BCCI: പണത്തിന് മീതെ പറക്കാത്ത ഐസിസി; ബിസിസിഐയുടെ വാശികൾ എപ്പോഴും വിജയിക്കാൻ കാരണം ഇത്
Why ICC Always Favour BCCI : ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയൊക്കെ ചർച്ചയ്ക്കൊടുവിൽ ഐസിസി ബിസിസിഐയ്ക്ക് കുടപിടിയ്ക്കാറാണ് പതിവ്. ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ട്രോഫിയിലെ ഹൈബ്രിഡ് രീതിയിലാണ് പിസിബി ഐസിസിയ്ക്കും ബിസിസിഐയ്ക്കും വഴങ്ങിയത്. എല്ലായ്പ്പോഴും ഇങ്ങനെ സംഭവിക്കുന്നതിൻ്റെ കാരണമെന്തെന്നറിയാമോ?
ചാമ്പ്യൻസ് ട്രോഫി പടിവാതിൽക്കലെത്തുമ്പോൾ ആതിഥേയരുടെ കോളത്തിന് നേരെ പിസിബി എന്നാണ് ഉള്ളതെങ്കിലും വിജയിച്ചുനിൽക്കുന്നത് ബിസിസിഐ ആണ്. ഇന്ത്യൻ ടീമിനെ പാകിസ്താനിൽ എത്തിക്കാൻ പിസിബിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. തുടക്കം മുതൽ പിസിബിയുടെ നിലപാട് ഹൈബ്രിഡ് മോഡലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു. ആദ്യ ഘട്ട ചർച്ചകളിലും പിസിബി ഇത് ആവർത്തിച്ചു. എന്നാൽ, ഒടുവിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിച്ചു. എന്തുകൊണ്ടാണ് എല്ലായ്പ്പോഴും ബിസിസിഐയുടെ വാശികൾ വിജയിക്കുന്നത്? അതിന് പിന്നിൽ പണത്തിൻ്റെ, അധികാരത്തിൻ്റെ, ദീർഘവീക്ഷകരായ മുൻ ഭരണകർത്താക്കളുടെ പങ്കുണ്ട്.
ഇന്ത്യയെ പാകിസ്താനിൽ എത്തിക്കുന്നതിലൂടെ രണ്ട് കാര്യങ്ങളാണ് പിസിബി ലക്ഷ്യമിട്ടത്. ഒന്ന്, ലോക ക്രിക്കറ്റിലെ മുടൊചൂടാമന്നന്മാരായ ബിസിസിഐയെ നിലയ്ക്ക് നിർത്തുക. ഇന്ത്യൻ ടീം സുഗമമായി ഒരു ടൂർണമെൻ്റ് കളിച്ചിട്ടും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാത്തതിനാൽ തങ്ങളുടെ രാജ്യത്ത് സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിക്കുക. എന്നാൽ, ബിസിസിഐയുടെ നിലപാട് ഇത് രണ്ടിനെയും തകർത്തു. തുടക്കത്തിൽ ശക്തമായ നിലപാടെടുത്തിരുന്ന പിസിബി ഐസിസിയുമായുള്ള ചർച്ചയ്ക്ക് ശേഷം നിലപാട് മാറ്റിയത് വരുന്ന ഐസിസി ടൂർണമെൻ്റുകളിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ധാരണയിലാണ്. എന്നാൽ, അത് മാത്രമല്ല പിസിബി ബിസിസിഐയുടെ ചൊല്പടിയ്ക്ക് നിൽക്കാൻ കാരണം.
