Women’s Asia Cup 2024: ബൗളർമാരും ഓപ്പണർമാരും തിളങ്ങി; പാകിസ്താനെ വീഴ്ത്തി ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം
Womens Asia Cup 2024 India Won Pakistan : വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. 109 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. ബൗളർമാരും ഓപ്പണർമാരുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
പാകിസ്താനെ വീഴ്ത്തി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെ 108 റൺസിന് ഒതുക്കിയ ഇന്ത്യ 15ആം ഓവറിലെ ആദ്യ പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ബൗളർമാരും രണ്ട് ഓപ്പണർമാരും മികച്ച പ്രകടനം കാഴ്ചവച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ഒരിക്കൽ പോലും ആഥിപത്യം നേടാനായില്ല. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പാകിസ്താനെ വരിഞ്ഞുമുറുക്കി. 25 റൺസ് നേടിയ സിദ്ര അമീൻ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. സിദ്രയ്ക്കൊപ്പം തൂബ ഹസൻ (22), ഫാത്തിമ സന (22 നോട്ടൗട്ട്), മുനീബ അലി (11) എന്നിവർക്ക് മാത്രമാണ് പാക് നിരയിൽ ഇരട്ടയക്കം കടക്കാനായത്. ഇന്ത്യക്കായി ദീപ്തി ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. രേണുക സിംഗ്, പൂജ വസ്ട്രാക്കർ, ശ്രേയങ്ക പാട്ടിൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണർമാർ ആഞ്ഞടിച്ചതോടെ പാകിസ്താന് മറുപടിയില്ലാതായി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സ്മൃതി മന്ദന – ഷഫാലി വർമ സഖ്യം ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. വിജയത്തിനരികെ ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും അനായാസമായി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 45 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഷഫാലി വർമ 40 റൺസ് നേടി. പാകിസ്താന് വേണ്ടി സൈദ ഷാ രണ്ടും നഷ്റ സന്ധു ഒരു വിക്കറ്റും വീഴ്ത്തി.
ഏഷ്യാ കപ്പിൽ നാളെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. യുഎഇയെയാണ് ഇന്ത്യ നേരിടുക. 23ന് നേപ്പാളിനെതിരായ അവസാന മത്സരത്തോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
ഏറ്റവുമധികം ഏഷ്യാ കപ്പുള്ള ടീം ഇന്ത്യയാണ്. ആകെ ഏഴ് തവണയാണ് ഇന്ത്യ കപ്പടിച്ചത്. ടൂർണമെൻ്റ് നടന്നത് വെറും എട്ട് തവണ. ഇതിൽ ഒരു തവണ ഒഴികെ ബാക്കി എല്ലാ തവണയും ഇന്ത്യ ജേതാക്കളായി. 2018 ൽ ഇന്ത്യയെ വീഴ്ത്തി കിരീടമുയർത്തിയ ബംഗ്ലാദേശ് ഒരുതവണ ചാമ്പ്യന്മാരായി. 2004ൽ ആരംഭിച്ച് 2008 വരെ ഏകദിന രൂപത്തിലാണ് ഏഷ്യാ കപ്പ് നടത്തിയിരുന്നത്. 2012 മുതൽ ഇത് ടി20 ആക്കി. ഏകദിന ഏഷ്യാ കപ്പിലെ എല്ലാ എഡിഷനിലും വിജയിച്ച് തകർക്കാനാവാത്ത റെക്കോർഡിടാനും ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2004ൽ നടത്തിയ ആദ്യ ഏഷ്യാ കപ്പിൽ ഇന്ത്യയും ശ്രീലങ്കയും മാത്രമാണ് മത്സരിച്ചത്, 2005ൽ പാകിസ്താൻ കൂടി എത്തി. 2008ൽ ബംഗ്ലാദേശും ഏഷ്യാ കപ്പിൻ്റെ ഭാഗമായി.