Pink Ball Test : എന്താണ് പിങ്ക് ബോൾ ടെസ്റ്റ്?; പിങ്ക് ബോളും റെഡ് ബോളും തമ്മിലുള്ള വ്യത്യാസമെന്ത്?
What Is A Pink Ball Test? : ബോർഡർ - ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റാണ്. അഡലെയ്ഡിൽ ഡിസംബർ ആറിന് മത്സരം ആരംഭിക്ക്കും. ക്രിക്കറ്റ് ഗൗരവമായി പിന്തുടരാത്തവർക്ക് പിങ്ക് ബോൾ ടെസ്റ്റ് എന്നാൽ എന്തെന്ന് അറിയാനിടയില്ല. അത്തരക്കാർക്ക് പിങ്ക് ബോൾ ടെസ്റ്റ് എന്താണെന്നറിയാം.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബർ ആറിനാണ് ആരംഭിക്കുക. അഡലെയ്ഡിലെ അഡലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരം പിങ്ക് ബോൾ ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. കടുത്ത ക്രിക്കറ്റ് ആരാധകർക്ക് പിങ്ക് ബോൾ ടെസ്റ്റ് എന്താണെന്ന് അറിയുമായിരിക്കും. എന്നാൽ, ക്രിക്കറ്റ് അത്ര ഗൗരവമായി പിന്തുടരാത്തവർക്ക് ഇത് എന്താണ് അറിയണമെന്നില്ല. പിങ്ക് ബോൾ ടെസ്റ്റും പിങ്ക് ബോളും റെഡ് ബോളും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അറിയാം.
പിങ്ക് ബോൾ ടെസ്റ്റ് എന്നാൽ എന്ത്?
പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങളാണ് പിങ്ക് ബോൾ ടെസ്റ്റുകൾ. അതായത് സാധാരണ ടെസ്റ്റ് മത്സരങ്ങൾ രാവിലെ ആരംഭിക്കുമ്പോൾ പിങ്ക് ബോൾ ടെസ്റ്റ് മത്സരങ്ങൾ എല്ലാ ദിവസവും ഉച്ചയ്ക്കാണ് ആരംഭിക്കുക. എന്നിട്ട് രാത്രി അവസാനിക്കും. അഞ്ച് ദിവസം വരെ നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന് ആരാധകർ കുറഞ്ഞപ്പോൾ കൊണ്ടുവന്ന മാർഗമാണ് ഇത്. പകൽ ജോലിയൊക്കെ കഴിഞ്ഞ് തിരികെയെത്തുന്നവർക്ക് രാത്രി കളി കാണാൻ സമയം ലഭിക്കും. സാധാരണ ടെസ്റ്റ് മത്സരങ്ങൾ റെഡ് ബോൾ ക്രിക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. അതായത്, ചുവന്ന പന്തുകൊണ്ട് കളിക്കുന്ന മത്സരങ്ങൾ. ഏകദിനവും ടി20യിലും വൈറ്റ് ബോൾ ക്രിക്കറ്റും. ഡേനൈറ്റ് മത്സരങ്ങളിൽ റെഡ് ബോളല്ല, പിങ്ക് നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്. അതാണ് ഈ പേരിനും കാരണം. പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കുന്ന ടെസ്റ്റ് മത്സരം പിങ്ക് ബോൾ ടെസ്റ്റ്. സാധാരണ ടെസ്റ്റിൽ ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമാണ് ഇടവേളയുള്ളത്. പിങ്ക് ബോൾ ടെസ്റ്റിൽ വൈകുന്നേരത്തെ ചായയ്ക്കും രാത്രി ഭക്ഷണത്തിനുമാണ് ഇടവേള.
എന്തുകൊണ്ട് പിങ്ക് ബോൾ?