പണം
ഐസിസി അംഗരാജ്യങ്ങളിൽ ഏറ്റവുമധികം പണമുണ്ടാക്കുന്നത് ബിസിസിഐ ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദേശീയമാധ്യമങ്ങളൊക്കെ കൊടുത്ത ഒരു റിപ്പോർട്ടിൽ ബിസിസിഐയും മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി പണത്തിലുള്ള അന്തരം വ്യക്തമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ബിസിസിഐയുടെ ആകെ മൂല്യം 2.25 ബില്ല്യൺ ഡോളറായിരുന്നു. അതായത് 18,700 കോടി രൂപ. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡായിരുന്നു രണ്ടാമത്. ഓസ്ട്രേലിയയുടെ ആകെ മൂല്യം 79 മില്ല്യൺ ഡോളർ. രണ്ടും തമ്മിലുള്ള വ്യത്യാസം 28 ഇരട്ടി. ആകെ ക്രിക്കറ്റ് ബോർഡുകളുടെ മൂല്യത്തിൽ 86 ശതമാനവും ബിസിസിഐയുടെ പോക്കറ്റിലാണ്. ഐപിഎൽ, ലോകമെങ്ങുമുള്ള ഇന്ത്യക്കാർ, രാജ്യത്തെ ജനസംഖ്യ, ക്രിക്കറ്റ് സംസ്കാരം എന്നിങ്ങനെ ബിസിസിഐയ്ക്ക് പണം ഉണ്ടാക്കിക്കൊടുക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. ഇത്രയധികം പണമുള്ള ബിസിസിഐ തന്നെയാണ് ഐസിസിയ്ക്ക് ഏറ്റവുമധികം പണം നൽകുന്നത്. ലാഭവിഹിതം. അതുകൊണ്ട് തന്നെ ബിസിസിഐ എന്ന പണം കായ്ക്കുന്ന മരത്തെ പിണക്കാൻ ഐസിസിയ്ക്ക് കഴിയില്ല.
Also Read : BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ
അധികാരം
പണം അധികമായി എത്തുന്നതോടെ അധികാരം വർധിക്കുമെന്നത് സ്വാഭാവികമാണ്. 1983ലെ ലോകകപ്പ് വിജയം രാജ്യത്തെ ക്രിക്കറ്റ് സംസ്കാരത്തെ മാത്രമല്ല, ബിസിസിഐ എന്ന പവർ ഫിഗറിൻ്റെ ഉയർച്ചയ്ക്ക് കൂടിയാണ് തുടക്കമിട്ടത്. അതേ വർഷം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ച ഇന്ത്യ സാവധാനം അധികാരക്കസേരയിലേക്ക് കണ്ണുനട്ടു. ലോകകപ്പ് ആതിഥ്യം നൽകാനുള്ള ബിസിസിഐയുടെ അഭ്യർത്ഥന അന്നത്തെ അധികാരസ്വരമായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞു. ഇതോടെ ഇംഗ്ലണ്ടിനെ മാറ്റിനിർത്തി, അന്നത്തെ ബിസിസിഐ പ്രസിഡൻ്റായിരുന്ന എൻകെപി സാൽവെ മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് മുൻപിൽ ഒരു പ്രപ്പോസൽ വച്ചു. അതാണ് ലോകകപ്പ് ആതിഥേയത്വത്തിലെ റൊട്ടേഷൻ. ഐസിസി വോട്ടെടുപ്പിൽ ഇന്ത്യക്ക് ജയം. അധികാരക്കസേരയിൽ ബിസിസിഐയുടെ ആദ്യ കൈ. 87ൽ ഇന്ത്യയും പാകിസ്താനും ചേർന്ന്, അതായത് ഇംഗ്ലണ്ടല്ലാതെ മറ്റൊരു രാജ്യം ആദ്യമായി ലോകകപ്പ് നടത്തി. പിന്നെ ബിസിസിഐ തിരിഞ്ഞുനോക്കിയില്ല. സംപ്രേഷണാവകാശത്തിലൂടെ ഇന്ത്യ മറ്റൊരു ചക്കരക്കുടം കണ്ടെത്തി. അതിൽ കയ്യിട്ടപ്പോൾ കിട്ടിയത് കോടികൾ. അതാണ് ബിസിസിഐയെ ഇത്രയും ശക്തരാക്കിയത്.
