Gukesh Dommaraju Profile: വിശ്വനാഥ് ആനന്ദിന് പിന്‍ഗാമി; ഇന്ത്യക്ക് അഭിമാനമാകുന്ന ഗുകേഷ്
D Gukesh World Chess Champion: ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി ഗുകേഷിന് സ്വന്തം. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഈ താരത്തിന്റെ പ്രായം. 22ാം വയസില്‍ ഗാരി കാസ്പറോവ് രചിച്ച റെക്കോര്‍ഡ് ആണ് ഗുകേഷ് മറികടന്നത്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഡി ഗുകേഷ്. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ഏഴര പോയിന്റിലാണ് ഗുകേഷിന്റെ നേട്ടം. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടുന്ന ഇന്ത്യക്കാരനാണ് ഗുകേഷ് ദൊമ്മരാജു.
ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി ഗുകേഷിന് സ്വന്തം. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഈ താരത്തിന്റെ പ്രായം. 22ാം വയസില്‍ ഗാരി കാസ്പറോവ് രചിച്ച റെക്കോര്‍ഡ് ആണ് ഗുകേഷ് മറികടന്നത്.
ചരിത്രമാകുന്ന ഗുകേഷ്
വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും തമിഴ്‌നാട്ടിലാണ് ഗുകേഷിന്റെ ജനനം. 2006 മെയ് 29നാണ് ഡോ. രജനികാന്തിന്റെയും ഡോ. പദ്മയുടെയും മകനായി ഗുകേഷിന്റെ ജനനം. ചെന്നൈയിലെ വേലമ്മാള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ഏഴാം വയസിലാണ് ഗുകേഷ് ചെസ് കളിക്കാന്‍ ആരംഭിക്കുന്നത്.
പിന്നീട് 12 വയസും ഏഴുമാസവും 17 ദിവസവും പ്രായമുള്ളപ്പോള്‍ ഗുകേഷ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തി. 2750 എലോ റേറ്റിങ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും കാര്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞയാളും ഗുകേഷാണ്.
പിന്നീട് 2015ല്‍ അണ്ടര്‍ 9 ഏഷ്യന്‍ സ്‌കൂള്‍ ചെസില്‍ വിജയിച്ച ഗുകേഷ് 2018ല്‍ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പിലും വിജയിച്ചു. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണമാണ് ഗുകേഷ് നേടിയത്. 2019ല്‍ അദ്ദേഹത്തെ തേടി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയെത്തി. 2021ല്‍ ജൂലിയസ് ബെയര്‍ ചലഞ്ചേഴ്‌സിലും വിജയം നേടി.
2022ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തിലുള്ള മത്സരത്തില്‍ വെള്ളി, ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ സ്വര്‍ണമെഡലും 2700 എലോ റേറ്റിങ് മറികടക്കുകയും ചെയ്തു. ഇതോടെ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്ന പ്രായംകുറഞ്ഞ താരമായും അദ്ദേഹം മാറി.
2023ലാണ് അദ്ദേഹം 2750 എലോ റേറ്റിങ് പോയിന്റ് മറികടക്കുന്നു. ഇതോടെ വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഫിഡോ റേറ്റിങ്ങില്‍ മുന്നിലുള്ള ഇന്ത്യക്കാരനായി മാറി. പിന്നാലെ കാന്‍ഡിഡേറ്റ്‌സ് ചെസ്സിന് യോഗ്യത നേടി. കൂടാതെ ഏഷ്യന്‍ ചെസ് ഫെഡറേഷന്‍ മികച്ച കളിക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമുണ്ടായി.
വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയില്‍ നിന്ന് 2020 മുതല്‍ ഗുകേഷ് പരിശീലനം നേടുന്നുണ്ട്.