ടെസ്റ്റ് ക്രിക്കറ്റിൽ ചുവന്ന പന്ത് ഉപയോഗിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് താരങ്ങൾ വെള്ള വസ്ത്രം ധരിച്ച് കളിക്കുന്നതിനാൽ പന്ത് നന്നായി കാണാനാണ്. ഏകദിനവും ടി20 യും പോലെ വെള്ളപ്പന്ത് കൊണ്ട് ടെസ്റ്റ് കളിച്ചാൽ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാവും. ഇതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റിനുപയോഗിക്കുന്ന ചുവന്ന പന്തുകൾ കൂടുതൽ സ്വിങ് നൽകുന്നതാണ്. അതാണ് ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ബുദ്ധിമുട്ടേറിയ കളിയാവുന്നത്. ഡേനൈറ്റ് ടെസ്റ്റിൽ ചുവന്ന പന്തുകൾ ഉപയോഗിച്ചാൽ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാവും. പ്രത്യേകിച്ച് പന്ത് പഴകുമ്പോൾ. രാത്രി ഫ്ലഡ്ലൈറ്റ്സിന് കീഴിലാണല്ലോ കളി നടക്കുക. ഇങ്ങനെ ഫ്ലഡ്ലൈറ്റ് തെളിയ്ക്കുമ്പോൾ ചുവന്ന പന്തുകൾ കാണാൻ ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാവും. ഇത് തടയാനാണ് ഡേനൈറ്റ് ടെസ്റ്റിൽ പിങ്ക് പന്തുകൾ ഉപയോഗിക്കുന്നത്. പിങ്ക് പന്തുകളുടെ നിറവും ഡിസൈനും ഫ്ലഡ്ലൈറ്റ് ഉപയോഗിച്ചാൽ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ്. പിങ്ക് പന്തുകളുടെ ഷൈൻ കുറേ സമയം കൂടി നീണ്ടുനിൽക്കും. അതുകൊണ്ട് തന്നെ ഫ്ലഡ്ലൈറ്റിലും ലോ ലൈറ്റിലും ഫീൽഡർമാർക്കും ബാറ്റർമാർക്കും പന്ത് കാണാൻ ബുദ്ധിമുട്ടുണ്ടാവില്ല.
പിങ്ക് പന്തുകളുടെ പ്രത്യേകതകൾ
പിങ്ക് പന്തുകൾ കറുത്ത നൂല് കൊണ്ടാണ് തുന്നിയിരിക്കുന്നത്. ചുവന്ന പന്തുകൾ വെളുത്ത നൂലുകൊണ്ടും. പിങ്ക് പന്തുകൾക്ക് ഒരു അധിക പാളി കൂടിയുണ്ട്. ഇതാണ് ഇത്തരം പന്തുകളുടെ തിളക്കം ഏറെസമയം നീണ്ടുനിൽക്കുന്നത്. നിർമ്മാണത്തിലെ ഈ സവിശേഷത പന്തുകൾ വേഗം പഴകുന്നതിൽ നിന്നും സംരക്ഷിക്കും. ഇതുകൊണ്ട് തന്നെ റെഡ് ബോളുകളെക്കാൾ സ്വിങ് പിങ്ക് ബോളുകളിൽ ലഭിക്കും, പ്രത്യേകിച്ച് ആദ്യ ഓവറുകളിൽ. അതിനാൽ പിങ്ക് ബോൾ ടെസ്റ്റുകളിലെ ആദ്യ ഓവറുകൾ അതിജീവിക്കുക ഏറെ ബുദ്ധിമുട്ടാണ്.
നിർമ്മാതാക്കളിലെ വ്യതിയാനങ്ങൾ
എസ്ജി, ഡ്യൂക്സ്, കൂക്കബുറ എന്നീ നിർമ്മാതാക്കളാണ് പ്രധാനമായും ക്രിക്കറ്റ് ബോളുകൾ നിർമ്മിക്കുന്നത്. എസ്ജിയുടെ പന്തുകൾ ഇന്ത്യയിലാണ് കൂടുതലായി ഉപയോഗിക്കുക. ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും ഡ്യൂക്സ് പന്തുകളും ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ കൂക്കബുറ പന്തുകളുമാണ് ഉപയോഗിക്കുന്നത്. ഇവയുടെ നിർമ്മാണരീതിയിലും തുന്നലിലും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലുമൊക്കെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഈ പന്തുകളുടെ മൂവ്മെൻ്റും സീമും ഷൈനുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും. എസ്ജിയും ഡ്യൂക്ക് പന്തുകളും കൈകൊണ്ട് തുന്നുന്നതാണ്. എന്നാൽ, കൂക്കബുറയുടെ കുറേ ഭാഗങ്ങൾ മെഷീനിലാണ് തുന്നുന്നത്. അതുകൊണ്ട് കൂക്കബുറ പന്തുകളുടെ സീം പെട്ടെന്ന് നശിക്കുകയും സ്വിങ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ, ഡ്യൂക്സ്, എസ്ജി പന്തുകൾ കൂടുതൽ സമയം സ്വിങ് ചെയ്യും. ഇന്ത്യയിലെ പിച്ചുകളും കാലാവസ്ഥയും കാരണമാണ് ഉപഭൂഖണ്ഡത്തിൽ സ്വിങ് വേഗം കുറയുന്നതായി അനുഭവപ്പെടുന്നത്.
