Abhishek Nayar: പല താരങ്ങളും നല്ലത് പറഞ്ഞ അഭിഷേക് നായർ; പരാജയത്തിൻ്റെ പാപഭാരം പേറേണ്ടിവന്ന നിരപരാധി
Why Has Abhishek Nair Been Removed: അഭിഷേക് നായരെ ഇന്ത്യൻ ടീം പരിശീലക സംഘത്തിൽ നിന്ന് നീക്കിയത് കഴിഞ്ഞ ദിവസമാണ്. ഔദ്യോഗികമായ അറിയിപ്പൊന്നും ബിസിസിഐ ഇതിൽ അറിയിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ ക്യാപ്റ്റനടക്കം സീനിയർ താരങ്ങളിൽ പലരും നല്ലത് പറഞ്ഞ പരിശീലകനാണ് അഭിഷേക്. എന്നിട്ടും അദ്ദേഹം എങ്ങനെ പുറത്തായി?

ഈ സീസണിൽ ടീമിൻ്റെ നില അല്പം പരുങ്ങലിലാണെങ്കിലും വ്യാപകമായി അഭിനന്ദിക്കപ്പെടുന്ന ഒരാളുണ്ട്. 20 വയസുകാരനായ അങ്ക്ക്രിഷ് രഘുവൻശി. കൊൽക്കത്തയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാൾ. ശരാശരി 34. സ്ട്രൈക്ക് റേറ്റ് 143. രഘുവൻശിയടക്കം കൊൽക്കത്തയുടെ സിസ്റ്റത്തിനകത്തുള്ള വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, രമൺദീപ് സിംഗ് തുടങ്ങി പലരും തങ്ങളുടെ വളർച്ചയ്ക്ക് നന്ദി പറഞ്ഞ താരമാണ് അഭിഷേക് നായർ. ഇന്ത്യയുടെ മുൻ ബാറ്റിംഗ് പരിശീലകൻ. ആരോടും പറയാതെ, ഒരു വാർത്താകുറിപ്പ് പോലും ഇറക്കാതെ ബിസിസിഐ പുറത്താക്കിയ മുംബൈ മുൻ താരവും മലയാളിയുമായ അഭിഷേക് നായർ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുംബൈയിൽ ഒരു അക്കാദമിയുണ്ട്. അവിടെയാണ് ഓഫ് സീസണിൽ ഈ താരങ്ങളൊക്കെ പരിശീലിക്കുന്നത്. ഈ അക്കാദമി സ്ഥാപിക്കാൻ മുൻകൈ എടുത്തയാളാണ് അഭിഷേക്. ഇവിടെ പരിശീലന മേൽനോട്ടവും അഭിഷേകിന് തന്നെ.
ബോർഡർ ഗവാസ്കർ ട്രോഫി, അതിന് മുൻപ് ന്യൂസീലൻഡിനെതിരെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പര എന്നിവകളിലെ മോശം പ്രകടനങ്ങളാണ് അഭിഷേക് നായരിൻ്റെ സ്ഥാനഭ്രംശത്തിലേക്ക് നയിച്ചത്. 2024 ജൂലായ് മാസത്തിൽ മാത്രം ടീം ഇന്ത്യയിലെത്തിയ അഭിഷേക് നായരിനെപ്പറ്റി താരങ്ങൾക്കൊക്കെ നല്ല അഭിപ്രായമായിരുന്നു. അതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും പെടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ, ടീം ഇന്ത്യയിലെ സീനിയർ താരം കെഎൽ രാഹുൽ എന്നിവരും അഭിഷേക് നായർ ബാറ്റിംഗിനെ സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. എല്ലാവരെയും പരിഗണിച്ച്, എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി ഏറ്റവും അവസാനം പരിശീലനത്തിൽ നിന്ന് മടങ്ങുന്നത് അഭിഷേക് നായരാണെന്നാണ് ടീമിൽ നിന്ന് ലഭിക്കുന്ന വിവരം. അതായത്, ഗംഭീറിൻ്റെ കോച്ചിങ് ടീമിൽ ഏറ്റവും നല്ല പ്രകടനം നടത്തിയ ആളാണ് അഭിഷേക് നായർ. എന്നാൽ, പാപഭാരം പേറേണ്ടിവന്നതും അഭിഷേകിന് തന്നെ.




ഡ്രസിങ് റൂമിലെ വിവരങ്ങൾ പുറത്തുപറഞ്ഞു എന്ന കാരണമാണ് അഭിഷേകിൻ്റെ സ്ഥാനം തെറിക്കലിന് പിന്നിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, മുൻപും ഡ്രസിങ് റൂമിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്, ചർച്ചകളായിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ ധൃതിപിടിച്ച് ബിസിസിഐ ഒരു തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് പിന്നിൽ മുഖം രക്ഷിക്കലാണെന്നാണ് കരുതേണ്ടത്. ഗൗതം ഗംഭീറെന്ന പരിശീലകനടങ്ങിയ ടീമിൻ്റെ പിഴവുകൾ ടീമിലെ ഏറ്റവും നല്ലയാളായ പുതുമുഖത്തിൽ ചാർത്തിയെന്ന് സാരം. എന്നിട്ട് ഒരു വാർത്താകുറിപ്പ് പുറത്തുവിടാൻ പോലും ബിസിസിഐ തയ്യാറായില്ല. വിവരം മാധ്യമ റിപ്പോർട്ടുകളായി പുറത്തുവന്നെങ്കിലും ഇത് ഉറപ്പിക്കുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലേക്ക് അഭിഷേകിനെ സ്വാഗതം ചെയ്ത് കുറിപ്പ് പോസ്റ്റ് ചെയ്തപ്പോഴാണ്. എത്ര മോശമായ രീതിയിലാണ് ബിസിസിഐ ഇതിനെ സമീപിച്ചത് എന്ന് നോക്കൂ.
അഭിഷേക് നായരിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെന്നല്ല, ഏത് ഐപിഎൽ ടീമിലും അനായാസം പ്രവേശനം ലഭിക്കും. അത്ര ആത്മാർത്ഥമായാണ് അദ്ദേഹം തൻ്റെ ജോലിയെ സമീപിക്കാറുള്ളത്. അതുകൊണ്ട് അഭിഷേക് ശർമ്മയ്ക്ക് മുട്ടുണ്ടാവില്ല. പക്ഷേ, നല്ലത് മാത്രം ചെയ്തിട്ടും വളരെ മോശമായി അദ്ദേഹത്തെ പുറത്താക്കിയ ബിസിസിഐയുടെ മുഖം രക്ഷിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാറിയെന്നുറപ്പ്.