Major Dhyan Chand : ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒളിമ്പ്യൻ; മേജർ ധ്യാൻ ചന്ദിനെ ഓർമിക്കുമ്പോൾ

Who is Major Dhyan Chand: ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒളിമ്പ്യനാണ് മേജർ ധ്യാൻ ചന്ദ്. അദ്ദേഹത്തിൻ്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് നമ്മൾ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇന്ത്യൻ ഹോക്കിയുടെ സുവർണകാലത്തിൻ്റെ പതാകവാഹകനായ ധ്യാൻ ചന്ദിനെ ഓർമിക്കാം.

Major Dhyan Chand : ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒളിമ്പ്യൻ; മേജർ ധ്യാൻ ചന്ദിനെ ഓർമിക്കുമ്പോൾ

Who is Major Dhyan Chand (Image Courtesy - Social Media)

Published: 

28 Aug 2024 23:47 PM

ഹോക്കിയിൽ ഇന്ത്യ അപരാജിതരായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹോക്കി യൂറോപ്പ് ഏറ്റെടുത്ത് മേജർ ടൂർണമെൻ്റുകളിലൊക്കെ സിന്തറ്റിക് ഫീൽഡ് വിരിച്ച കാലത്തിന് മുൻപ് ഇന്ത്യയായിരുന്നു ഹോക്കിയിലെ അവസാന വാക്ക്. ഒളിമ്പിക്സ് അടക്കമുള്ള ഇവൻ്റുകളിൽ ഇന്ത്യ എതിരാളികളില്ലാതെ കുതിച്ചു. ഈ കുതിപ്പിലെ വലിയ ഊർജമായിരുന്നു മേജർ ധ്യാൻ ചന്ദ്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒളിമ്പ്യൻ. ഇന്ത്യ ഉത്പാദിപ്പിച്ച ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാൾ. ഓഗസ്റ്റ് 29ന് ഇന്ത്യ ആചരിക്കുന്ന ദേശീയ കായിക ദിനം മേജർ ധ്യാൻ ചന്ദിൻ്റെ ജനന ദിനമാണ്.

മൂന്ന് ഒളിമ്പിക്സുകളിലാണ് മേജർ ധ്യാൻ ചന്ദിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സ്വർണമെഡൽ നേടിയത്. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻ ചന്ദിൻ്റെ പ്രകടനങ്ങൾ നിരവധി പ്രധാന ഇവൻ്റുകളിൽ ഇന്ത്യയ്ക്ക് കനകകിരീടം സമ്മാനിച്ചു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് എത്തിപ്പിടിച്ചത് സമാനതകളില്ലാത്ത നേട്ടമായിരുന്നു. അഡോൾഫ് ഹിറ്റ്ലറിൻ്റെ മുന്നിൽ പോലും നിവർന്നുനിന്ന ധ്യാൻ ചന്ദ് കളിക്കളത്തിൽ നിലപാടുയർത്തിപ്പിടിച്ച മഹാൻ കൂടിയായിരുന്നു.

Also Read : P R Sreejesh: ‘പശുവിനെ വിറ്റാണ് പാഡ് വാങ്ങിയത്, സ്പോർട്സ് നിർത്തിയാലോ എന്ന് ആലോച്ചിട്ടുണ്ട്’: പി ആർ ശ്രീജേഷ്

1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് ധ്യാൻ ചന്ദ് ജനിച്ചത്. സമേശ്വർ സിങ്, ശാരദ സിങ് എന്നിവരായിരുന്നു ധ്യാൻ ചന്ദിൻ്റെ മാതാപിതാക്കൾ. സമേശ്വർ സിങ് ബ്രിട്ടീഷ് ആർമി ഒഫീസറായിരുന്നതിനാൽ പലയിടത്തായിട്ടായിരുന്നു ധ്യാൻ ചന്ദിൻ്റെ വിദ്യാഭ്യാസം. ഒടുവിൽ ഗ്വാളിയോറിയ വിക്ടോറിയ കോളജിൽ നിന്ന് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. 17ആം വയസിൽ ധ്യാൻ ചന്ദ് ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. അപ്പോൾ മുതൽ തൻ്റെ 21ആം വയസ് വരെ പട്ടാളത്തിനകത്തെ റെജിമെൻ്റുകൾ തമ്മിലുള്ള മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടിയ ധാൻചന്ദ് ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞു. ആകെ കളിച്ച 21 മത്സരങ്ങളിൽ 18ഉം വിജയിച്ചെത്തിയ ആ ടീം ധ്യാൻ ചന്ദിൻ്റെ പ്രകടനങ്ങളുടെ പേരിൽ ഓർമിക്കപ്പെട്ടു.

1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഓസ്ട്രിയയെ മടക്കമില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ച് തുടങ്ങിയ ഇന്ത്യ പിന്നീട് നിലവിലെ ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ 9-0നും ഡെന്മാർക്കിനെ 5-0നും വീഴ്ത്തി. സെമിയിൽ സ്വിറ്റ്സർലൻഡിനെ 6-0ന് കീഴടക്കിയ ഇന്ത്യ ഫൈനലിൽ ആതിഥേയരായ നെതർലൻഡിനെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് തുരത്തി ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം ഇന്ത്യക്ക് സമ്മാനിച്ചു. ടൂർണമെൻ്റിലാകെ, കേവലം അഞ്ച് മത്സരങ്ങളിൽ നിന്ന് ധ്യാൻ ചന്ദ് നേടിയത് 14 ഗോളുകൾ.

