Womens ODI World Cup: തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് ലോകകപ്പെത്തുന്നു; ഹർമൻപ്രീതും സ്മൃതി മന്ദനയും കാര്യവട്ടത്ത് കളിക്കും
Womens World Cup Matches In Thiruvananthapuram: ഈ മാസം സെപ്തംബർ - ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന വനിതാ ലോകകപ്പിനുള്ള വേദികളിൽ ഒന്നായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം. സെപ്തംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ് നടക്കുക.

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് ലോകകപ്പെത്തുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള വേദികളിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമുണ്ട്. ഈ വർഷം സെപ്തംബർ – ഒക്ടോബർ മാസങ്ങളിലായാണ് വനിതാ ലോകകപ്പ് നടക്കുക. ഛണ്ഡീഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ മത്സരം.
ഈ വർഷം സെപ്തംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ്. തിരുവനന്തപുരവും മുള്ളൻപൂരും കൂടാതെ വിശാഖപട്ടണം, റായ്പൂർ, ഇൻഡോർ എന്നീ വേദികളിലും മത്സരങ്ങൾ നടക്കും. തിരുവനന്തപുരത്ത് ഏതൊക്കെ മത്സരങ്ങളാണ് നടക്കുക എന്ന് വ്യക്തമല്ല. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായാൽ തിരുവനന്തപുരത്ത് സ്മൃതി മന്ദനയും ഹർമൻപ്രീത് കൗറും അടക്കമുള്ള താരങ്ങൾ കളിച്ചേക്കാനുള്ള സാധ്യതയുണ്ട്. മലയാളി താരം മിന്നു മണിയും ലോകകപ്പ് ടീമിൽ കളിച്ചേക്കും.
മുള്ളൻപൂരിലെ മഹാരാജ യാദവിന്ദ്ര സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 26നാണ് ഫൈനൽ. വിശാഖപട്ടണമൊഴികെ മറ്റൊരു വേദിയും ഇതുവരെ വനിതാ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയായിട്ടില്ല. ഇൻഡോറിൽ മുൻപുണ്ടായിരുന്ന നെഹ്റു സ്റ്റേഡിയത്തിൽ മുൻപ് രണ്ട് വനിതാ ലോകകപ്പ് മത്സരങ്ങൾ നടന്നിട്ടുണ്ട്. പിന്നീട് ഹോൾകർ സ്റ്റേഡിയം നിർമ്മിച്ചതിന് ശേഷം ഇവിടെ രാജ്യാന്തര മത്സരങ്ങൾ നടത്താറില്ല. വിശാഖപട്ടണം എസിഎ-വിഡിസിഎ സ്റ്റേഡിയത്തിൽ അവസാനമായി വനിതാ രാജ്യാന്തര മത്സരം നടന്നത് 2014ലാണ്.
ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ഇതുവരെ ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഇനി രണ്ട് ടീമുകൾക്ക് കൂടിയാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. ഏപ്രിൽ 9 മുതൽ ലാഹോറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൂടെ ഈ ടീമുകളെ തീരുമാനിക്കും. പിസിബിയും ബിസിസിഐയും തമ്മിലുള്ള ധാരണപ്രകാരം പാകിസ്താൻ യോഗ്യത നേടിയാൽ യുഎഇയിലോ ശ്രീലങ്കയിലോ ആവും മത്സരങ്ങൾ.
2013ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. 2013ൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇതുവരെ ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2017ൽ ഇംഗ്ലണ്ടിനോട് ഫൈനൽ മത്സരം പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഝുലൻ ഗോസ്വാമിയും മിഥാലി രാജും വിരമിച്ചതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ലോകകപ്പാണിത്.