5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WPL Mumbai Indians Champions: ഹര്‍മന്‍പ്രീതിന്റെ ക്ലാസ്; സീവര്‍ ബ്രണ്ടിന്റെ മാസ്; ഡബ്ല്യുപിഎല്‍ കിരീടം വീണ്ടും മുംബൈ തൂക്കി

WPL 2025 Final Mumbai Indians claim second title: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പിച്ചു. കന്നിക്കിരീടം ലക്ഷ്യമിട്ട് ഫൈനലിലെത്തിയ ഡല്‍ഹിക്ക് കണ്ണീര്‍ മടക്കം. പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ മുംബൈയ്ക്ക് വീണ്ടും കിരീടം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കളിയിലെ താരം. ടൂര്‍ണമെന്റിലെ താരമായ നാറ്റ് സീവര്‍ ബ്രണ്ട്‌

WPL Mumbai Indians Champions: ഹര്‍മന്‍പ്രീതിന്റെ ക്ലാസ്; സീവര്‍ ബ്രണ്ടിന്റെ മാസ്; ഡബ്ല്യുപിഎല്‍ കിരീടം വീണ്ടും മുംബൈ തൂക്കി
മുംബൈ ഇന്ത്യന്‍സ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Mar 2025 06:03 AM

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ കലാശപ്പോരില്‍ എട്ട് റണ്‍സിന് തകര്‍ത്ത് ഡബ്ല്യുപിഎല്ലിലെ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. പ്രഥമ സീസണിലും (2023) മുംബൈയായിരുന്നു ജേതാക്കള്‍. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങില്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 141 എന്ന നിലയില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും, ഓള്‍ റൗണ്ടര്‍ നാറ്റ് സീവര്‍ ബ്രണ്ടിന്റെയും പ്രകടനമാണ് മുംബൈയ്ക്ക് കിരീടം സമ്മാനിച്ചത്.

തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. അഞ്ചോവര്‍ പിന്നിടും മുമ്പേ ഓപ്പണര്‍മാരെ നഷ്ടമായി. ഓപ്പണര്‍മാരായ യാസ്തിക ഭാട്ടിയ(14 പന്തില്‍ 8)യും, ഹെയ്‌ലി മാത്യു(10 പന്തില്‍ മൂന്ന്)സും പുറത്താകുമ്പോള്‍ വെറും 14 റണ്‍സ് മാത്രമാണ് മുംബൈയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മാരിസന്നെ കാപ്പിനായിരുന്നു രണ്ട് വിക്കറ്റും.

എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് മുംബൈയ്ക്ക് ആശ്വാസമായി. വിലപ്പെട്ട 89 റണ്‍സാണ് സീവര്‍ ബ്രണ്ടിന്റെയും, ഹര്‍മന്‍പ്രീതിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് മുംബൈയ്ക്ക് സമ്മാനിച്ചത്. 28 പന്തില്‍ 30 റണ്‍സെടുത്ത ബ്രണ്ടിനെ മലയാളിതാരം മിന്നു മണിയുടെ കൈകളില്‍ എത്തിച്ച് എന്‍. ചരണിയാണ് ആ കൂട്ടുക്കെട്ട് പൊളിച്ചത്.  അമേലിയ കെര്‍ (മൂന്ന് പന്തില്‍ രണ്ട്), മലയാളി താരം സജന സജീവന്‍ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെ തുടരെ തുടരെ പുറത്താക്കി ജെസ് ജൊനാന്‍സണ്‍ മുംബൈയെ സമ്മര്‍ദ്ദത്തിലാഴ്ത്തി.

വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും ഹര്‍മന്‍പ്രീത് നങ്കൂരമിട്ടത് മുംബൈയ്ക്ക് ആശ്വാസമായി. 44 പന്തില്‍ ഒമ്പത് ഫോറുകളുടെയും, രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 66 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് പുറത്തായത്. അന്നബെല്‍ സഥര്‍ലന്‍ഡിനായിരുന്നു വിക്കറ്റ്.

അവസാന ഓവറുകളില്‍ അമന്‍ജോത് കൗറും (പുറത്താകാതെ ഏഴ് പന്തില്‍ 14), കമാലിനി ഗുണാലനും (ഏഴ് പന്തില്‍ 10), സന്‍സ്‌കൃതി ഗുപ്തയും (പുറത്താകാതെ അഞ്ച് പന്തില്‍ എട്ട്) പുറത്തെടുത്ത ബാറ്റിങ് മികവ് മുംബൈ സ്‌കോര്‍ 150ന് അടുത്തെത്തിച്ചു. ഡല്‍ഹിക്കായി കാപ്പും, ജൊനാസനും, ചരണിയും രണ്ട് വിക്കറ്റ് വീതവും, സഥര്‍ലന്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

മുംബൈയെ പോലെ തന്നെ ഡല്‍ഹിയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മെഗ് ലാനിങിനെ (9 പന്തില്‍ 13) പുറത്താക്കി നാറ്റ് സീവര്‍ ബ്രണ്ട് വരാന്‍ പോകുന്ന അപകടത്തിന്റെ ആദ്യ സൂചന നല്‍കി. ഷബ്‌നിം ഇസ്മയിലിന്റേതായിരുന്നു അടുത്ത ഊഴം. 9 പന്തില്‍ നാല് റണ്‍സെടുത്ത ഷഫാലി വര്‍മയെ ഷബ്‌നിം എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.

Read Also : Sanju Samson: ആദ്യ കടമ്പ കടന്നു, ഐപിഎല്ലിന് മുമ്പ് നിര്‍ണായക അനുമതി കാത്ത് സഞ്ജു സാംസണ്‍; തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമോ?

പിന്നാലെ കാര്യമായി ഒന്നും ചെയ്യാനാകാതെ ജെസ് ജൊനാസനും (15 പന്തില്‍ 13) പുറത്തായി. ഇത്തവണ അമേലിയ കെറിനായിരുന്നു വിക്കറ്റ്. അന്നബെല്‍ സഥര്‍ലന്‍ഡും (അഞ്ച് പന്തില്‍ രണ്ട്) കൂടി നിരാശപ്പെടുത്തിയതോടെ ഡല്‍ഹി അപകടം മണുത്തു. എട്ടോവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 44 എന്ന പരിതാപകരമായ നിലയിലായിരുന്നു ഡല്‍ഹി.

മരിസന്നെ കാപ്പിന്റെ വെടിക്കെട്ട് ബാറ്റിങും (26 പന്തില്‍ 40), ജെമിമ റോഡ്രിഗസിന്റെ ചെറുത്തുനില്‍പുമാണ് (21 പന്തില്‍ 30) മത്സരത്തിന് അവസാന ഓവര്‍ വരെ ആവേശം സമ്മാനിച്ചത്. സീവര്‍ ബ്രണ്ട് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടത്. എന്നാല്‍ വിജയലക്ഷ്യം ഭേദിക്കാന്‍ ക്രീസിലുണ്ടായിരുന്ന നികി പ്രസാദിനും (പുറത്താകാതെ 23 പന്തില്‍ 25), എന്‍. ചരണിക്കും (നാല് പന്തില്‍ മൂന്ന്) സാധിച്ചില്ല.

മുംബൈയ്ക്കായി സീവര്‍ ബ്രണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. അമേലിയ കെര്‍ രണ്ട് വിക്കറ്റും, ഷബ്‌നിം ഇസ്മയില്‍, ഹെയ്‌ലി മാത്യൂസ്, സൈക ഇഷാഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. സീവര്‍ ബ്രണ്ടിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു.