World Cup Qualifiers : മൂന്നടിയിൽ ചിലി വീണു; ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുതിപ്പ് തുടർന്ന് അർജൻ്റീന
World Cup Qualifiers Argentina Won : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചിലിയെ തകർത്ത് അർജൻ്റീന. ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ അലക്സിസ് മക് അലിസ്റ്റർ, ഹൂലിയൻ ആൽവരസ്, പൗളോ ഡിബാല എന്നിവരാണ് ഗോൾ സ്കോറർമാർ.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അനായാസ ജയവുമായി അർജൻ്റീന. എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തോല്പിച്ച അർജൻ്റീന പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം പകുതിയിലാണ് നിലവിലെ ലോക ചാമ്പ്യന്മാർ മൂന്ന് ഗോളും നേടിയത്. അലക്സിസ് മക് അലിസ്റ്റർ, ഹൂലിയൻ അൽവാരസ്, പൗളോ ഡിബാല എന്നിവരാണ് ഗോൾ സ്കോറർമാർ.
പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജൻ്റീന ഇറങ്ങിയത്. തുടക്കം മുതൽ കളിയുടെ നിയന്ത്രണം കയ്യിലെടുത്ത അർജൻ്റീന ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കാൻ ചിലിയ്ക്ക് സാധിച്ചു. 48ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. മക് അലിസ്റ്ററാണ് അർജൻ്റീനയുടെ ആദ്യ ഗോൾ നേടിയത്. 84ആം മിനിട്ടിൽ ഹൂലിയൻ അൽവാരസിൻ്റെ ഒരു ലോങ് റേഞ്ചറിലൂടെ അർജൻ്റീന ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിലായിരുന്നു മൂന്നാം ഗോൾ. പൗളോ ഡിബാല നേടിയ ഈ ഗോളോടെ അർജൻ്റീന ജയം പൂർണമാക്കി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജൻ്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 മത്സരങ്ങളിൽ ആറും വിജയിച്ച ലോക ജേതാക്കൾക്ക് 18 പോയിൻ്റുണ്ട്. 7 മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ചിലി 9ആം സ്ഥാനത്താണ്.
അതേസമയം, 2003ന് ശേഷം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമില്ലാത്ത ബാലൻ ഡി ഓർ നാമനിർദ്ദേശ പട്ടിക പുറത്തിറങ്ങിയിരുന്നു. രണ്ട് പതിറ്റാണ്ട് യൂറോപ്യൻ ഫുട്ബോൾ അടക്കിഭരിച്ച താരങ്ങൾ ഈ 20 വർഷം കൊണ്ട് 13 ബാലൻ ഡി ഓർ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഇതിൽ എട്ടെണ്ണം മെസിയും അഞ്ചെണ്ണം റൊണാൾഡോയും നേടി.
30 അംഗ നാമനിർദ്ദേശ പട്ടികയിൽ റയൽ മാഡ്രിഡിൻ്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങം, റയലിൻ്റെ തന്നെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, മറ്റൊരു റയൽ താരമായ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലൻഡ്, സിറ്റിയുടെ തന്നെ സ്പാനിഷ് താരം റോഡ്രി തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്.
കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും വിജയിച്ച ടീമിൽ പെട്ടവരായിരുന്നു വിനീഷ്യസും ബെല്ലിങമും. റോഡ്രി സിറ്റിക്കൊപ്പം പ്രീമിയർ ലീഗും സ്പെയിനൊപ്പം ഒളിമ്പിക്സ് സ്വർണമെഡലും നേടി. ഹാലൻഡ് ലീഗ് ടോപ്പ് സ്കോറർ ആയിരുന്നു.
കഴിഞ്ഞ വർഷം എട്ടാം പുരസ്കാരം നേടിയ ലയണൽ മെസി നിലവിൽ പരിക്കിൽ നിന്ന് തിരിച്ചുവരികയാണ്. 37കാരനായ മെസി 2009 ലാണ് ആദ്യമായി പുരസ്കാരം നേടിയത്. പിന്നീട് തുടരെ നാല് വർഷം മെസിയായിരുന്നു പുരസ്കാര ജേതാവ്. 2006ലാണ് മെസി ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. 2004ൽ ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട റൊണാൾഡോ 2008ൽ ആദ്യ പുരസ്കാരം നേടി.
ബാലൻ ഡി ഓർ നാമനിർദ്ദേശപ്പട്ടിക:
ജൂഡ് ബെല്ലിങം
റൂബൻ ഡയസ്
ഫിൽ ഫോഡൻ
ഫെഡറിക്കോ വാൽവെർഡെ
എമിലിയാനോ മാർട്ടിനെസ്
എർലിങ് ഹാലൻഡ്
നിക്കോ വില്യംസ്
ഗ്രാനിറ്റ് ഷാക്ക
ആർടെം ഡോവ്ബിക്
ടോണി ക്രൂസ്
വിനീഷ്യസ് ജൂനിയർ
ഡാനി ഓൾമോ
ഫ്ലോറിയൻ വിർട്ട്സ്
മാർട്ടിൻ ഒഡെഗാർഡ്
മാറ്റ്സ് ഹമ്മൽസ്
റോഡ്രി
ഹാരി കെയ്ൻ
ഡെക്ലാൻ റൈസ്
വിറ്റിഞ്ഞ
കോൾ പാമർ
ഡാനി കാർവഹാൽ
ലമിൻ യമാൽ
ബുക്കയോ സാക
ഹകാൻ ചാഹാനോഗ്ലു
വില്യം സാലിബ
കിലിയൻ എംബാപ്പെ
ലൗടാരോ മാർട്ടിനെസ്
അഡെമോള ലുക്ക്മാൻ
ടോണി റുഡിഗർ
അലഹാൻഡ്രോ ഗ്രിമാൽഡോ