VVS Laxman : സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും; ഗംഭീറിൻ്റെ ആദ്യ ദൗത്യം ശ്രീലങ്ക പര്യടനമെന്ന് റിപ്പോർട്ട്
VVS Laxman Might Coach India Zimbabwe Series : അടുത്ത മാസം ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പുതിയ പരിശീലകനായി കരുതപ്പെടുന്ന ഗൗതം ഗംഭീറിൻ്റെ ആദ്യ ദൗത്യം അടുത്ത മാസം അവസാനത്തോടെയുള്ള ശ്രീലങ്കൻ പര്യടനമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടി20 ലോകകപ്പിനു ശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്. ടീമിൻ്റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു എന്ന് കരുതപ്പെടുന്ന ഗൗതം ഗംഭീറിൻ്റെ ദൗത്യം ആരംഭിക്കുക ശ്രീലങ്കൻ പര്യടനത്തോടെയാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 30ന് അവസാനിക്കുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കും. ജൂലായ് ആറിനാണ് സിംബാബ്‌വെ പര്യടനം ആരംഭിക്കുക. സീനിയർ താരങ്ങൾക്കൊക്കെ വിശ്രമം നൽകി യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കുമാവും ഈ പര്യടനത്തിൽ അവസരം നൽകുക. ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറും ധ്രുവ് ജുറെൽ ബാക്കപ്പ് കീപ്പറുമാവും. ജൂയായ് 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മുതിർന്ന താരങ്ങൾ മടങ്ങിവരുന്നതിനൊപ്പം ഗംഭീറിൻ്റെ പരിശീലനവും ആരംഭിക്കുമെന്നും ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Read Also: T20 World Cup 2024 : ഇന്ന് വമ്പന്മാർ കൊമ്പുകോർക്കും; ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ
അതേസമയം, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് രണ്ട് പേരെ നിയമിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിൻ്റെ പേര് മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗംഭീറിനൊപ്പം മറ്റൊരു പേരും കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഇതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകൻ ഗംഭീറാണ് ഉറപ്പിച്ചുകൊണ്ട് ഈ കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ ആ സ്ഥാനത്തേക്ക് കോച്ചിങ്ങിൽ പരിചയ സമ്പന്നനായ വൂർകേരി വെങ്കട് രാമൻ്റെ പേരും ചേർക്കപ്പെട്ടു. വെങ്കട് രാമനുമായിട്ടുള്ള അഭിമുഖത്തിൽ ബിസിസിഐ സന്തോഷവാന്മാരാണെന്നാണ് ന്യൂസ് 18ൻ്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നനായ കോച്ചിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അവസരം നൽകിയേക്കും. എന്നാൽ ഗംഭീർ തള്ളാനാകാതെ വരുന്നതോടെയാണ് ബിസിസിഐക്ക് രണ്ട് കോച്ചുമാർ ഫോർമുലയിലേക്കെത്തിച്ചേരേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രണ്ട് പേരെയും ഒരുപോലെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമാണ് ബിസിസിഐക്കുള്ളത്. ഒന്നെങ്കിൽ ഗംഭീറിനെ മുഖ്യപരിശീലകനായി നിയമിക്കുകയും വെങ്കട് രാമനെ ബാറ്റിങ്ങിനുള്ള ചുമതല നൽകും. അല്ലെങ്കിൽ നിശ്ചിത ഓവർ ഫോർമാറ്റ് ഗംഭീർ കൈകാര്യം ചെയ്യുമ്പോൾ വെങ്കട് രാമനുള്ള ചുമതല ടെസ്റ്റിൽ മാത്രമായേക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഗുണകരമാകും വിധം രണ്ട് പേരെയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.