5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WT20 World Cup : അടിപതറിയ ബൗളിംഗ്; മോശം ഫീൽഡിംഗ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി

India Lost Against New Zealand : വനിതാ ടി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 58 റൺസ് പരാജയം. മോശം ബൗളിംഗും ഫീൽഡിംഗും തിരിച്ചടിയായ മത്സരത്തിൽ ദയനീയ പരാജയമാണ് ഇന്ത്യ വഴങ്ങിയത്.

WT20 World Cup : അടിപതറിയ ബൗളിംഗ്; മോശം ഫീൽഡിംഗ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി
ഇന്ത്യ, ന്യൂസീലൻഡ് (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 04 Oct 2024 22:57 PM

വനിതാ ടി20 ലോകകപ്പിൻ്റെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. 58 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 161 റൺസ് വിജയലക്ഷ്യം പിന്തുടന്നിറങ്ങിയ ഇന്ത്യ 19 ഓവറിൽ 102 റൺസെടുക്കുന്നതിനിടെ ഓളൗട്ടായി. മോശം ബൗളിംഗും ഫീൽഡിംഗുമാണ് ഇന്ത്യയുടെ പരാജയത്തിൻ്റെ പ്രധാന കാരണം. 36 പന്തിൽ 57 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ സോഫി ഡിവൈൻ ന്യൂസീലൻഡിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഓപ്പണർമാരായ സൂസി ബേറ്റ്സും ജോർജിയ പ്ലിമ്മറും ചേർന്ന് തകർപ്പൻ തുടക്കമാണ് ന്യൂസീലൻഡിന് നൽകിയത്. ഇന്ത്യൻ ബൗളർമാരുടെ മോശം ബൗളിംഗ് കൂടിയായപ്പോൾ സ്കോറ് ബോർഡിലേക്ക് റണ്ണൊഴുകി. ക്യാച്ചുകൾ നിലത്തിട്ടതും തടയാവുന്ന ബൗണ്ടറികൾ കൈവിട്ടതുമൊക്കെ ന്യൂസീലൻഡിനെ സഹായിച്ചു. ആദ്യ വിക്കറ്റിൽ 67 റൺസാണ് ഈ സഖ്യം സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. എട്ടാമത്തെ ഓവറിൽ സൂസി ബേറ്റ്സിനെ (24 പന്തിൽ 27) ശ്രേയങ്ക പാട്ടിലിൻ്റെ കൈകളിലെത്തിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ പ്ലിമ്മറിനെ (23 പന്തിൽ 34) സ്മൃതി മന്ദനയുടെ കൈകളിലെത്തിച്ച മലയാളി താരം ആശ ശോഭന കിവീസിൻ്റെ രണ്ടാം ഓപ്പണറെയും മടക്കി.

Also Read : WT20 World Cup 2024 : ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമിന് ശമ്പളം കിട്ടിയിട്ട് നാല് മാസം; പാകിസ്താൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷം

അമേലിയ കെറും സോഫി ഡിവൈനും ചേർന്ന മൂന്നാം വിക്കറ്റിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. സ്പിന്നർമാർ നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ സ്കോർ നില താഴ്ന്നു. സമ്മർദ്ദത്തിനൊടുവിൽ അമേലിയ കെർ പുറത്തായി. 22 പന്തിൽ 13 റൺസ് നേടിയ താരം രേണുക സിംഗിൻ്റെ പന്തിൽ പൂജ വസ്ട്രാക്കറിൻ്റെ കൈകളിൽ അവസാനിച്ചു. എന്നാൽ, മറുവശത്ത് സോഫി ഡിവൈൻ തകർപ്പൻ ഫോമിലായിരുന്നു. നാലാം നമ്പരിൽ ക്രീസിലെത്തിയ താരം ബ്രൂക് ഹാലിഡേയെ എതിർവശത്ത് നിർത്തി സ്കോറുയർത്തി. 12 പന്തിൽ 18 റൺസ് നേടിയ ഹാലിഡേ രേണുക സിംഗിൻ്റെ പന്തിൽ മന്ദനയുടെ കൈകളിൽ അവസാനിച്ചെങ്കിലും അർദ്ധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഡിവൈൻ ന്യൂസീലൻഡിനെ മികച്ച സ്കോറിലെത്തിച്ചു. 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസായിരുന്നു കിവീസിൻ്റെ സ്കോർ.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ന്യൂസീലൻഡിന് വെല്ലുവിളിയാവാൻ ഇന്ത്യക്ക് സാധിച്ചില്ല. ന്യൂസീലൻഡ് ബൗളർമാർ നന്നായി പന്തെറിഞ്ഞതിനപ്പുറം ബാറ്റർമാരുടെ അലക്ഷ്യമായ ബാറ്റിംഗ് ഇന്ത്യൻ സ്കോറിംഗിനെ ബാധിച്ചു. ഷഫാലി വർമ (4) വേഗം മടങ്ങിയപ്പോൾ സ്മൃതി മന്ദന (12), ഹർമൻപ്രീത് കൗർ (15), ജെമീന റോഡ്രിഗസ് (13), റിച്ച ഘോഷ് (12), ദീപ്തി ശർമ്മ (13) എന്നിവർ പിന്നാലെ പവലിയനിൽ മടങ്ങിയെത്തി. വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. ഇതോടെ ഇന്ത്യൻ പരാജയം പൂർണം. ന്യൂസീലൻഡിനായി ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ മാസം ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.