T20 World Cup 2024 : ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ എക്സ് ഫാക്ടർ ആരാകും? വെളിപ്പെടുത്തി മുൻ ലോകകപ്പ് ജേതാവ്
T20 World Cup 2024 India Squad X Factor : ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകാൻ സാധ്യതയുള്ള താരത്തിൻ്റെ പേരാണ് മുൻ ലോകകപ്പ് ജേതാവായ മദൻ ലാൽ പങ്കുവെച്ചിരിക്കുന്നത്
ട്വൻ്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയ സ്ക്വാഡിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണും വാഹനപകടത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ക്രിക്കറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്ന റിഷഭ് പന്തും ടീമിലേക്കെത്തിയതാണ് ഇന്ത്യൻ സ്ക്വാഡിൻ്റെ പ്രത്യേകത. കൂറ്റനടി താരമായ റിങ്കു സിങ്ങിനെ പ്രധാന സ്ക്വാഡിൽ നിന്നും ഒഴിവാക്കി സബ്സ്റ്റിറ്റ്യൂട്ടാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ചെറിയതോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
എന്നിരുന്നാലും ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ആരാകും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടർ എന്ന്. ജൂൺ രണ്ടാം തീയതി അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ആരംഭിക്കുന്ന ട്വൻ്റി-20 ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചേർ ആരാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എന്നാർ ചിലർ തങ്ങളുടെ നിഗമനങ്ങളും പങ്കുവെക്കുന്നുണ്ട്. ഇന്ത്യ ടീമിൻ്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്താകും രോഹിത് ശർമ നയിക്കുന്ന ടീമിൻ്റെ എക്സ് ഫാക്ടറാകുക എന്നാണ് ഇന്ത്യയുടെ വേണ്ടി മുൻ ലോകകപ്പ് ജേതാവായ മദൻ ലാൽ അഭിപ്രായപ്പെടുന്നത്.
അപടകത്തിലേറ്റ പരിക്കിൽ നിന്നും ക്രിക്കറ്റിലേക്കുള്ള പന്തിൻ്റെ തിരിച്ചുവരവ് മികച്ചതായിരുന്നു. ഇന്ത്യക്ക് ലോകകപ്പ് ജയിക്കണമെങ്കിൽ പന്ത് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പന്ത്. താരത്തിന് ലഭിക്കുന്ന ബാറ്റിങ് പൊസിഷൻ ഏതാണോ, അത് താരം എങ്ങനെ വിനയോഗിക്കുന്നു തുടങ്ങിയവയെല്ലാം പന്തിൽ നിക്ഷിപ്തമായിരിക്കുന്നുയെന്ന് മദൻ ലാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൂടാതെ റിങ്കു സിങ്ങിനെ തഴഞ്ഞ് ശിവം ദൂബെയെ സ്ക്വാഡിലേക്ക് തിരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റി തീരുമാനത്തെ മദൻ ലാൽ പിന്തുണച്ചു. നിലവിൽ പുരോഗമിക്കുന്ന സീസണിൽ റിങ്കു സിങ്ങിന് ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദൂബെ അത് പ്രകടമാക്കിയെന്ന് മുൻ ലോകകപ്പ് ജേതാവായ താരം വ്യക്തമാക്കി. അതോടൊപ്പം മലയാളി താരം സഞ്ജു സാംസണിന് ഉൾപ്പെടുത്തിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ മദൻ ലാൽ പിന്തുണച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് മലയാളി താരം നിലവിൽ കാഴ്ചവെക്കുന്നതെന്ന് ലാൽ അഭിപ്രായപ്പെട്ടു. അതേസമയം പരിചയ സമ്പന്നനായ കെ.എൽ രാഹുലിനെ ഒഴിവാക്കിയ തീരുമാനത്തിൽ വ്യക്തതയില്ലെന്നും ലാൽ പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ്
രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
സബ് താരങ്ങൾ – ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ
ജൂൺ ഒന്നിനാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി ടി20 ലോകകപ്പിന് തുടക്കമാകുക. ഐർലൻഡിനെതിരെ ജൂൺ അഞ്ചിനാണ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിനാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക. ന്യൂയോർക്കിലെ നാസ്സാവു കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഐർലൻഡിനും പാകിസ്താനും പുറമെ യുഎസ്, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെയും ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരങ്ങൾ ഉണ്ട്.