Phillip Hughes: ദിശയറിയാതെയെത്തിയ ബൗണ്‍സറില്‍ പൊലിഞ്ഞ ജീവന്‍, ഫിലിപ്പ് ഹ്യൂഗ്‌സിന്റെ വേര്‍പാടിന് നാളെ 10 വയസ്
Phil Hughes Death Anniversary: ദിശയറിയാതെയെത്തിയ ഒരു ബൗണ്‍സര്‍ ഫിലിപ്പ് ജോയല്‍ ഹ്യൂഗ്‌സിന്റെ ജീവന്‍ കവര്‍ന്നിട്ട് നാളെ 10 വര്‍ഷം തികയും. 2014 നവംബര്‍ 27നാണ് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ ദാരുണാന്ത്യം സംഭവിച്ചത്
ദിശയറിയാതെയെത്തിയ ഒരു ബൗണ്‍സര്‍ ഫിലിപ്പ് ജോയല്‍ ഹ്യൂഗ്‌സിന്റെ (ഫില്‍ ഹ്യൂഗ്‌സ്) ജീവന്‍ കവര്‍ന്നിട്ട് നാളെ 10 വര്‍ഷം തികയും. 2014 നവംബര്‍ 27നാണ് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ ദാരുണാന്ത്യം സംഭവിച്ചത്. 26-ാം ജന്മദിനത്തിന് മൂന്ന് ദിവസം മുമ്പാണ് ജീവിതമെന്ന നാടകത്തിന് തിരശീലയിട്ട് ഈ മുന്‍ ഓസീസ് ക്രിക്കറ്റ് താരം യാത്രയായത്.
2014 നവംബര്‍ 25. ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് ലീഗില്‍ സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയ്ല്‍സും ഏറ്റുമുട്ടുന്നു. സൗത്ത് ഓസ്‌ട്രേലിയന്‍ താരങ്ങളായ ഫില്‍ ഹ്യൂഗ്‌സും, ടോം കൂപ്പറുമാണ് ക്രീസിലുണ്ടായിരുന്ന ബാറ്റര്‍മാര്‍. പന്തെറിയുന്നത് സീന്‍ അബോട്ട്. 63 റണ്‍സുമായി ഹ്യൂഗ്‌സ് സ്‌ട്രൈക്കിങ് എന്‍ഡിലും.
ക്രിക്കറ്റ് ചരിത്രത്തിലെ ആ കറുത്ത ദിനത്തിന്റെ അടയാളപ്പെടുത്തല്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. അബോട്ടിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ഹ്യൂസിന്റെ തലയ്ക്ക് പിന്നില്‍ ഇടിച്ചു. ഹ്യൂഗ്‌സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ച ഷോട്ട്. ഉടന്‍ തന്നെ താരം നിലത്തേക്ക് വീണു. 135 കി.മീ വേഗത്തിലാണ് പന്തെത്തിയത്. ഹെല്‍മറ്റിന്റെ സുരക്ഷ ഇല്ലാത്ത ഭാഗത്ത് പന്ത് കൊണ്ട് വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പിന്നാലെ മെഡിക്കല്‍ സ്റ്റാഫ് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴി സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കടക്കം താരം വിധേയനായി. ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥനകളില്‍ മുഴുകി. പക്ഷേ, പ്രാര്‍ത്ഥനകള്‍ വിഫലമാക്കി നവംബര്‍ 27ന് ഹ്യൂഗ്‌സ് യാത്രയായി.
ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കായികരംഗത്ത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സാധാരണ സംഭവമാണ്. എന്നാല്‍ പരിക്കുകള്‍ ജീവന്‍ കവരുന്നത് അത്യപൂര്‍വവും. ഹ്യൂഗ്‌സിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു, ചിന്തിപ്പിച്ചു.
ക്രിക്കറ്റില്‍ പല സുരക്ഷാ മാനദണ്ഡങ്ങളും കര്‍ക്കശമാക്കിയത് ഹ്യൂഗ്‌സിന്റെ മരണത്തോടെയാണ്. കൂടുതല്‍ സുരക്ഷയുള്ള ഹെല്‍മറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതും അന്ന് മുതലാണ്. ഹ്യൂഗ്‌സിന്റെ മരണം കായികരംഗത്ത് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി.
അബോട്ടിന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. മാനസികമായി ഏറെ തളര്‍ന്ന അബോട്ടിനെ ക്രിക്കറ്റ് ലോകം ചേര്‍ത്തുപിടിച്ചു. കൗണ്‍സിലിങിന് അടക്കം വിധേയനായാണ് താരം ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും തിരികെയെത്തിയതെന്നാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.
63 നോട്ടൗട്ട്
പുറത്താകാതെ 63 റണ്‍സാണ് അവസാന ഇന്നിങ്‌സില്‍ ഹ്യൂഗ്‌സ് നേടിയത്. പിന്നീട് സിഡ്‌നിയില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ 63 റണ്‍സ് നേടിയ ശേഷം ഡേവിഡ് വാര്‍ണര്‍ വികാരാധീനനായതും, ഹ്യൂസ് വീണ സ്ഥലത്ത് മുട്ടുകുത്തി നിന്നതും ആരാധകരുടെ മനം കവര്‍ന്നിരുന്നു.
2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഹ്യൂഗ്‌സിന്റെ അരങ്ങേറ്റം. പരിക്കേറ്റ മാത്യൂ ഹെയ്ഡന് പകരമായാണ് ഹ്യൂഗ്‌സിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്ത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിലപ്പെട്ട 75 റണ്‍സുകള്‍ നേടി ഹ്യൂഗ്‌സ് ലോകക്രിക്കറ്റിലേക്കുള്ള വഴിവെട്ടി.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ താരം സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേട്ടം ആവര്‍ത്തിച്ചു. ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ ഹ്യൂഗ്‌സിന് പ്രായം 20 വയസ് മാത്രം.
2013 ജനുവരിയില്‍ ഏകദിനത്തില്‍ അരങ്ങേറ്റം. ശ്രീലങ്കയായിരുന്നു എതിരാളികള്‍. കന്നി മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഈ ഇടംകൈയ്യന്‍ ബാറ്റര്‍ ഏകദിനത്തിലും വരവറിയിച്ചു. 2013 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. 2014 ഒക്ടോബര്‍ പാകിസ്ഥാനെതിരെ അവസാന ഏകദിനവും കളിച്ചു.
ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഒരു ടി20യും കളിച്ചു. 26 ടെസ്റ്റുകളില്‍ നിന്ന് 1,535 റണ്‍സാണ് താരം നേടിയത്. മൂന്ന് സെഞ്ചുറിയും, ഏഴ് അര്‍ധ സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. 25 ഏകദിന മത്സരങ്ങളില്‍ നിന്നുള്ള സമ്പാദ്യം 826 റണ്‍സ്.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 37 വയസായിരുന്നു ഹ്യൂഗ്‌സിന്റെ പ്രായം. ക്രിക്കറ്റ് കരിയറിന് ഇതിനകം വിരാമവും കുറിച്ചിരുന്നിരിക്കാം. എങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ റെക്കോഡ് പട്ടികയില്‍ ഇടം സമ്മാനിച്ചേക്കാവുന്ന നിരവധി ഇന്നിങ്‌സുകള്‍ ആ ബാറ്റില്‍ നിന്ന് ഉദയം കൊള്ളുമായിരുന്നുവെന്ന് തീര്‍ച്ച.
ആദ്യ ഏകദിന മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ അതേ പിച്ചില്‍ നിന്നാണ് താരം വിട പറഞ്ഞത്. ഹ്യൂഗ്‌സിന്റെ മരണം ഇന്നും തീരാവേദനയായി ആരാധകരെ വേട്ടയാടുകയാണ്. ഏകദിനത്തില്‍ ഹ്യൂഗ്‌സിന്റെ ജഴ്‌സി നമ്പര്‍ 64 ആയിരുന്നു. ആ നമ്പര്‍ പിന്നീട് ആര്‍ക്കും നല്‍കിയിട്ടില്ല. അത് ഹ്യൂഗ്‌സിന്റെ ഓര്‍മയ്ക്കായി ഇന്നും നിലനിര്‍ത്തിയിരിക്കുകയാണ്.
ദ ബോയ് ഫ്രം മാക്‌സ്‌വില്ലെ
ഹ്യൂഗ്‌സിന്റെ വേര്‍പാടിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഡോക്യുമെന്ററി പുറത്തിറക്കി. ‘ദ ബോയ് ഫ്രം മാക്‌സ്‌വില്ലെ’ എന്നാണ് പേര്. ഹ്യൂഗ്‌സിന്റെ സഹതാരങ്ങള്‍, സുഹൃത്തുക്കള്‍, കുടുബാംഗങ്ങള്‍ എന്നിവരുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ട്.
അഡലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഹ്യൂഗ്‌സിന് ആദരമര്‍പ്പിച്ചാകും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡിലെ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് ആദരമര്‍പ്പിക്കും.