World Test Championship: വീണ്ടും തലകീഴായി മറിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക! ഇന്ത്യ വീണ്ടും പുറകിൽ
India's Position In World Test Championship Point Table: ഇന്ത്യക്കെതിരായ പരമ്പര സമനിലയിലാകുകയും ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ജയിക്കുകയും ചെയ്താൽ ഓസ്ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കളിക്കാം.
2025 ജൂണിൽ ലോർഡ്സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കലാശപ്പോരിൽ ആര് മാറ്റുരയ്ക്കും എന്നത് ഒരു സസ്പെൻസായി തുടരുകയാണ്. ഓസ്ട്രേലിയയോട് പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിന് ഇന്ത്യ തോൽക്കുകയും, ദക്ഷിണാഫ്രിക്ക തിങ്കളാഴ്ച ശ്രീലങ്കയെ 109 റൺസിന് തോൽപ്പിക്കുകയും ചെയ്തതോടെയാണ് ഏത് ടീമുകൾ നേർക്കുനേർ വരുമെന്നത് ആരാധകരെ ആകാംക്ഷയിൽ ആക്കിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരിക്കുന്ന ഓസ്ട്രേലിയയെ മറികടന്ന് ശ്രീലങ്കക്കെതിരായ ജയത്തോടെ
ദക്ഷിണാഫ്രിക്ക തലപ്പത്തെത്തി. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണ് അഞ്ച് ടെസ്റ്റ് പരമ്പരകളടങ്ങിയ ബോർഡൽ ഗവാസ്‌കർ ട്രോഫി. ഓസ്ട്രേലിയയ്ക്ക് 2025 ജനുവരിയിൽ ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയാണിത്. പാകിസ്താന് വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയാണ്. അതുകൊണ്ട് തന്നെ ഗാബാ ടെസ്റ്റ് ഉൾപ്പെടെയുള്ള ഓസ്ട്രേലിയക്കെതിരേ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളും ജയിച്ച് പരമാവധി പോയിന്റുകൾ സ്വന്തമാക്കിയാൽ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിൽ പ്രവേശിക്കാനാവൂ.
ഒക്ടോബറിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് വരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു ഇന്ത്യ. കിവീസിനോട് ഇന്ത്യ 3-0 ത്തിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെയാണ് കാര്യങ്ങൾ തലകീഴായി മറിഞ്ഞത്. പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ആധികാരിയ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ വീണ്ടും പോയിന്റ് ടേബിളിൽ മുന്നോട്ട് കുതിച്ചു. എന്നാൽ പിങ്ക് ബോൾ ടെസ്റ്റിൽ തോറ്റതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു.
മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനൽ കളിക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിക്കണം. എന്നാൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പരമ്പര ജയിക്കുക എന്നത് അത്ര എളുപ്പമല്ല. ബാറ്റർമാർക്ക് ഫോം കണ്ടെത്താൻ സാധിക്കാത്തതും പേസർമാർ നിറം മങ്ങിയതുമാണ് അഡ്ലെയ്ഡിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം. ഇന്ത്യൻ ടീമിൽ ഓസ്ട്രേലിയക്കെതിരായ നാല് ഇന്നിംഗ്സുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഓരേയൊരു താരം നീതിഷ് റെഡ്ഡിയാണ്. 2025 ജൂൺ 11 മുതൽ ലണ്ടനിലെ ലോർഡ്സിൽ വച്ചാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
ഇന്ത്യക്കെതിരായ പരമ്പര സമനിലയിലാകുകയും ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ജയിക്കുകയും ചെയ്താൽ ഓസ്ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കളിക്കാം. പാകിസ്താനെതിരെയുള്ള രണ്ട് ടെസ്റ്റുകളിലും ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും ഫൈനലിലെത്താം.
ഡിസംബർ 6-ന് ഗാബയിൽ വച്ചാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ്. അഡ്ലെയ്ഡിലെ തോൽവി ഇന്ത്യയുടെ ആത്മവിശ്വാസം കുറക്കാനും സാധ്യതയുണ്ട്. ബാറ്റർമാരും ബൗളർമാരും താളം കണ്ടെത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ടെസ്റ്റുകളിലും ഇന്ത്യ തോൽവിയുടെ രുചിയറിയും. വിരാട് കോലി, രോഹിത് ശർമ്മ തുടങ്ങിയവരുടെ ഫോമും ഇന്ത്യയെ അലട്ടുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾ ജയിക്കാൻ ഇവർ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ഇരുവരുടെയും പ്രകടനം ഇന്ത്യൻ ടീമിനും ശക്തിപകരും.