WPL 2025 Auction : വനിതാ പ്രീമിയർ ലീഗ് മിനി ലേലം ഈ മാസം 15ന്; പട്ടികയിൽ രണ്ട് മലയാളി താരങ്ങൾ
WPL 2025 Auction Total 120 Players Shortlisted : വനിതാ പ്രീമിയർ ലീഗ് ലേലം ഈ മാസം 15ന് ബെംഗളൂരിവിൽ. വൈകുന്നേരം മൂന്ന് മണിയ്ക്കാണ് ലേലം ആരംഭിക്കുക. 29 വിദേശതാരങ്ങളടക്കം ആകെ 120 താരങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്.
വനിതാ പ്രീമിയർ ലീഗ് മിനി ലേലം ഈ മാസം 15 ന് ബെംഗളൂരുവിൽ വച്ച് നടക്കും. ആകെ 120 താരങ്ങളെയാണ് ലേലത്തിൻ്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ രണ്ട് പേർ മലയാളി താരങ്ങളാണ്. ആകെ 29 വിദേശതാരങ്ങളാണ് പട്ടികയിൽ ഉള്ളത്. നിലവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ഡബ്ല്യുപിഎൽ ജേതാക്കൾ.
91 ഇന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 9 പേർ മാത്രമാണ് രാജ്യാന്തര താരങ്ങൾ. ബാക്കി 82 പേരും അൺകാപ്പ്ഡ് താരങ്ങളാണ്. ആകെയുള്ള 29 വിദേശതാരങ്ങളിൽ 8 പേർ അൺകാപ്പ്ഡും 21 പേർ കാപ്പ്ഡ് താരങ്ങളുമാണ്. ഡൽഹി പ്രീമിയർ ലീഗിലൂടെ ശ്രദ്ധേയയായ 13കാരി പേസർ അൻഷു നാഗർ ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. ഓസ്ട്രേലിയയുടെ 34 വയസുകാരി ബാറ്റർ ലോറ ഹാരിസ് ലേലപ്പട്ടികയിലുള്ള ഏറ്റവും പ്രായം കൂടിയ താരമാണ്. ഇന്ത്യ അണ്ടർ 19 ടീമിൽ കളിച്ച നാജില സിഎംസിയും 18കാരി ജോഷിത വിജെയുമാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ.
🚨 News 🚨
TATA WPL 2025 Player Auction List Announced. Details 🔽#TATAWPL | #TATAWPLAuction https://t.co/RJnEzUr45r
— Women’s Premier League (WPL) (@wplt20) December 7, 2024
സിമ്രാൻ ബഹാദൂർ, പ്രിയ പുനിയ, അനുജ പാട്ടീൽ, വേദ കൃഷ്ണമൂർത്തി എന്നിവർ ഉൾപ്പെടെ പല പ്രമുഖരും ചുരുക്കപ്പട്ടികയിൽ ഇല്ല. കാതറിൻ ബ്രൈസ്, ലിയ തഹൂഹു, ഇസ്സി വോങ് തുടങ്ങി പല വിദേശതാരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സാറ ബ്രൈസ്, തീർത്ഥ സതീഷ്, സമൈര ധർണിധർക എന്നിവരാണ് അസൊസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളത്.
Also Read : IPL 2025 Auction : ‘ഋഷഭ് പന്തിൻ്റെ പ്രശ്നം പണം തന്നെയായിരുന്നു’; ടീം ഉടമയെ തള്ളി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ
ഈ മാസം 15ന് നടക്കുന്ന ലേലം വൈകുന്നേരം മൂന്ന് മണിയ്ക്കാണ് ആരംഭിക്കുക. സ്പോർട്സ് 18ലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാവും.
ഇതുവരെ ഡബ്ല്യുപിഎലിൻ്റെ രണ്ട് സീസണാണ് നടന്നിട്ടുള്ളത്. ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസായിരുന്നു ജേതാക്കൾ. മുംബൈ, ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികളെ കൂടാതെ ഡൽഹി ക്യാപിറ്റൽസിന് മാത്രമാണ് ഐപിഎലിൽ നിന്ന് ഡബ്ല്യുപിഎലിൽ ടീമുള്ളത്. യുപി വാരിയേഴ്സ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ രണ്ട് ടീമുകൾ കൂടി ഡബ്ല്യുപിഎലിൽ ഉണ്ട്. രണ്ട് സീസണിലും ഡൽഹി ക്യാപിറ്റൽസ് ഫൈനലിലെത്തിയിരുന്നു. രണ്ട് സീസണിലും ഗുജറാത്ത് ജയൻ്റ്സായിരുന്നു പോയിൻ്റ് പട്ടികയിൽ അവസാനം.
ഐപിഎൽ ലേലം നവംബർ 24, 25 തീയതികളിലാണ് നടന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലുള്ള അബാദി അൽ-ജോഹർ അരീനയിലായിരുന്നു മെഗാ ലേലം. ലേലത്തിൽ 27 കോടി രൂപ ലഭിച്ച ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലേറ്റവും വിലപിടിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ലക്നൗ സൂപ്പർ ജയൻ്റ്സാണ് റെക്കോർഡ് തുക നൽകി പന്തിനെ ടീമിലെത്തിച്ചത്. 26.75 രൂപ നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യരെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് പട്ടികയിൽ രണ്ടാമതായി. കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപ മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാര്‍ക്ക് ഇതുവരെയുള്ളതിൽ ഏറ്റവും വിലപിടിച്ച താരം. എന്നാൽ നിലവിൽ സ്റ്റാർക്ക് പട്ടികയിൽ മൂന്നാമതാണ്. പട്ടികയില്‍ നാലാമതുള്ളത് കൊൽക്കത്തയുടെ തന്നെ വെങ്കടേഷ് അയ്യരാണ്. 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ തിരികെ എത്തിച്ചത്.