WTC Final: ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടിയില്ല; ലോർഡ്സ് ഗ്രൗണ്ടിൻ്റെ നഷ്ടം 45 കോടി രൂപ
WTC Final 2025 Lords: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യോഗ്യത നേടാത്തതിൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് നഷ്ടം 45 കോടി രൂപ. ഈ വർഷം ജൂൺ 11 മുതൽ 15 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിലാണ് ഫൈനൽ മത്സരം.

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യ യോഗ്യത നേടാത്തതിൽ നഷ്ടം ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്. നാല് മില്ല്യൺ പൗണ്ട് (ഏകദേശം 45 കോടി രൂപ) ആണ് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ നഷ്ടം. ഇക്കാര്യം ഗ്രൗണ്ട് അധികൃതർ തന്നെ അറിയിച്ചു. ജൂൺ 11 മുതൽ 15 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുക. ടൈംസ് ആണ് വാർത്ത പുറത്തുവിട്ടത്. ഇക്കൊല്ലത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
മുൻപ് നടന്ന രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെയും ഫൈനലിലെത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇത്തവണ ഇന്ത്യക്ക് അതിന് സാധിച്ചില്ല. ഇത് ലോർഡ്സ് ഗ്രൗണ്ടിനും ലോർഡ്സിൻ്റെ ഉടമകളായ മെരിൽബോൺ ക്രിക്കറ്റ് ക്ലബിനും വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കുക. ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ച് ടിക്കറ്റിന് ഉയർന്ന വിലയാണ് നേരത്തെ എംസിസി തീരുമാനിച്ചിരുന്നത്. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ എത്ര ഉയർന്ന തുകയാണെങ്കിലും ടിക്കറ്റ് വിറ്റുപോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായതോടെ എംസിസിയ്ക്ക് ടിക്കറ്റ് വില കുറയ്ക്കേണ്ടിവന്നു. ടിക്കറ്റിന് ഉയർന്ന തുകയാണെങ്കിൽ സ്റ്റേഡിയത്തിൽ ആള് കുറയുമെന്നാണ് എംസിസിയുടെ കണക്കുകൂട്ടൽ.
നിലവിൽ 40 മുതൽ 90 പൗണ്ട് വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ടിക്കറ്റിനായി നൽകേണ്ടത്. ഇന്ത്യ യോഗ്യത നേടുമെന്ന് കരുതിയിരുന്ന സമയത്തെ വിലയെക്കാൾ 50 പൗണ്ട് കുറവാണ് ഈ വില. നേരത്തെ 90 പൗണ്ടായിരുന്നു ഏറ്റവും വില കുറഞ്ഞ ടിക്കറ്റിന് നൽകേണ്ടിയിരുന്നത്. വില കുറയ്ക്കുന്നതിന് മുൻപ് ടിക്കറ്റ് വാങ്ങിയവർക്ക് 50 പൗണ്ട് മടക്കിനൽകിയിട്ടുണ്ട്.
2021, 2023 വർഷങ്ങളിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും രണ്ടിലും ഇന്ത്യ തോറ്റു. ആദ്യ തവണ ന്യൂസീലൻഡിനോട് സൗത്താംപ്ടണിലെ റോസ്ബൗളിലും രണ്ടാം തവണ ലണ്ടനിലെ ഓവലിൽ ഓസ്ട്രേലിയയോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കാനുള്ള അവസരമുണ്ടായിരുന്നു. ആദ്യ ഘട്ടങ്ങളിൽ പോയിൻ്റ് പട്ടികയിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിലായിരുന്നു ഇന്ത്യ. എന്നാൽ, നാട്ടിൽ ന്യൂസീലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതോടെ ഇന്ത്യ ഏറെക്കുറെ പുറത്തായി. പിന്നീട് ഓസ്ട്രേലിയയിൽ പോയി ബോർഡർ – ഗവാസ്കർ ട്രോഫി കൂടി അടിയറവച്ചതോടെ ഇന്ത്യയുടെ പുറത്താവൽ ഉറപ്പാവുകയായിരുന്നു.