പിങ്ക് ബോൾ ടെസ്റ്റ് വന്ന വഴി
2000ൻ്റെ അവസാനത്തോടെ ഏകദിന ക്രിക്കറ്റിനും മുകളിൽ ടി20 ക്രിക്കറ്റ് ജനപ്രീതിയാർജിച്ചു. ഐപിഎൽ അടക്കമുള്ള ലീഗുകൾ ഇതിന് വലിയൊരു പങ്കാണ് വഹിച്ചത്. വൈകുന്നേരങ്ങളിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് കണ്ട് തീർക്കാവുന്ന ടി20 മത്സരങ്ങൾ കാണാൻ ജനം വർധിച്ചു. ടെലിവിഷൻ കാണികളിലും ഇത് പ്രതിഫലിച്ചു. ഇതോടെയാണ് വൈകുന്നേരങ്ങളിൽ നടത്തുന്ന ടെസ്റ്റ് എന്ന ആശയം രൂപപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ മഞ്ഞ, ഓറഞ്ച്, പിങ്ക് പന്തുകളൊക്കെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. ഇതോടൊപ്പം 80 ഓവറുകൾ പുതുമ നിലനിർത്തുന്ന വെള്ളപ്പന്തുകൾ ഉപയോഗിച്ച് താരങ്ങൾ നിറമുള്ള ജഴ്സിയണിഞ്ഞ് കളിക്കാമെന്നുള്ള ആലോചനയുമുണ്ടായിരുന്നു. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൻ്റെ പരമ്പരാഗത സ്വഭാവം മാറ്റരുതെന്നാവശ്യപ്പെട്ട് പലരും രംഗത്തുവന്നു.
ആദ്യം വനിതാ ക്രിക്കറ്റിൽ
വനിതാ ക്രിക്കറ്റിലാണ് ആദ്യം പിങ്ക് പന്തുകൾ ഉപയോഗിച്ചുതുടങ്ങിയത്. 2009ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒരു ഏകദിന മത്സരത്തിലാണ് ആദ്യം പിങ്ക് ബോൾ ഉപയോഗിച്ചത്. പിന്നാലെ, 2010ൽ ഗയാനയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിൽ നടന്ന ഒരു ഡേനൈറ്റ് പുരുഷ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ പിങ്ക് ബോൾ ഉപയോഗിച്ചു. പിന്നാലെ ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിലും പാകിസ്താനിലെ ആഭ്യന്തര മത്സരങ്ങളിലുമൊക്കെ സാവധാനം പിങ്ക് ബോൾ മത്സരങ്ങൾ രംഗപ്രവേശനം ചെയ്തു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവർ 2012ലും 2013ലും പിങ്ക് ബോളുകൾ പരീക്ഷിച്ചപ്പോൾ 2014 ഷെഫീൽഡ് ഷീൽഡിലെ മത്സരങ്ങളിൽ പിങ്ക് പന്തുകൾ ഉപയോഗിച്ച് ഓസ്ട്രേലിയയും പുതിയ മാറ്റം അംഗീകരിച്ചു.
ആദ്യ ടെസ്റ്റ്
ആദ്യ പിങ്ക് ബോൾ ടെസ്റ്റ് 2015ലാണ് നടക്കുന്നത്. ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിൽ അഡലെയ്ഡിലായിരുന്നു മത്സരം. മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് വിജയിച്ചു. പേസർമാർ സ്വിങ് കൊണ്ട് ഏറെ നേട്ടമുണ്ടാക്കിയ മത്സരത്തോടെ പിങ്ക് ബോൾ ഹിറ്റായി. ആഷസ് അല്ലാത്ത ഒരു ടെസ്റ്റ് മത്സരത്തിന് അഡലെയ്ഡിൽ ഏറ്റവുമധികം കാണികളെത്തിയതോടെ സാമ്പത്തികമായും പിങ്ക് ബോൾ സഹായിക്കുമെന്നുറപ്പായി.
ഇന്ത്യയുടെ ആദ്യ ടെസ്റ്റ്
ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് 2019ൽ ബംഗ്ലാദേശിനെതിരെയായിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരം ഇന്ത്യ ഇന്നിംഗ്സിനും 46 റൺസിനും വിജയിച്ചു. ഇന്ത്യയുടെ ആദ്യ എവേ പിങ്ക് ബോൾ ടെസ്റ്റ് ഓസ്ട്രേലിയക്കെതിരെ 2020/21 ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലാണ് നടന്നത്. അഡലെയ്ഡിൽ നടന്ന മത്സരം സംഭവബഹുലമായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 244 റൺസെടുത്ത് ഓളൗട്ടായ ഇന്ത്യക്ക് മറുപടിയായി ഓസ്ട്രേലിയ 191 റൺസിന് മുട്ടുമടക്കി. രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് കൂടാരം കയറിയ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.