്തിക്
ഇക്കൊല്ലം ജൂൺ ഒന്നിനാണ് ദിനേശ് കാർത്തിക് വിരമിച്ചത്. ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഐപിഎലിൽ നിന്നടക്കം കളി മതിയാക്കിയിരുന്നു. എംഎസ് ധോണിയുടെ സമകാലികനായിരുന്നതിനാൽ ഇന്ത്യൻ ടീമിൽ തുടരെ കളിക്കാൻ അവസരം ലഭിക്കാതിരുന്ന താരം കിട്ടിയ അവസരങ്ങളിലൊക്കെ തിളങ്ങി. ദേശീയ ജഴ്സിയിൽ 26 ടെസ്റ്റും 94 ഏകദിനവും 60 ടി20യും താരം കളിച്ചിട്ടുണ്ട്, യഥാക്രമം 1025, 1752, 686 എന്നിങ്ങനെയാണ് നേടിയ റൺസ്.

ശിഖർ ധവാൻ
ഐസിസി ടൂർണമെൻ്റുകളിൽ തുടരെ മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്ന താരമാണ് ശിഖർ ധവാൻ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഏറെക്കാലം കളിച്ച ധവാൻ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ്. ഓഗസ്റ്റ് 24നാണ് ധവാൻ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്. ഇന്ത്യക്കായി 34 ടെസ്റ്റും 167 ഏകദിനവും 68 ടി20യും കളിച്ച ധവാൻ യഥാക്രമം 2315, 6793, 1759 റൺസാണ് നേടിയിരിക്കുന്നത്.

മൊയീൻ അലി
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഈ വർഷം സെപ്തംബർ എട്ടിനാണ് കളി മതിയാക്കിയത്. ഈ വർഷം നടന്ന ടി20 ലോകകപ്പിലാണ് താരം അവസാനമായി ഇംഗ്ലണ്ട് ജഴ്സിയിൽ കളിച്ചത്. ഏറെക്കാലം ഇംഗ്ലണ്ടിൻ്റെ മധ്യനിരയിൽ നിറഞ്ഞുനിന്ന മൊയീൻ അലി ദേശീയ ജഴ്സിയിൽ മൂന്ന് ഫോർമാറ്റുകളിലും കളിച്ചിട്ടുണ്ട്. 68 ടെസ്റ്റിൽ നിന്ന് 3094 റൺസും 138 ഏകദിനത്തിൽ നിന്ന് 2355 റൺസും 92 ടി20യിൽ നിന്ന് 1229 റൺസും മൊയീൻ നേടിയിട്ടുണ്ട്. യഥാക്രമം 204, 111, 51 വിക്കറ്റും യഥാക്രമം താരം നേടി.

ഷാക്കിബ് അൽ ഹസൻ
ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാണ് ഷാക്കിബ് അൽ ഹസൻ. ടി20 ലോകകപ്പോടെ ടി20യിൽ നിന്ന് വിരമിച്ച താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്നും വിരമിക്കും. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ താരത്തിന് തിരികെ നാട്ടിൽ പ്രവേശിക്കാൻ കഴിയില്ല. ബംഗ്ലാദേശിനായി 129 ടി20കൾ കളിച്ച താരം 2551 റൺസും 149 വിക്കറ്റും നേടി.

ആർ അശ്വിൻ
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ആർ അശ്വിൻ. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ സ്പിൻ ഡിപ്പാർട്ട്മെൻ്റിനെ ഏറെക്കാലം നയിച്ച അശ്വിൻ ദേശീയ ജഴ്സിയിൽ106 ടെസ്റ്റും 116 ഏകദിനവും 65 ടി20യും കളിച്ചു. ടെസ്റ്റിൽ അശ്വിന് ആറ് സെഞ്ചുറിയുണ്ട്. 537, 156, 72 എന്നിങ്ങനെയാണ് മൂന്ന് ഫോർമാറ്റുകളിൽ യഥാക്രമം അശ്വിൻ നേടിയ വിക്കറ്റുകൾ.