WPL 2025: വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം; എവിടെ, എങ്ങനെ മത്സരങ്ങൾ കാണാം?
WPL 2025 Starts Tomorrow : വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം. ഫെബ്രുവരി 14ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ജയൻ്റ്സും തമ്മിൽ വഡോദരയിലെ കോടംബി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാർച്ച് 15ന് ഫൈനൽ മത്സരം നടക്കും.

ആർസിബി
വനിതാ പ്രീമിയർ ലീഗിന് ഈ 14ന് തുടക്കം. ഗുജറാത്ത് ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. വഡോദരയിലെ കോടംബി സ്റ്റേഡിയത്തിൽ രാത്രി 7.30 ന് മത്സരം ആരംഭിക്കും. ആകെ അഞ്ച് ടീമുകളാണ് ഡബ്ല്യുപിഎലിൽ മത്സരിക്കുക. മാർച്ച് 15നാണ് ഫൈനൽ.
വനിതാ പ്രീമിയർ ലീഗ് വേദികൾ
കഴിഞ്ഞ വർഷങ്ങളിൽ ഒരു സ്ഥലത്ത് മാത്രമായിരുന്നു മത്സരം. എന്നാൽ, ഈ സീസണിൽ ഒന്നിലധികം വേദികളിലാണ് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഘട്ടങ്ങൾ മൂന്ന് വേദികളിലായും പ്ലേ ഓഫ് മത്സരങ്ങൾ മറ്റൊരു വേദിയിലും നടക്കും. വഡോദരയിലെ കോടംബി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ലക്നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ഫൈനൽ ഉൾപ്പെടെയുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ വേദി മുംബൈ ബ്രാബോൺ സ്റ്റേഡിയമാണ്.
മത്സരസമയം
ഒരു മത്സരമാണ് എല്ലാ ദിവസവും ഉള്ളത്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും നടക്കുക. ഫൈനലും ഗ്രൂപ്പ് ഘട്ടവും പ്ലേ ഓഫും ഉൾപ്പെടെയുള്ള മത്സരങ്ങൾ ഈ സമയത്താണ്.
Also Read: WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇനി വെറും നാല് ദിവസം; ടീമുകൾ, വേദികൾ, മത്സരക്രമം
മത്സരങ്ങൾ എവിടെ കാണാം?
സ്റ്റാർ ആണ് വനിതാ പ്രീമിയർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലിലൂടെയും ഒടിടി പ്രേക്ഷകർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങൾ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻ്റെ ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം.
വനിതാ പ്രീമിയർ ലീഗ്
2023ലാണ് വനിതാ പ്രീമിയർ ലീഗിൻ്റെ തുടക്കം. റൗണ്ട് റോബിൻ രീതിയിലാണ് ലീഗ് ഘട്ട മത്സരങ്ങൾ. ആകെ അഞ്ച് ടീമുകളാണ് ഡബ്ല്യുപിഎലിൽ ഉള്ളത്. ഹോം, എവേ രീതിയിൽ പരസ്പരം രണ്ട് തവണ ടീമുകൾ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫ് കളിക്കും. രണ്ട് സീസണുകളിലായി മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഇതുവരെ കിരീടം നേടിയത്. ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസാണ് ജേതാക്കളായത്. ഡൽഹി ക്യാപ്റ്റൽസിനെ വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്. രണ്ടാം സീസണിൽ വീണ്ടും ഡൽഹി ക്യാപ്റ്റൽസിനെ മറികടന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കിരീടനേട്ടം.