5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jannik Sinner: വിവാദ കുരുക്കില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറും; കാരണമിത്

Jannik Sinner Dope Test Controversy : മാര്‍ച്ച് 10-ന് നടന്ന ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സില്‍ നിരോധിത സ്റ്റിറോയിഡായ ക്ലോസ്റ്റെബോള്‍ മെറ്റാബോലൈറ്റ് താരം ഉപയോഗിച്ചതായി കണ്ടെത്തി

Jannik Sinner: വിവാദ കുരുക്കില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറും; കാരണമിത്
JanniK Sinner (Image Courtesy : PTI)
athira-ajithkumar
Athira CA | Updated On: 21 Aug 2024 15:16 PM

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ (Jannik Sinner) വിവാദ കുരുക്കില്‍. മാര്‍ച്ചില്‍ നടത്തിയ രണ്ട് പരിശോധനയിലും താരം നിരോധിത സ്റ്റിറോയ്ഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനും ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയും(ഐടിഐഎ) തയ്യാറായില്ലെന്നാണ് ആരോപണം. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ കിരീടം നേടിയതിന് പിന്നാലെയാണ് താരം ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയത്.

മാര്‍ച്ച് 10-ന് നടന്ന ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സില്‍ നിരോധിത സ്റ്റിറോയിഡായ ക്ലോസ്റ്റെബോള്‍ മെറ്റാബോലൈറ്റ് താരം ഉപയോഗിച്ചതായി കണ്ടെത്തി. ഏട്ട് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിലും താരത്തിൻ്റെ ശരീരത്തില്‍ നിരോധിത സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തി. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നിരോധിച്ചിട്ടുള്ള സ്റ്റിറോയിഡാണ് ക്ലോസ്റ്റെബോള്‍ മെറ്റാബോലൈറ്റ്.

ALSO READ : Yann Sommer : ഫിഫ ടൂർണമെൻ്റുകളിൽ അമാനുഷികനാവുന്ന പോരാളി; സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ വിരമിച്ചു

താരം മനപൂര്‍വ്വം ഉത്തേജക മരുന്ന് ഉപയോഗിച്ചതല്ലെന്ന് ഐടിഐഎ പ്രസ്താവനയിലൂടെ അറിയിച്ചു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ശരീരത്തിലുണ്ടായ മുറിവ് ചികിത്സിക്കുന്നതിൻ്റെ ഭാഗമായി ക്ലോസ്റ്റെബോള്‍ അടങ്ങിയ ഓവര്‍ ദി കൗണ്ടര്‍ സ്‌പ്രേ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഗ്ലൗസ് ഉപയോഗിക്കാതെ സ്‌പ്പോര്‍ട്ടിംഗ് സ്റ്റാഫ് മസാജും സ്‌പോര്‍ട്‌സ് തെറാപ്പിയും ചെയ്ത് നല്‍കി. ഇതുകൊണ്ടാണ് ശരീരത്തില്‍ നിരോധിത സ്റ്റിറോയിഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. താരത്തെ ഭാവി മത്സരങ്ങളില്‍ നിന്ന് വിലക്കുന്നതിന് പകരം ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ പങ്കെടുത്തതിൻ്റെ റാങ്കിംഗ് പോയിൻ്റും മാച്ച് ഫീയും ടെന്നീസ് ഫെഡറേഷന്‍ തടഞ്ഞു.

ഐടിഐഎയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ താന്‍ തുടര്‍ന്നും താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സിന്നര്‍ എക്‌സിലൂടെ അറിയിച്ചു. വിവാദം പുറം ലോകം അറിഞ്ഞതോടെ സിന്നറിനെതിരെയും ഫെഡറേഷനെതിരെയും നിരവധി താരങ്ങള്‍ രംഗത്ത് വന്നു. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ചതിന് വിലക്ക് നേരിട്ട താരങ്ങള്‍ ഇപ്പോള്‍ എന്ത് ചിന്തിക്കുന്നുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് എക്സില്‍ കുറിച്ചു. പല താരങ്ങള്‍ക്ക് പല നിയമങ്ങളെന്ന് കനേഡിയന്‍ താരം ഡെനിസ് ഷപോവലോവ് കുറ്റപ്പെടുത്തി.

ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയത് മനപൂര്‍വ്വമല്ലെന്ന താരത്തിന്റെ വിശദീകരണം തൃപ്തികരമായിരുന്നെന്ന് ഐടിഐഎ സിഇഒ കാരെന്‍ മൂര്‍ഹൌസ് പറഞ്ഞു. സിന്നറെയും ഐടിഐഎ അന്വേഷണത്തെയും പിന്തുണച്ചു കൊണ്ട് പ്രൊഫഷണല്‍ ടെന്നീസ് ഗവേണിംഗ് ബോഡിയായ എടിപിയും രംഗത്തെത്തി.