WT20 World Cup 2024 : ലക്ഷ്യം ആദ്യ കിരീടം; ഇന്ത്യ ഇന്ന് കിവീസിനെതിരെ; മത്സരം എവിടെ, എപ്പോൾ, എങ്ങനെ കാണാം
WT20 World Cup 2024 India vs New Zealand : ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം ഇന്ന്. ഇന്ന് രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്ന് നോക്കാം.
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് രാജ്യത്തെ കലാപത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ലോക കിരീടം നേടാൻ ഇതുവരെ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഓസ്ട്രേലിയയാണ് നിലവിലെ ടി20 ലോകകപ്പ് ജേതാക്കൾ.
ദുബായിലാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. സ്റ്റാർ ആണ് ടി20 ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക. ടെലിവിഷനിൽ സ്റ്റാർ സ്പോർട്സിലൂടെയും ഒടിടിയിൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയും വനിതാ ടി20 ലോകകപ്പ് ആസ്വദിക്കാം.
Also Read : Womens T20 World Cup : വനിതാ ലോകകപ്പ് ഇന്ന് തുടങ്ങുന്നു; ഇന്ത്യ നാളെ കളത്തിൽ
യുഎഇയിലെ രണ്ട് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ദുബായ്ക്കൊപ്പം ഷാർജയിലും മത്സരങ്ങളുണ്ട്. ഒക്ടോബർ 20 വരെയാണ് ടൂർണമെൻ്റ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസീലൻഡിനൊപ്പം പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളും ഗ്രൂപ്പ് എയിലുണ്ട്. ഒക്ടോബർ ഏഴിനാണ് ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മത്സരം. പാകിസ്താനാണ് രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഒക്ടോബർ 10 ശ്രീലങ്കക്കെതിരെ ഇറങ്ങുന്ന ഇന്ത്യ 14ന് ഓസ്ട്രേലിയക്കെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിക്കും. ഗ്രൂപ്പ് ബിയിൽ ആതിഥേയരായ ബംഗ്ലാദേശിനൊപ്പം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 15ന് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും. 17, 18 തീയതികളിൽ സെമിഫൈനൽ മത്സരങ്ങളും 20ന് ഫൈനലും നടക്കും.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയ്ക്കും അവസരം ലഭിച്ചു. രണ്ട് സന്നാഹമത്സരങ്ങളും കളിച്ച ആശ ശോഭന ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സജനയ്ക്ക് രണ്ട് മത്സരത്തിലും അവസരം ലഭിച്ചില്ല. ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 20 റൺസിന് തോല്പിച്ച ഇന്ത്യ രണ്ടാം സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിന് കീഴടക്കി. യുവതാരം ജെമീമ റോഡ്രിഗസ് രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി തിളങ്ങി.
2023 ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കായിരുന്നു കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ആറാം കിരീടം നേടിയ ഓസ്ട്രേലിയ തന്നെയാണ് ടി20 ലോകകപ്പിൽ ഏറ്റവുമധികം കിരീടം നേടിയിട്ടുള്ളത്. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസീസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിത ടീം : ഹർമപ്രീത് കൗർ, സ്മൃതി മന്ദന, ഷെഫാലി വർമ്മ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടിൽ, സജന സജീവൻ. ഉമാ ഛേത്രി, തനുജ കൻവെർ, സെയ്മ താക്കൂർ എന്നിവർ ട്രാവലിങ് റിസർവ് താരങ്ങളും രാഘവി ബിശ്റ്റ്, പ്രിയ മിശ്ര എന്നിവർ നോൺ ട്രാവലിങ് റിസർവ് താരങ്ങളാണ്.
ടി20 ലോകകപ്പ് സമ്മാനത്തുകയിൽ ഐസിസി തുല്യത വരുത്തിയതിന് ശേഷമുള്ള ആദ്യ ലോകകപ്പാണിത്. ഈ ലോകകപ്പ് മുതൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യമായ സമ്മാനത്തുകയാവും ലഭിക്കുക. 2023ലെ വനിതാ ടി20 ലോകകപ്പ് സമ്മാനത്തുകയിൽ നിന്ന് 225 ശതമാനം ഉയർന്ന തുകയാണ് ഇക്കുറി ജേതാക്കൾക്ക് ലഭിക്കുക. 2.34 മില്യൺ യുഎസ് ഡോളാറാണ് ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇന്ത്യൻ കറൻസിയിൽ ഏകദേശം 19.5 കോടി രൂപ വരും ഈ തുക. കഴിഞ്ഞ തവണ ജേതാക്കളായ ഓസ്ട്രേലിയൻ ടീമിന് നൽകിയത് എട്ട് കോടി രൂപയായിരുന്നു. ഇക്കുറി റണ്ണേഴ്സപ്പിന് ലഭിക്കുന്ന സമ്മാനത്തുകയും ഇരട്ടിയിലധികം വർധിച്ചു. 1.17 മില്യൺ ഡോളറാണ് (14 കോടി രൂപ) ഇത്തവണ രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക.