Himani Mor : ടെന്നീസ് പ്രതിഭ, യുഎസില്‍ ഉപരിപഠനം; നീരജ് ചോപ്രയുടെ പത്‌നി ഹിമാനിയെക്കുറിച്ചറിയാം
Who Is Himani Mor? : സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നീരജ് വിവാഹവാര്‍ത്ത പങ്കുവച്ചത്. നീരജിന്റെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പോലും സൂചന ലഭിച്ചിരുന്നില്ല. നീരജ് വിവാഹവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ മാത്രമാണ് എല്ലാവരും അറിയുന്നത്. ബന്ധുക്കളടക്കം അമ്പതോളം പേര്‍ നീരജിന്റെയും ഹിമാനിയുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു
കഴിഞ്ഞ ദിവസമാണ് ഒളിമ്പിക് മെഡല്‍ ജേതാവും, ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായത്. ഹിമാനി മോറാണ് വധു. വിവാഹവാര്‍ത്ത പുറത്തായതിന് പിന്നാലെ രാജ്യത്തിന്റെ അഭിമാന താരത്തിന്റെ പത്‌നിയെക്കുറിച്ചറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. അതുകൊണ്ട് തന്നെ രാണ് ഹിമാനെയന്ന് ആരാധകര്‍ തിരയാനും തുടങ്ങി. നീരജ് ജീവിതസഖിയായി തിരഞ്ഞെടുത്തതും ഒരു കായികതാരത്തെയാണ്. ടെന്നീസ് താരമാണ് ഈ 25കാരി. ഹരിയാനയിലെ സോണിപത്ത് സ്വദേശിനിയാണ്. ഫ്രാങ്ക്ലിൻ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റിൽ (മേജർ) മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുകയാണ് നിലവില്‍ ഹിമാനി.
ഡൽഹിയിലെ മിറാൻഡ ഹൗസിൽ പൊളിറ്റിക്കൽ സയൻസിലും ഫിസിക്കൽ എജ്യുക്കേഷനിലും അവര്‍ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിക്ക് വേണ്ടി ദേശീയ തലത്തിൽ മത്സരിച്ചു. 2017 ൽ തായ്പേയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിലും പങ്കെടുത്തു. 016 ൽ മലേഷ്യയിൽ നടന്ന ലോക ജൂനിയർ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.
സിംഗിൾസിൽ 42 ഉം ഡബിൾസിൽ 27 ഉം ആയിരുന്നു ഹിമാനിയുടെ കരിയറിലെ ഏറ്റവും മികച്ച ദേശീയ റാങ്കെന്ന് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 2018ലായിരുന്നു ഈ നേട്ടം. 2018ലാണ് അവര്‍ എഐടിഎ ഇവന്റുകളില്‍ മാത്രം കളിക്കാന്‍ തുടങ്ങിയത്. മസാച്യുസെറ്റ്സിലെ ആംഹെർസ്റ്റ് കോളേജ് ഹിമാനിയെ വനിതാ ടെന്നീസ് സഹപരിശീലകയായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹിമാനി സോണിപത്ത് സ്വദേശിനിയാണെന്നും, യുഎസിലാണ് പഠിക്കുന്നതെന്നും നീരജിന്റെ പിതൃസഹോദരൻ ഭീം ചോപ്ര പറഞ്ഞു. നീരജും ഹിമാനിയും ഹണിമൂണിനായി വിദേശത്തേക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നീരജ് തന്റെ വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. നീരജിന്റെ വിവാഹത്തെക്കുറിച്ച് അതുവരെ മാധ്യമങ്ങള്‍ക്ക് പോലും സൂചന ലഭിച്ചിരുന്നില്ല. നീരജ് വിവാഹവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ മാത്രമാണ് എല്ലാവരും അറിയുന്നത്. അടുത്ത ബന്ധുക്കളടക്കം അമ്പതോളം പേര്‍ നീരജിന്റെയും ഹിമാനിയുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
Read Also : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നും, സ്‌നേഹത്താല്‍ ബന്ധിതമായെന്നും നീരജ് കുറിച്ചു. ആരാധകരടക്കം നിരവധി പേരാണ് നീരജിനും ഹിമാനിക്കും ആശംസകള്‍ നേര്‍ന്നത്.
അതേസമയം, ഈ വര്‍ഷം സെപ്തംബര്‍ 13 മുതല്‍ 21 വരെ ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് നീരജ്. പരിക്കിന്റെ പിടിയിലായ താരം പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. ഒളിമ്പിക്‌സിലടക്കം പരിക്ക് താരത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ആശങ്കകള്‍ താരം തള്ളിക്കളഞ്ഞു. സാങ്കേതികത മെച്ചപ്പെടുത്തുന്നതിലാണ് തന്റെ ശ്രമമെന്നും നീരജ് വ്യക്തമാക്കി.
ഇന്ത്യയില്‍ നടക്കുന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ജാവലിൻ ത്രോ ഇവന്റിലും നീരജ് പങ്കെടുത്തേക്കും. മെയിലാകും ഈ മത്സരം. എന്നാല്‍ ഇതിന്റെ തീയതിയോ വേദിയോ നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.