അടുത്ത ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് ഇതിനെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. സഹോദരൻ രൂപ് സിംഗ് കൂടി ആക്രമണത്തിലെത്തിയതോടെ ഇന്ത്യ ഇരട്ടയക്കം ഗോളുകൾ നേടി കുതിച്ചു. ഫൈനലിൽ അമേരിക്കയെ ഒന്നിനെതിരെ 24 ഗോളടിച്ച് തോല്പിച്ചാണ് ഇന്ത്യ അത്തവണ സ്വർണം നേടിയത്. ധ്യാൻ ചന്ദ് ഗോളടിച്ചുകൂട്ടുന്നത് കണ്ട് ഹോക്കി സ്റ്റിക്കിൽ സവിശേഷതയുണ്ടോ എന്ന് സംശയിച്ച എതിരാളിയ്ക്ക് അദ്ദേഹം മറുപടി നൽകിയത് തൻ്റെ സ്റ്റിക്ക് നൽകി എതിരാളിയുടെ സ്റ്റിക്ക് ഉപയോഗിച്ച് കളി തുടർന്നാണ്. എന്നിട്ടും ധ്യാൻ ചന്ദ് അനായാസം എട്ട് തവണ അമേരിക്കൻ വല തുളച്ചു. അന്ന് ഒരു മാധ്യമം കളി റിപ്പോർട്ട് ചെയ്ത് പറഞ്ഞത്, ഇന്ത്യക്കാരെ ഇടം കൈ കൊണ്ട് മാത്രം കളിക്കാൻ അനുവദിച്ചാൽ മതിയെന്നായിരുന്നു.

Also Read : Womens T20 World Cup : സജനയും ആശയും; മലയാളിയുടെ ലോകകപ്പ് മോഹങ്ങൾക്ക് നിറം പകരുന്ന രണ്ട് സ്ത്രീകൾ

1936 ബർലിൻ ഒളിമ്പിക്സിന് മുൻപ് നടന്ന പരിശീലന മത്സരത്തിൽ ആതിഥേയരായ ജർമ്മനിയോട് 4-1ന് തോറ്റെങ്കിലും ടൂർണമെൻ്റിൽ ഇന്ത്യ തേരോട്ടം തുടർന്നു. ഹംഗറി (4-0), അമേരിക്ക (7-0), ജപ്പാൻ (9-0) എന്നിങ്ങനെ മുന്നേറിയ ഇന്ത്യ സെമിയിൽ ഫ്രാൻസിനെ എതിരില്ലാത്ത 10 ഗോളിന് വീഴ്ത്തി ഫൈനലിലെത്തി. ജർമനിയായിരുന്നു ഫൈനൽ എതിരാളികൾ. അന്ന് അഡോൾഫ് ഹിറ്റ്ലറാണ് ജർമനിയുടെ ഭരണാധികാരി. ഒളിമ്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അഡോൾഫ് ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ച ധ്യാൻ ചന്ദിൻ്റെ ഇന്ത്യ അപ്പോഴേ ചർച്ചയായി. ഇന്ത്യൻ ടീമിൻ്റെ പരാജയം കാണാനാണ് ഹിറ്റ്ലറും കലാശപ്പോരിനെത്തിയത്. എന്നാൽ, ഒന്നിനെതിരെ എട്ട് ഗോളടിച്ച് ഇന്ത്യ വിജയിക്കുമ്പോൾ ഹാട്രിക്ക് നേടി ധ്യാൻ ചന്ദ് ഹിറ്റ്ലറിന് മറുപടി നൽകി. ഈ ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് ആകെ നേടിയത് 13 ഗോളുകൾ. ആ പ്രതിഭയ്ക്ക് മുന്നിൽ മറുപടിയില്ലാതെ പോയ ഹിറ്റ്ലർ അത്താഴ വിരുന്ന് കൂടി നൽകിയാണ് ടീമിനെ യാത്രയാക്കിയത്. ഇതിനൊപ്പം ഒരു ഓഫർ കൂടി ഹിറ്റ്ലർ മുന്നോട്ടുവച്ചു. ജർമ്മനിയിൽ സ്ഥിര താമസമാക്കിയാൽ ജർമ്മൻ ആർമിയിൽ കേണൽ പദവി. എന്നാൽ, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ധ്യാൻ ചന്ദ് ഈ ഓഫർ നിരസിച്ചു. ആകെ പങ്കെടുത്ത മൂന്ന് ഒളിമ്പിക്സുകളിൽ 12 മത്സരങ്ങൾ കളിച്ച ധ്യാൻ ചന്ദ് ആകെ നേടിയത് 33 ഗോളുകളാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാർ പട്ടാളത്തിൽ മേജർ പദവി നൽകി. സൈന്യത്തിൽ 34 വർഷത്തെ സേവനത്തിന് ശേഷം 1956 ഓഗസ്റ്റ് 29 ന് ലഫ്റ്റനന്റായി ധ്യാൻ ചന്ദ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് പരിശീലകനായി പ്രവർത്തിച്ച അദ്ദേഹം ക്യാൻസറിനെ തുടർന്ന് 1979 ഡിസംബർ 3ന് അന്തരിച്ചു. പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽ രത്ന മേജർ ധ്യാൻ ചന്ദിൻ്റെ പേരിലാണ്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