D Gukesh Prize Money: ഇത് കോടികൾ ഒഴുകുന്ന കളി; ലോക ചെസ് കിരീടം സ്വന്തമാക്കിയ ഗുകേഷിന് എത്ര തുക ലഭിക്കും?
World Chess Championship Winner Gukesh Prize Money: ഫിഡെ ചെസ് ക്യാൻഡിഡേറ്റ് ടൂർണമെന്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ലോക ചാമ്പ്യൻ പട്ടം എന്ന നേട്ടത്തിനോടൊപ്പം, ഒരു വലിയ സംഖ്യയും ഗുകേഷിന് സമ്മാനമായി ലഭിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ ഡി ഗുകേഷ്. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആണ് ഗുകേഷ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. എല്ലാവർക്കും അറിയാവുന്നത് പോലെ ചെസ് പണമൊഴുകുന്ന ഒരു കളിയാണ്. പരിശീലനത്തിന് വേണ്ടി ഒരുപാട് പണം ചെലവഴിക്കേണ്ടി വരുന്നത് പോലെ തന്നെ ഓരോ ചെസ് ടൂർണമെന്റുകളിൽ നിന്നും ലഭിക്കുന്ന സമ്മാന തുകയും വളരെ വലുതാണ്. പ്രാദേശിക മത്സരങ്ങളിൽ പോലും നല്ലൊരു തുക സമ്മാനമായി ലഭിക്കാറുണ്ട്. ഇന്ത്യയിൽ തന്നെ നടക്കുന്ന പല മത്സരങ്ങളിലും അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നു.
ഫിഡെ ചെസ് ക്യാൻഡിഡേറ്റ് ടൂർണമെന്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ലോക ചാമ്പ്യൻ പട്ടം എന്ന നേട്ടത്തിനോടൊപ്പം, ഒരു വലിയ സംഖ്യയും ഗുകേഷിന് സമ്മാനമായി ലഭിക്കും. മൊത്തം 25 ലക്ഷം ഡോളറാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയിക്ക് ലഭിക്കുക. ഓരോ ക്ലാസിക്കൽ ഗെയിം വിജയിക്കുമ്പോഴും രണ്ടു ലക്ഷം ഡോളർ വീതം ലഭിക്കും. അതായത് 1.69 കോടി ഇന്ത്യൻ രൂപ.
അങ്ങനെ മൂന്ന് ക്ലാസിക് ഗെയിമുകൾ വിജയിച്ച ഗുകേഷിന് ലഭിച്ചത് ആറ് ലക്ഷം ഡോളർ അഥവാ 5.07 കോടി രൂപയാണ്. രണ്ടു ഗെയിമുകൾ വിജയിച്ച ലിറന് നാല് ലക്ഷം ഡോളറും ലഭിച്ചു. ബാക്കിയുള്ള 15 ലക്ഷം ഡോളർ ഇവർക്ക് പകുത്ത് നൽകുകയാണ് ചെയ്തത്. ഇതുകൂടി ചേർത്താൽ ഗുകേഷിന് ആകെ ലഭിച്ചത് 13.5 ലക്ഷം ഡോളർ അഥവാ 11.45 കോടി രൂപയാണ്. ലിറന് 9.75 കോടി രൂപയും സമ്മാനമായി ലഭിച്ചു.
ALSO READ: ചരിത്രം കുറിച്ച് ഗുകേഷ്; ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
സിംഗപ്പൂരിൽ വെച്ച് നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 2023-ലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും തമ്മിലായിരുന്നു മത്സരം. ഒരുഘട്ടത്തിൽ സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരമാണ് പതിനെട്ടു വയസുകാരനായ ഗുകേഷ് അവസാന ഗെയിമിനൊടുവിൽ കീഴടക്കിയത്.
പതിനാലാം ഗെയിമിൽ വിജയിച്ചതോടെ ഗുകേഷിന് 7.5 പോയിന്റും ലിറന് 6.5 പോയിന്റുമായി. മത്സരം അവസാനത്തോട് അടുത്തപ്പോൾ ലിറൻ വരുത്തിയ നിർണായക പിഴവാണ് ഇന്ത്യക്ക് രണ്ടാമത്തെ ലോക ചാമ്പ്യനെ സമ്മാനിച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ വിശ്വനാഥ് ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗുകേഷ്.