Srilanka vs Newzealand : മോശം കാലാവസ്ഥയല്ല, വെളിച്ചക്കുറവില്ല; എന്നിട്ടും ശ്രീലങ്ക – ന്യൂസീലൻഡ് ടെസ്റ്റിന് ഒരു ദിവസം ഇടവേള: കാരണമറിയാം
Srilanka vs Newzealand Rest Day : ശ്രീലങ്കയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിൽ ഇന്ന് വിശ്രമ ദിവസമാണ്. മഴയോ മോശം കാലാവസ്ഥയോ ഒന്നുമല്ല ഇതിന് കാരണം. ഇന്ന് വിശ്രമ ദിനം അനുവദിക്കാനുള്ള കാരണമറിയാം.
ശ്രീലങ്കയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ശ്രീലങ്കയിലെ ഗല്ലെയിൽ നടക്കുന്ന ടെസ്റ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇതിനിടെയാണ് ഇന്ന് വിശ്രമദിനമായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസം അവസാനിച്ചത് ഈ മാസം 20നായിരുന്നു. 21ആം തീയതിയായിരുന്ന ഇന്ന് നാലാം ദിവസം. പക്ഷേ, ഇന്ന് കളി നടന്നില്ല. പകരം ഇരു ടീമുകൾക്കും വിശ്രമം. നാളെ, അതായത് ഈ മാസം 22നാവും നാലാം ദിനം. 23ന് കളി അവസാനിക്കുകയും ചെയ്യും.
20 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ടെസ്റ്റ് മത്സരത്തിൻ്റെ ഒരു ദിവസം വിശ്രമദിവസമാക്കിയത്. സാധാരണ മഴയോ വെളിച്ചക്കുറവോ മോശം കാലാവസ്ഥയോ ഒക്കെയാണെങ്കിൽ ഒരു ദിവസം ഉപേക്ഷിക്കാറുണ്ട്. ഈയിടെ അഫ്ഗാനിസ്ഥാനും ന്യൂസീലൻഡും തമ്മിൽ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരത്തിൻ്റെ എല്ലാ ദിവസവും മഴയും മോശം ഔട്ട്ഫീൽഡും കാരണം ഉപേക്ഷിച്ചു. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ഈ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നതിൽ ബിസിസിഐ വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ശ്രീലങ്കയും ന്യൂസീലൻഡും തമ്മിലുള്ള മത്സരത്തിൽ ഇന്ന് വിശ്രമദിവസമാക്കാൻ കാരണം ഇതൊന്നുമല്ല.
ശ്രീലങ്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ന് വിശ്രമദിവസമായി അനുവദിച്ചത്. എന്നാൽ, മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് ഒരു ദിവസം ഉപേക്ഷിക്കുന്നത് പോലെയല്ല ഇത്. ഇക്കാരണങ്ങൾ കൊണ്ട് ഒരു ദിവസം കളി നടന്നില്ലെങ്കിൽ പിന്നെ ആ ദിവസത്തെ കളി ഉപേക്ഷിക്കും. ഉദാഹരണത്തിന് രണ്ടാമത്തെ ദിവസം ഉപേക്ഷിച്ചാൽ പിന്നെ അടുത്ത ദിവസം മൂന്നാം ദിവസത്തിൽ കളി തുടരും. എന്നാൽ, ഇന്ന് വിശ്രമദിനമാണെങ്കിലും ഇന്നത്തെ കളി ഉപേക്ഷിക്കില്ല. നാലാം ദിവസമായ ഇന്ന് നാളെയാവും കളിക്കുക. അതായത് മുഴുവൻ മത്സരം ലഭിക്കുമെന്ന് സാരം.
മത്സരത്തിൽ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് 202 റൺസ് ലീഡുണ്ട്. ധനഞ്ജയ ഡിസിൽവയും (34) ആഞ്ജലോ മാത്യൂസും (34) ക്രീസിൽ തുടരുകയാണ്. ദിമുത് കരുണരത്നെ (83), ദിനേഷ് ഛണ്ഡിമൽ (61) എന്നിവർ ഫിഫ്റ്റിയടിച്ചു. ശ്രീലങ്കയ്ക്ക് നഷ്ടമായ നാലിൽ മൂന്ന് വിക്കറ്റും നേടിയത് വില്ല്യം ഒറൂർകെയാണ്. ആദ്യ ഇന്നിംഗ്സിൽ 305 റൺസിന് ശ്രീലങ്ക ഓളൗട്ടായിരുന്നു. കമിന്ദു മെൻഡിസ് (114) ടോപ്പ് സ്കോറർ ആയപ്പോൾ കുശാൽ മെൻഡിസ് (50) മികച്ച പ്രകടനം നടത്തി. ന്യൂസീലൻഡിനായി വില്ല്യം ഒറൂർകെ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 340 റൺസ് നേടി. ടോം ലതം (70), ഡാരിൽ മിച്ചൽ (57), കെയിൻ വില്ല്യംസൺ (55), ഗ്ലെൻ ഫിലിപ്സ് (49) എന്നിവരാണ് ന്യൂസീലൻഡിനായി തിളങ്ങിയത്. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റ് വീഴ്ത്തി.