5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL: പൂരം കൊടിയേറുന്നു മക്കളെ! ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്, മത്സരങ്ങൾ എവിടെ കാണാം?

ISL: ലോകത്തിന്റെ ഏത് ഭാ​ഗത്തായാലും മലയാളികളുണ്ട്. ഫുട്ബോളിനെ അത്രയധികം ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഐഎസ്എൽ മത്സരങ്ങൾ ലോകത്തിന്റെ ഏത് കോണിലിരുന്നും കാണാം.

ISL: പൂരം കൊടിയേറുന്നു മക്കളെ! ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്, മത്സരങ്ങൾ എവിടെ കാണാം?
Image Credit: isl
athira-ajithkumar
Athira CA | Published: 13 Sep 2024 16:01 PM

കൊൽക്കത്ത: ഐഎസ്എൽ 11-ാം സീസണിന് തുടക്കമാകുന്നത് നാല് മാസം മുമ്പ് അവസാനിപ്പിച്ചിടത്ത് നിന്ന്. പത്താം സീസണിലെ ഫെെനലിസ്റ്റുകളായ മുംബെെ സിറ്റിയും ഷീൽഡ് ജേതാക്കളായ മോഹൻ ബ​ഗാനും നേർക്കുനേർ. രണ്ടാം കിരീടം തേടിയാണ് മുംബെെ ഇറങ്ങുന്നതെങ്കിൽ കലാശപ്പോരിലെ തോൽവിക്ക് പകരം വീട്ടി തുടങ്ങാനും 5-ാം ട്രോഫി ലക്ഷ്യമിട്ടുമാണ് മോഹൻ ബ​ഗാൻ ഇറങ്ങുന്നത്. രാത്രി 7.30ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോര്.

ഐഎസ്എൽ മത്സരങ്ങൾ എവിടെ കാണാം

ലീ​ഗിന്റെ തത്സമയ സംപ്രേക്ഷണം സ്പോര്‍ട്സ് 18 നെറ്റ് വർക്കിൽ ലഭ്യമാകും. ജിയോ സിനിമ സൗജന്യമായാണ് തത്സമയ സ്ട്രീമിം​ഗ് നല്‍കുന്നത്. സ്റ്റാർ സ്പോർട്സിൽ നിന്നാണ് സ്പോർട്സ് 18 നെറ്റ് വർക്ക് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ലോകത്തെ 190 രാജ്യങ്ങളിലുള്ള ഫുട്ബോൾ ആരാധകർക്ക് വൺഫുട്ബോൾ ആപ്പിലൂടെയും വെബ്സെറ്റിലൂടെയും മത്സരം കാണാം. സെർബിയ, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ബോസ്നിയ, ഹെർസഗോവിന, സ്ലോവേനിയ, നോർത്ത് മാസിഡോണിയ, കൊസോവോ എന്നീ രാജ്യങ്ങളിൽ അരീന സ്പോർട്സ് വഴിയാണ് ഫുട്ബോൾ പൂരം ആരാധകർക്ക് മുന്നിലെത്തുന്നത്.

പുതിയ പരിശീലകൻ ഹോസെ മോളിനയുടെ തന്ത്രങ്ങൾക്കനുസരിച്ചാണ് ബ​ഗാൻ കളത്തിലിറങ്ങുക. ഓസ്ട്രേലിയൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ​ഗോൾവേട്ടക്കാരിൽ ഒരാളായ ജേമി മക്ലാരനാണ് ടീമിലെ സൂപ്പർ താരം. ജയ്സൺ കമ്മിം​ഗ്സ്, ദിമിത്രി പെട്രറ്റോസ്, ​ഗ്രെ​ഗ് സ്റ്റുവർട്ട്, മൻവീർ സിം​ഗ്, ലിസ്റ്റൺ കോളാസോ, അനിരുഥ് താപ്പ, മലയാളി താരങ്ങളായ ആഷിക് കുരുണിയൻ സഹൽ അബ്ദുൽ സമദ് എന്നിവർ കൂടി ചേരുമ്പോൾ ബ​ഗാൻ നിര സുശക്തമാണ്.

‌മുംബെെ സിറ്റി കിരീടം നിലനിർത്താൻ ഇറങ്ങുന്നത് മലയാളി ​ഗോൾകീപ്പർ ടിപി രഹനേഷ്, പിഎൻ നൗഫൽ എന്നിവർ ഉൾപ്പെടെ 13 താരങ്ങളുമായാണ്. മുന്നൊരുക്കത്തിലും പരിശീലനത്തിലുമെല്ലാം പരിശീലകൻ പീറ്റർ ക്രാറ്റ്കീ തൃപ്തൻ. എതിരാളികൾക്ക് പേടി സ്വപ്നമായി ചാങ്തെയും വിക്രം സിം​ഗും മുംബെെ നിരയിലുണ്ട്.

മലയാളികൾക്ക് ഓണസമ്മാനമായി തിരുവോണ നാളിലാണ് സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‍റെ പകരക്കാരനായെത്തിയ മൈക്കൽ സ്റ്റാറേയിലും പുതിയ താരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഐലീ​ഗ് ചാമ്പ്യന്മാരായെത്തിയ പഞ്ചാബ് എഫ്സിയാണ് കൊമ്പൻമാരുടെ എതിരാളികൾ.

ഐഎസ്എല്ലിലെ പുതിയ നിയമ പരിഷ്കാരങ്ങൾ

സഹപരിശീലകൻ
ഐഎസ്എൽ 11-ാം സീസൺ മുതൽ എല്ലാ ക്ലബ്ബുകൾക്കും ഇന്ത്യക്കാരനായ സഹപരിശീലകനെ നിർബന്ധമാക്കി. മുഖ്യ പരിശീലകൻ ഇല്ലാത്ത സമയത്ത് ടീം കളത്തിലിറങ്ങുക സഹപരിശീലകന് കീഴിലാണ്.

റെഡ് കാർഡ്
മത്സരത്തിൽ ഒരു താരത്തിന് റഫറിയിം​ഗിലെ പിശക് മൂലം റെഡ് കാർഡ് നൽകിയാൽ ടീമുകൾക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. മത്സരം അവസാനിച്ച് 2 മണിക്കൂറിനുള്ളിൽ ഇക്കാര്യം മാച്ച് കമ്മീഷണറെ അറിയിക്കണമെന്നാണ് ചട്ടം.

കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്
കളിക്കാരന് തലയ്ക്ക് പരിക്കേറ്റ് ​ഗ്രൗണ്ടിൽ തുടരാൻ വയ്യാത്ത സാഹചര്യമുണ്ടായാൽ ടീമുകൾക്ക് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മറ്റൊരു താരത്തെ ഇറക്കാം.