Will Pucovski : നിരന്തരം തലയ്ക്ക് പരിക്കും കൺകഷനും; ഭാവി സൂപ്പർ താരമെന്നറിയപ്പെട്ട പുകോവ്സ്കി 26ആം വയസിൽ വിരമിക്കുന്നു
Will Pucovski Retires : തലയ്ക്ക് നിരന്തരം പരിക്കേൽക്കുന്നതും കൺകഷനുകളും കാരണം ഓസീസ് താരം വിൽ പുകോവ്സ്കി 26ആം വയസിൽ വിരമിക്കുന്നു. ഓസ്ട്രേലിയയുടെ ഭാവിതാരമെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്ററാണ് വിൽ പുകോവ്സ്കി.
ഓസീസ് ക്രിക്കറ്റിൻ്റെ ഭാവി താരമെന്നറിയപ്പെട്ട വിൽ പുകോവ്സ്കി 26ആം വയസിൽ വിരമിക്കുന്നു. തുടരെ തലയ്ക്ക് പരിക്കേറ്റ് പല തവണ കൺകഷൻ ഉണ്ടായതോടെയാണ് താരത്തിൻ്റെ തീരുമാനം. ഡോക്ടർമാരുടെ കൂടി നിർദ്ദേശമറിഞ്ഞതിന് ശേഷമാണ് കരിയർ അവസാനിപ്പിക്കാൻ പുകോവ്സ്കി തീരുമാനമെടുത്തത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളുള്ള ഓപ്പണറായിരുന്നു വിൽ പുകോവ്സ്കി. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കെതിരെ 2021ൽ താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. എന്നാൽ, സിഡ്നിയിൽ നടന്ന ആ ഒരു ടെസ്റ്റ് മത്സരം മാത്രമേ പുകോവ്സ്കി കളിച്ചുള്ളൂ. മത്സരത്തിൽ 62 റൺസ് നേടിയ താരത്തെ നവ്ദീപ് സെയ്നിയാണ് പുറത്താക്കിയത്. പിന്നീട് തുടരെ പരിക്കുകളും കൺകഷനും അനുഭവിച്ച താരം ഒരിക്കലും ഓസ്ട്രേലിയക്കായി കളിച്ചില്ല. 2019ൽ ശ്രീലങ്കക്കെതിരെ ആദ്യ മത്സരം കളിക്കാനിരുന്ന പുകോവ്സ്കിയുടെ ടെസ്റ്റ് അരങ്ങേറ്റം വൈകിയതും ഇത്തരം ഒരു കൺകഷൻ കൊണ്ടായിരുന്നു.
2024 മാർച്ചിൽ നടന്ന ഷെഫീൽ ഷീൽഡ് മത്സരത്തിലായിരുന്നു താരത്തിൻ്റെ കരിയറിലെ അവസാന കൺഷൻ. റൈലി മെരഡിത്തിൻ്റെ പന്ത് ഹെൽമറ്റിലിടിച്ചതിനെ തുടർന്ന് സീസണിൽ പിന്നെ ഒരു മത്സരം പോലും കളിക്കാൻ പുകോവ്സ്കിയ്ക്ക് സാധിച്ചില്ല. ഇതോടെ കൗണ്ടി ക്ലബ് ലെസസ്റ്റർഷെയറുമായുള്ള കരാർ താരം റദ്ദാക്കുകയും ചെയ്തു.
വിക്ടോറിയക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിട്ടുള്ള പുകോവ്സ്കി 45.19 ശരാശരിയിൽ 2350 റൺസാണ് നേടിയത്. ഏഴ് സെഞ്ചുറികളും ആഭ്യന്തര ക്രിക്കറ്റിൽ താരത്തിനുണ്ട്. 2017ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച പുകോവ്സ്കി ഷെഫീൽഡ് ഷീൽഡിൽ രണ്ട് ഡബിൾ സെഞ്ചുറികളടക്കം നേടി സെലക്ടർമാരുടെ ശ്രദ്ധയാകർഷിച്ചു. ഇതോടെയാണ് താരത്തിന് ദേശീയ ടീമിലേക്ക് വിളി വന്നത്. ടി20 ക്രിക്കറ്റ് കളിക്കാൻ താത്പര്യമില്ലാതിരുന്ന താരം 2020/21 സീസണിൽ മെൽബൺ സ്റ്റാഴ്സിൻ്റെ ക്ഷണം നിരസിച്ചിരുന്നു. ടെസ്റ്റ് മത്സരങ്ങൾ കളിക്കാനാണ് പുകോവ്സ്കി ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ, തുടർച്ചയായ പരിക്കുകളും കൺകഷനും താരത്തിൻ്റെ മാനസികാരോഗ്യത്തെയടക്കം മോശമായി ബാധിച്ചു. കരിയർ ട്രാക്കിലാക്കാൻ താരം ഏറെ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെയാണ് കളി മതിയാക്കാൻ പുകോവ്സ്കി നിർബന്ധിതനായത്.