Vinoo Balakrishnan: ടി20 ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ബോട്‌സ്വാന, നെടുംതൂണായി ഈ തൃശൂര്‍ സ്വദേശി; വിനു ബാലകൃഷ്ണന്‍ സംസാരിക്കുന്നു

Vinoo Balakrishnan Cricketer: ക്വാളിഫയറിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബോട്‌സ്വാനയ്ക്ക് കരുത്തായത് തൃശൂര്‍ സ്വദേശിയുടെ പ്രകടനമാണ്. പേര് വിനു ബാലകൃഷ്ണന്‍. എസ്വാറ്റിനിക്കെതിരെ നടന്ന മത്സരത്തില്‍ 66 പന്തില്‍ രണ്ട് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 101 റണ്‍സാണ് വിനു നേടിയത്

Vinoo Balakrishnan: ടി20 ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ബോട്‌സ്വാന, നെടുംതൂണായി ഈ തൃശൂര്‍ സ്വദേശി; വിനു ബാലകൃഷ്ണന്‍ സംസാരിക്കുന്നു

വിനു ബാലകൃഷ്ണന്‍ (image credits: social media)

Updated On: 

01 Dec 2024 18:10 PM

ടി20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയറില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബോട്‌സ്വാന ടീം. ക്വാളിഫയറില്‍ എസ്വാറ്റിനി, സിയേറ ലിയോണ്‍, ഐവറി കോസ്റ്റ്, സെയിന്റ് ഹെലേന എന്നീ ടീമുകളെയാണ് ബോട്‌സ്വാന പരാജയപ്പെടുത്തിയത്. നൈജീരിയയോട് മാത്രമാണ് തോറ്റത്.

അടുത്ത വര്‍ഷമാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. സിംബാബ്‌വെ, നമീബിയ ഉള്‍പ്പെടെയുള്ള കരുത്തരായ ടീമുകളെയാണ് ഫൈനല്‍ റൗണ്ടില്‍ എതിരിടാനുള്ളത്. ഫൈനല്‍ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടാനുള്ള പരിശ്രമത്തിലാണ് ബോട്‌സ്വാന ടീം.

ക്വാളിഫയറിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബോട്‌സ്വാനയ്ക്ക് കരുത്തായത് ഒരു തൃശൂര്‍ സ്വദേശിയുടെ പ്രകടനമാണ്. പേര് വിനു ബാലകൃഷ്ണന്‍. എസ്വാറ്റിനിക്കെതിരെ നടന്ന മത്സരത്തില്‍ 66 പന്തില്‍ രണ്ട് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 101 റണ്‍സാണ് വിനു നേടിയത്. മത്സരം 45 റണ്‍സിന് ബോട്‌സ്വാന ജയിച്ചു. വിനുവായിരുന്നു കളിയിലെ താരം.

രാജ്യാന്തര ടി20യില്‍ മലയാളികള്‍ കൂടുതല്‍ സെഞ്ചുറി നേടിയ വര്‍ഷമാണ് 2024. നാല് സെഞ്ചുറികളാണ് മലയാളി താരങ്ങളുടെ ബാറ്റില്‍ നിന്ന് ഈ വര്‍ഷം ഉദയം കൊണ്ടത്. അതില്‍ മൂന്നും സഞ്ജു സാംസണ്‍ നേടി. ആ പട്ടികയിലേക്ക് പേര് എഴുതിച്ചേര്‍ക്കുകയാണ് വിനുവും.

രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് വിനു. 2022ല്‍ സെന്റ് ഹെലേനയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് വിനു ആദ്യ സെഞ്ചുറി നേടുന്നത്. ബോട്‌സ്വാനയ്ക്കായി ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ താരവും വിനു തന്നെ. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും, ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് വിനു ബാലകൃഷ്ണന്‍, ടിവി9 മലയാളം ഡയലോഗ് ബോക്‌സിലൂടെ.

കുട്ടിക്കാലം തൃശൂരിലും, മദ്രാസിലും

തൃശൂരിലാണ് ജനിച്ചത്‌. പിന്നീട് മദ്രാസിലേക്ക് പോയി. കുട്ടിക്കാലം ചെലവഴിച്ചതും അവിടെയാണ്. പ്ലസ് ടു വരെ പഠിച്ചത് മദ്രാസിലാണ്. ഡിഗ്രിക്ക് കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്നു. അവിടെ ബിബിഎ പൂര്‍ത്തിയാക്കി. അതിന് ശേഷം സെന്റ് അലോഷ്യസ് എല്‍ത്തുരുത്തില്‍ എംകോം പഠിച്ചു.

മദ്രാസില്‍ താമസിക്കുന്ന സമയത്ത് ടെന്നീസ് ബോളിലും, കോര്‍ക്ക്‌ ബോളിലും കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു. കുട്ടനല്ലൂരില്‍ പഠിക്കുന്ന സമയത്താണ് സാധാരണ ക്രിക്കറ്റ് ബോളില്‍ കളിച്ചു തുടങ്ങിയത്. കോളേജ് ടീമിലുണ്ടായിരുന്നു. രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ കോളേജ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. അലോഷ്യസ് ടീമിലും ഉണ്ടായിരുന്നു.

