David Catala: കളിതന്ത്രങ്ങള്‍ മെനയാന്‍ ഇനി കറ്റാലയുണ്ട്; ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍
David Catala Kerala Blasters’ new head coach: ബ്ലാസ്റ്റേഴ്സ് പോലുള്ള ഒരു ക്ലബ്ബിനെ നയിക്കാൻ ദൃഢനിശ്ചയവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിവുള്ള ഒരാളെയാണ് വേണ്ടതെന്നും, ഡേവിഡ് കറ്റാല അത്തരത്തിലുള്ള ആളാണെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി. ഡേവിഡ് കറ്റാലയുടെ ദൃഢനിശ്ചയവും, കേരള ബ്ലാസ്റ്റേഴ്‌സിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിലാഷവുമാണ് നിയമനത്തിന് പിന്നിലെന്ന് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് കറ്റാലയെ നിയമിച്ചു. സ്‌പെയിന്‍ സ്വദേശിയായ ഈ 44കാരന്‍ സദബെല്‍ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 2026 വരെയാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സിന് കരാറുള്ളത്. ഉടന്‍ തന്നെ കറ്റാല പരിശീലക ചുമതല ഏറ്റെടുക്കുമെന്ന് ക്ലബ് അറിയിച്ചു. മുൻ സെൻട്രൽ ഡിഫൻഡറായ കറ്റാല സ്‌പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം വിവിധ ടീമുകളുടെ മാനേജരായി പ്രവര്‍ത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകുന്നത് ബഹുമതിയായി കാണുന്നുവെന്ന് കറ്റാല പറഞ്ഞു. സമാനതകളില്ലാത്ത അഭിനിവേശമാണ് ക്ലബിന് ഫുട്‌ബോളിനോടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോളിനെ ജീവവായുവായി കാണുന്ന നഗരമാണിതെന്നും, മികച്ച ആരാധകവൃന്ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്‌റ്റേഴ്‌സ് വിജയം അര്‍ഹിക്കുന്നു. ഒരുമിച്ച് നമ്മള്‍ ആ ലക്ഷ്യം പിന്തുടരും. കലൂരിന്റെ ഊർജ്ജവും ക്ലബ്ബിന്റെ ഔന്നത്യവും വിജയത്തില്‍ കുറഞ്ഞതൊന്നും ആവശ്യപ്പെടുന്നില്ലെന്നും, ക്ലബിലെ എല്ലാവരെയും കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും കറ്റാല പറഞ്ഞു.




ബ്ലാസ്റ്റേഴ്സ് പോലുള്ള ഒരു ക്ലബ്ബിനെ നയിക്കാൻ ദൃഢനിശ്ചയവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിവുള്ള ഒരാളെയാണ് വേണ്ടതെന്നും, ഡേവിഡ് കറ്റാല അത്തരത്തിലുള്ള ആളാണെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ക്ലബ്ബിനെ വിജയിപ്പിക്കാനും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും അദ്ദേഹത്തോടൊപ്പം നാം പ്രവര്‍ത്തിക്കണം. ബ്ലാസ്റ്റേഴ്‌സുമായുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അഭിക് ചാറ്റർജി വ്യക്തമാക്കി.
ഡേവിഡ് കറ്റാലയുടെ ദൃഢനിശ്ചയവും, കേരള ബ്ലാസ്റ്റേഴ്‌സിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിലാഷവുമാണ് നിയമനത്തിന് പിന്നിലെന്ന് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.
ഒരു ഗ്രൂപ്പിനെ മാനേജ് ചെയ്യാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ ഒരുമിച്ച് നിർത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുന്നുവെന്നും, ഇപ്പോള്‍ ക്ലബിന് ആവശ്യമുള്ളത് അദ്ദേഹത്തിന്റെ ശാന്തതയും കഴിവുമാണെന്ന് വിശ്വസിക്കുന്നുവെന്നും കരോലിസ് കൂട്ടിച്ചേര്‍ത്തു. സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി ഡേവിഡ് കാറ്റാല ഉടൻ കൊച്ചിയിലെത്തുമെന്നാണ് വിവരം.
എസ്പാന്യോള്‍ ബി ടീമിലൂടെ കരിയര്‍ ആരംഭിച്ച കറ്റാല പിന്നീട് എസ്പാന്യോള്‍ സീനിയര്‍ ടീമിലും കളിച്ചു. 2000-2019 കാലയളവില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചു. 2021 മുതലാണ് മാനേജരായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. എഇകെ ലാര്‍നക്കയിലായിരുന്നു മാനേജരെന്ന നിലയിലുള്ള തുടക്കം.