World Test Championship Final : ഗാബയിലെ സമനില പ്രശ്‌നമായോ ? ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകള്‍ ഇനി എങ്ങനെ ?
World Test Championship Final India Chances : ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2-2ന് അവസാനിക്കുകയാണൈങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും ശ്രീലങ്ക ജയിച്ചാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം
കീവിസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറഞ്ഞപ്പോള്‍, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളത്രയും. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച് തുടക്കം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ അഡ്‌ലെയ്ഡില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. ഇപ്പോള്‍ ഗാബയില്‍ സമനിലകുരുക്കും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിനുള്ള ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എങ്കിലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്‌ക്കൊപ്പം മത്സരിക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിക്കാനായാല്‍, മറ്റ് മത്സരഫലങ്ങള്‍ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകും.
പരമ്പര ഇന്ത്യ 2-1ന് നേടുകയാണെങ്കില്‍ ഓസ്‌ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മത്സരഫലങ്ങള്‍ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 2-1ന് ജയിക്കുകയും, ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ന് ജയിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം. അല്ലെങ്കില്‍ ഓസ്‌ട്രേലിയ-ശ്രീലങ്ക പരമ്പര 1-1ന് അവസാനിച്ചാലും മതി. രണ്ട് മത്സരങ്ങളടങ്ങിയതാണ് ഓസ്‌ട്രേലിയ-ശ്രീലങ്ക പരമ്പര.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2-2ന് അവസാനിക്കുകയാണൈങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും ശ്രീലങ്ക ജയിച്ചാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2-2ന് അവസാനിക്കുകയും, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഓസ്‌ട്രേലിയ 2-0ന് വിജയിക്കുകയും ചെയ്താലും ഇന്ത്യയുടെ സാധ്യതകള്‍ അവസാനിക്കുന്നില്ല. പക്ഷേ, ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ മത്സരഫലം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന്‍ 2-0ന് തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ഉറപ്പാക്കാം.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യതാ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. 55.68 ആണ് പോയിന്റ്. 63.33 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. 58.89 പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാമതുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത ദക്ഷിണാഫ്രിക്കയ്ക്ക് ഏറെക്കുറെ നിസാരമാണ്. പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു വിജയം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമുള്ളത്.
ഗാബയില്‍ സംഭവിച്ചത്
മഴ പലതവണയാണ് ഗാബ ടെസ്റ്റില്‍ മത്സരം തടസപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 445 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യ 260 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. തുടര്‍ന്ന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്തു. പിന്നീട് പ്രതികൂല കാലാവസ്ഥ മൂലം മത്സരം നടന്നില്ല. മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. നാലാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലും, അഞ്ചാമത്തേത് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലും നടക്കും.