Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Bikash Yumnam Joined Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പുതിയ അധ്യായത്തിന് തുടക്കമിടുന്നതില്‍ സന്തോഷമുണ്ടെന്ന് ബികാഷ്. യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതിലും അവസരങ്ങൾ നൽകുന്നതിലും മികച്ച ചരിത്രമുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും താരം . ബികാഷ് യുംനാമിനെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ
‘ആടി സെയില്‍’ നടത്താന്‍ മാത്രമല്ല, കിടിലന്‍ താരങ്ങളെ ടീമിലെത്തിക്കാനും നന്നായി അറിയാമെന്ന് തെളിയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രീതം കോട്ടാലുമായി വഴിപിരിഞ്ഞതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ ടീമിലെത്തിച്ചത്. പ്രീതം പോകുന്നത് ചെന്നൈയിന്‍ എഫ്‌സിയിലേക്കാണെങ്കില്‍, ആ ടീമില്‍ നിന്ന് തന്നെയാണ് യുവതാരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നത്. യുവ പ്രതിരോധ താരം ബികാഷ് യുംനാമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്. മികച്ച സൈനിങ്ങാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബികാഷ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മണിപ്പൂര്‍ സ്വദേശിയായ ഈ സെന്റര്‍ ബാക്കുമായി 2029 വരെയാണ് ബ്ലാസ്റ്റേഴ്‌സിന് കരാറുള്ളത്. പ്രതിഭാധനനായ ഈ യുവതാരം ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2020 ഫെബ്രുവരി അഞ്ചിന് നെറോക്ക എഫ്‌സിക്കെതിരായ മത്സരത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് താരം റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിക്ക് വേണ്ടി കളിച്ചു.
2023ലാണ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ദേശീയ അണ്ടര്‍ 16, 19, 20 ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2018ലെ എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമില്‍ ബികാഷും ഉണ്ടായിരുന്നു. 2020-ൽ, ദി ഗാർഡിയന്റെ “നെക്സ്റ്റ് ജനറേഷൻ 2020” പട്ടികയിൽ ഇടം നേടിയ താരമാണ് ബികാഷ്.
കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പുതിയ അധ്യായത്തിന് തുടക്കമിടുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതിലും അവസരങ്ങൾ നൽകുന്നതിലും മികച്ച ചരിത്രമുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും താരം വ്യക്തമാക്കി. ബികാഷ് യുംനാമിനെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു. പ്രതിരോധത്തില്‍ വിലപ്പെട്ട സമ്പത്തായിരിക്കും താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മോണ്ടിനെഗ്രിൻ മിഡ്‌ഫീൽഡർ ഡുഷാൻ ലഗേറ്ററെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. ഫ്രഞ്ച് മിഡ്‌ഫീൽഡർ അലക്‌സാണ്ടർ കോയിഫുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ലഗേറ്ററെ ടീമിലെത്തിച്ചത്.
നേരത്തെ ബ്രൈസ് മിറാണ്ട, പ്രബീര്‍ ദാസ് തുടങ്ങിയ താരങ്ങളെ ലോണില്‍ വിട്ടപ്പോഴും, പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ‘ആടി സെയില്‍’ നടത്തുന്നുവെന്നായിരുന്നു ആരാധകരുടെ പരിഹാസം. ഇതിന് പിന്നാലെയാണ് പുതിയ താരങ്ങളെ ടീമിലെത്തിച്ചത്. ഒരു ഗോള്‍ കീപ്പറുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയതായും അഭ്യൂഹമുണ്ട്.
പോയിന്റ് പട്ടികയില്‍
17 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ആറു ജയവും, മൂന്ന് സമനിലയും, എട്ട് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. 30-ാം മിനിറ്റില്‍ ഐബന്‍ഭ ദോഹ്ലിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടും, പത്ത് പേരുമായി പൊരുതിക്കളിച്ച് സമനില പിടിച്ചുവാങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.