WPL 2025 : വിമൻസ് പ്രീമിയർ ലീഗിന് പ്രത്യേക വിൻഡോ; മൂന്നാം സീസൺ ഫെബ്രുവരി – മാർച്ച് മാസങ്ങളിലെന്ന് റിപ്പോർട്ട്
WPL 2025 to take Place in February and March : വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി നടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ആറിന് ആരംഭിച്ച് ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മാർച്ച് 9ഓടെ ലീഗ് അവസാനിക്കുമെന്നും ക്രിക്ക്ബസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വനിതാ പ്രീമിയർ ലീഗിന് പ്രത്യേക വിൻഡോ ആവുമെന്ന് റിപ്പോർട്ട്. പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസൺ ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഡബ്ല്യുപിഎൽ മാർച്ച് 9ന് അവസാനിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ടനുസരിച്ച് കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും ഫെബ്രുവരി – മാർച്ച് മാസങ്ങളിലാവും ടൂർണമെൻ്റ് നടക്കുക എന്ന് നേരത്തെ ഫ്രാഞ്ചൈസികളെ ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുപിഎൽ ആരംഭിക്കുക ഫെബ്രുവരി ആറിനാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വ്യാഴാഴ്ചയാണ് ഫെബ്രുവരി ആറ്.
കഴിഞ്ഞ രണ്ട് സീസണുകളിലേത് പോലെ ഇത്തവണയും 22 മത്സരങ്ങളാവും ആകെ ഉണ്ടാവുക. സീസൺ മൂന്ന് മുതൽ ഒരു പുതിയ ടീമിനെ അവതരിപ്പിക്കാൻ ബിസിസിഐ ആലോചിച്ചിരുന്നെങ്കിലും അത് തത്കാലം മാറ്റിവച്ചു. നിലവിലെ ജേതാക്കളെന്ന നിലയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ മത്സരത്തിലിറങ്ങും.
Also Read : INDW vs WIW : റെക്കോർഡ് ഫിഫ്റ്റിയുമായി റിച്ച ഘോഷ്; വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര ഇന്ത്യക്ക്
ലക്നൗ, അഹ്മദാബാദ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും വച്ചാവും മത്സരങ്ങൾ എന്നും ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. മുംബൈ ഇന്ത്യൻസിൻ്റെ ഹോം ഗ്രൗണ്ടായ മുംബൈയിൽ വച്ചോ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിൽ വച്ചോ ഇത്തവണ മത്സരങ്ങൾ നടക്കില്ലെന്ന് അതാത് ക്രിക്കറ്റ് അസോസിയേഷനുകൾ അറിയിച്ചു. അതിശൈത്യമായതിനാൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഹോം ഗ്രൗണ്ടായ ഡൽഹി പരിഗണിച്ചേക്കില്ല. യുപി വാരിയേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ ലക്നൗവും ഗുജറാത്ത് ജയൻ്റ്സിൻ്റെ ഹോം ഗ്രൗണ്ടായ അഹ്മദാബാദുമാണ് ബാക്കിയുള്ളത്. ഇതിൽ ഏതെങ്കിലും സ്റ്റേഡിയത്തിൽ വച്ചാവും മത്സരങ്ങൾ. ചില ഫ്രാഞ്ചൈസികൾ അഹ്മദാബാദിൽ വച്ച് മത്സരം നടത്തണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാലയളവിൽ സ്റ്റേഡിയം ലഭ്യമാവുമോ എന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ലക്നൗവിലാവും ഏറെക്കുറെ മത്സരങ്ങൾ നടക്കുക.
മാർച്ച് 14 വെള്ളിയാഴ്ചയാണ് ഐപിഎൽ ആരംഭിക്കുക. അതുകൊണ്ട് തന്നെ മാർച്ച് ഏഴ് മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഡബ്ല്യുപിഎൽ ഫൈനൽ മത്സരം നടക്കും.
ഈ മാസം 15ന് ബെംഗളൂരുവിൽ വച്ചാണ് വനിതാ പ്രീമിയർ ലീഗ് ലേലം നടന്നത്. മുംബൈ താരം സിമ്രാൻ ഷെയ്ഖിനാണ് ഏറ്റവുമധികം വില ലഭിച്ചത്. 1.9 കോടി രൂപയ്ക്കാണ് സിമ്രാൻ ഷെയ്ഖിനെ ഗുജറാത്ത് ജയൻ്റ്സ് ടീമിലെത്തിച്ചത്. വെസ്റ്റ് ഇൻഡീസിൻ്റെ വെടിക്കെട്ട് ഓൾറൗണ്ടർ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ടീമിലെത്തിച്ചു. ഇതോടെ ലേലത്തിലെ ഏറ്റവും വിലപിച്ച രണ്ട് താരങ്ങളും ഗുജറാത്ത് ജയൻ്റ്സിലായി. നിലവിൽ അണ്ടർ 19 ഏഷ്യാ കപ്പ് കളിക്കുന്ന തമിഴ്നാട് താരം ജി കമാലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. കമാലിനിയാണ് വിലപിടിച്ച താരങ്ങളിൽ മൂന്നാമത്.
ഇന്ത്യൻ അണ്ടർ 19 ഏഷ്യാ കപ്പ് കളിക്കുന്ന മലയാളിതാരം വി ജെ ജോഷിതയെ ആർസിബി സ്വന്തമാക്കി. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് വയനാട് സ്വദേശിയായ ജോഷിതയെ ആർസിബി സ്വന്തമാക്കിയത്. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ജോഷിത.