ഭരണകർത്താക്കൾ
എൻകെപി സാൽവെ ഐസിസിയിൽ ഇംഗ്ലണ്ടിൻ്റെ അപ്രമാദിത്വം തകർത്തപ്പോൾ മാർക് മസ്കരനാസ് ഇന്ത്യൻ ക്രിക്കറ്റിനെ ഗ്ലാമറൈസ് ചെയ്ത പേരായിരുന്നു. 1991ൽ ഇന്ത്യ ആഗോളവത്കരണത്തിലേക്ക് വാതിൽ തുറന്നു. ടെലിവിഷൻ ജനകീയമായപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് ആരാധകർ വർധിച്ചു. ആഗോളബ്രാൻഡുകൾ ക്രിക്കറ്റ് താരങ്ങളെ വച്ച് തങ്ങളുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്തു. ഇവിടെയാണ് മാർക് മസ്കരനാസ് എന്ന ബ്രാൻഡ് രംഗത്തുവരുന്നത്. 1995ൽ 21കാരൻ സച്ചിൻ തെണ്ടുൽക്കറിൻ്റെ മാർക്കറ്റിങ് മാനേജറായി മസ്കരനാസ് രംഗത്തുവരുന്നു. ഇത് ക്രിക്കറ്റ് സംസ്കാരം തന്നെ മാറ്റിമറിച്ചു. ക്രിക്കറ്റിൽ പണമൊഴുകി. താരങ്ങൾ താരദൈവങ്ങളായി. സംസ്കാരങ്ങളുണ്ടായി. പണമൊഴുകി.
ഐസിസി അധ്യക്ഷ സ്ഥാനത്ത് എംസിസി പ്രസിഡൻ്റ് എത്തുകയെന്നതായിരുന്നു അതുവരെയുള്ള പതിവ്. ഇത് മാറ്റിമറിച്ചത് അന്നത്തെ ബിസിസിഐ പ്രസിഡൻ്റ് ജഗ്മോഹൻ ഡാൽമിയ ആയിരുന്നു. ഫുൾ ടൈം മെമ്പർമാർ ഇംഗ്ലണ്ടിൻ്റെ ചൊൽപ്പടിയ്ക്ക് നിൽക്കുമെന്നുറപ്പുണ്ടായിരുന്ന ഡാൽമിയ അസോസിയേറ്റ് രാജ്യങ്ങളെ കയ്യിലെടുത്തു. പണമിറക്കി അസോസിയേറ്റ് രാജ്യങ്ങളെ ഒപ്പം നിർത്തിയ ഡാൽമിയ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഐസിസി അധ്യക്ഷനാവുന്ന ആദ്യ ഏഷ്യക്കാരൻ. ഇതോടെ ഇന്ത്യ ലോക ക്രിക്കറ്റിൽ എതിരാളികളില്ലാതാവുകയായിരുന്നു.
ഇംഗ്ലണ്ടിൻ്റെ അപ്രമാദിത്വവും ഹുങ്കും തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കമെങ്കിലും പോരാട്ടം പ്രതീക്ഷിച്ചതിലും വിജയമായി. ഗൊലായത്ത് ഡേവിഡായി. ഡേവിഡ് വീണ്ടും വളർന്ന് ഒരു സ്പോർടിനെയാകമാനം വിഴുങ്ങി. ഇന്ത്യക്കാരനെന്ന നിലയിൽ ബിസിസിഐയുടെ വളർച്ചയും അധികാരവും ആസ്വദിക്കാമെങ്കിലും ലോക ക്രിക്കറ്റിൽ ഒരിക്കലും ഒരു ക്രിക്കറ്റ് ബോർഡ് മറ്റുള്ളവരെക്കാൾ ഉയർന്നുനിൽക്കുന്നത് ഗുണം ചെയ്യില്ല. അതാണ് ഇപ്പോൾ കാണുന്നതും. അതിനർത്ഥം, ഇന്ത്യൻ ടീമിൽ പാകിസ്താനിൽ പോകണമെന്നല്ല. 2023 ഏകദിന ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയിൽ വന്ന് കളിച്ചിരുന്നു. ഈ വിശ്വാസമെങ്കിലും തിരിച്ച് കാണിക്കേണ്ടിയിരുന്നു എന്ന് മാത്രം.