സഹോദരന്റെ പിന്തുണ

മൂത്ത സഹോദരന്‍ മണികണ്ഠനാണ്‌ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം വ്യോമസേനയിലാണ്. അദ്ദേഹത്തിന് കായികമേഖലയോട് താല്‍പര്യമുണ്ട്. ചെറുപ്പത്തില്‍ സ്ട്രീറ്റ് ക്രിക്കറ്റ് മാത്രമാണ് കളിച്ചിരുന്നത്. പരിശീലനത്തിനൊന്നും പോകാന്‍ പറ്റിയിട്ടില്ല. സ്റ്റിച്ച് ബോളില്‍ കളി തുടങ്ങുന്നത് തന്നെ കോളേജില്‍ എത്തിയപ്പോഴാണ്.

വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. തൃശൂരിലെ എജിഎസ് ക്ലബിലാണ് ആദ്യം കളിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടുണ്ട്.

ബോട്‌സ്വാനയിലേക്ക്‌

കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തൃശൂരില്‍ ഒരു ടൂര്‍ണമെന്റ് നടന്നു. ചോപ്പീസ് ബോട്‌സ്വാന ട്രോഫി എന്നായിരുന്നു ടൂര്‍ണമെന്റിന്റെ പേര്. ടൂര്‍ണമെന്റിലെ ‘പ്രോമിസിങ് യങ്‌സ്റ്റര്‍’ പുരസ്‌കാരം നേടാനായി. അങ്ങനെ ബോട്‌സ്വാന ചോപ്പീസില്‍ ജോലി ലഭിച്ചു. അവരുടെ ക്രിക്കറ്റ് ടീമിലും ഭാഗമായി. ബോട്‌സ്വാനയില്‍ ക്രിക്കറ്റും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനായി. അങ്ങനെ ബോട്‌സ്വാന ദേശീയ ടീമിലുമെത്തി.

ആഫ്രിക്കന്‍ ഫൈനലിന് യോഗ്യത നേടാനായി. അത് അടുത്ത കൊല്ലം നടക്കും. അതിനുള്ള തയ്യാറെടുപ്പിലാണ്. ടി20 ലോകകപ്പിന് യോഗ്യത നേടാനുള്ള അവസാന ഘട്ടം അടുത്ത വര്‍ഷത്തെ ഫൈനലാണ്. സിംബാബ്‌വെ, നമീബിയ, കെനിയ തുടങ്ങിയ മികച്ച ടീമുകള്‍ക്കെതിരെയായിരിക്കും മത്സരം. ആകെ എട്ട് ടീമുകളുണ്ടാകും. രണ്ട് ടീമുകള്‍ക്ക് 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടാനാകും.

പിന്തുണ

ബോട്‌സ്വാന ചോപ്പീസ് സൂപ്പര്‍മാര്‍ക്കറ്റിലെ വെയര്‍ഹൗസ് മാനേജരാണ്. സിഇഒ രാമചന്ദ്രന്‍ ഒട്ടപ്പത്ത്, സിഎഫ്ഒ വിദ്യ എന്നിവരുടെ പിന്തുണയാണ് ഊര്‍ജ്ജം. അവരുടെ പിന്തുണയില്ലെങ്കില്‍ ഇതൊന്നും നടക്കുമായിരുന്നില്ല.

ജോലി തന്നെയാണ് പ്രധാനം. ഇതിനിടയില്‍ ക്രിക്കറ്റിന് സമയം കണ്ടെത്തുന്നുവെന്നേയുള്ളൂ. സി.കെ. വിശ്വംഭരന്‍ സാറിന്റെ ക്ലബിലൂടെയാണ് ക്രിക്കറ്റില്‍ സജീവമായത്. ക്ലബിന്റെ ക്യാപ്റ്റനായിരുന്ന ഡേവിസ് മണവാളന്‍, ചോപ്പീസിലെ നാരായണന്‍ ഒട്ടപ്പത്ത് തുടങ്ങിയവരും ഏറെ സഹായിച്ചിട്ടുണ്ട്. ഈ നിലയില്‍ എത്താന്‍ കാരണവും ഇവരാണ്. എല്ലാ വര്‍ഷവും നാട്ടിലേക്ക് വരാറുണ്ട്. പറ്റുന്നിടത്തോളം ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹം.

കുടുംബം

പരേതനായ ബാലകൃഷ്ണന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് വിനു. വൃന്ദയാണ് ഭാര്യ. നാലര വയസുകാരി മിതാലിയാണ് മകള്‍. മുന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനോടുള്ള ആരാധനയാണ് മകള്‍ക്ക് മിതാലി എന്ന പേര് നല്‍കാന്‍ കാരണം. മണികണ്ഠന്‍, രാജശേഖര്‍, ഗീത എന്നിവര്‍ വിനുവിന്റെ സഹോദരങ്ങളാണ്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