Womens Asia Cup 2024 : വനിതാ ഏഷ്യാ കപ്പ് നാളെ ആരംഭിക്കും; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
Womens Asia Cup 2024 Starts Tomorrow : ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന വനിതാ ഏഷ്യാ കപ്പിന് നാളെ തുടക്കം. ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി ഏഴിന് പാകിസ്താനെതിരെ നടക്കും. ഈ മാസം 28നാണ് ഫൈനൽ.
വനിതാ ഏഷ്യാ കപ്പ് നാളെ ആരംഭിക്കും. ശ്രീലങ്കയാണ് ആതിഥേയർ. ശ്രീലങ്കയിലെ ദാംബുള്ള സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെയാണ്. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് അയൽക്കാർ തമ്മിൽ ഏറ്റുമുട്ടുക. യുഎഇയും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. നാളെ ഉച്ചക്ക് 2 മണിക്കാണ് ഈ മത്സരം ആരംഭിക്കുക.
രണ്ട് ഗ്രൂപ്പുകളിലായി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, യുഎഇ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, യുഎഇ, നേപ്പാൾ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നീ ടീമുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 21, 23 തീയതികളിലാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. യഥാക്രമം യുഎഇ, നേപ്പാൾ ടീമുകളെ ഈ ദിവസങ്ങളിൽ ഇന്ത്യ നേരിടും. ഈ മാസം 28നാണ് ഫൈനൽ.
Also Read : Womens Asia Cup : ഏഷ്യാ കപ്പിനൊരുങ്ങി ഇന്ത്യൻ വനിതകൾ; അറിയേണ്ടതെല്ലാം
ഏറ്റവുമധികം ഏഷ്യാ കപ്പുള്ള ടീം ഇന്ത്യയാണ്. ആകെ ഏഴ് തവണയാണ് ഇന്ത്യ കപ്പടിച്ചത്. ടൂർണമെൻ്റ് നടന്നത് വെറും എട്ട് തവണ. ഇതിൽ ഒരു തവണ ഒഴികെ ബാക്കി എല്ലാ തവണയും ഇന്ത്യ ജേതാക്കളായി. 2018 ൽ ഇന്ത്യയെ വീഴ്ത്തി കിരീടമുയർത്തിയ ബംഗ്ലാദേശ് ഒരുതവണ ചാമ്പ്യന്മാരായി. 2004ൽ ആരംഭിച്ച് 2008 വരെ ഏകദിന രൂപത്തിലാണ് ഏഷ്യാ കപ്പ് നടത്തിയിരുന്നത്. 2012 മുതൽ ഇത് ടി20 ആക്കി. ഏകദിന ഏഷ്യാ കപ്പിലെ എല്ലാ എഡിഷനിലും വിജയിച്ച് തകർക്കാനാവാത്ത റെക്കോർഡിടാനും ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2004ൽ നടത്തിയ ആദ്യ ഏഷ്യാ കപ്പിൽ ഇന്ത്യയും ശ്രീലങ്കയും മാത്രമാണ് മത്സരിച്ചത്, 2005ൽ പാകിസ്താൻ കൂടി എത്തി. 2008ൽ ബംഗ്ലാദേശും ഏഷ്യാ കപ്പിൻ്റെ ഭാഗമായി.
ഏഷാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയത് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മിഥാലി രാജ് ആണ്. 588 റൺസാണ് മിഥാലിയുടെ സമ്പാദ്യം. 26 വിക്കറ്റുള്ള ഇന്ത്യൻ താരം നീതു ഡേവിഡ് ഈ പട്ടികയിലും ഒന്നാമതാണ്.
ഇത്തവണ ഏഷ്യാ കപ്പിനുള്ള ടീമിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. കേരള ടീം മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ സജന സജീവനും കേരള ടീം മുൻ ക്യാപ്റ്റനും നിലവിൽ പോണ്ടിച്ചേരി ക്യാപ്റ്റനുമായ ലെഗ് സ്പിന്നർ ആശ ശോഭനയും. വനിതാ പ്രീമിയർ ലീഗിൽ സജന മുംബൈ ഇന്ത്യൻസ് താരവും ആശ ആർസിബി താരവുമാണ്.