IPL Auction 2025: മലയാളി പൊളിയല്ലേ..! വിഷ്ണു വിനോദ് ഐപിഎൽ കളിക്കും; താരത്തെ ടീമിലെത്തിച്ച് പഞ്ചാബ്
Vishnu Vinod: കഴിഞ്ഞ സീസണിൽ മുംബെെ ഇന്ത്യൻസിന്റെ താരമായിരുന്നു വിഷ്ണു വിനോദ്. വിക്കറ്റ് കീപ്പർ ബാറ്റായ വിഷ്ണു ഐപിഎല്ലിലെ ആറ് ഇന്നിംഗ്സുകളിൽ നിന്നായി 56 റൺസാണ് നേടിയിട്ടുള്ളത്.
ജിദ്ദ: ഐപിഎൽ മെഗാ താരലേലത്തിൽ 2025 സീസണായി ഫ്രാഞ്ചെെസികൾ സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി വിഷ്ണു വിനോദ്. 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സാണ് താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. കൊൽക്കത്തയായിരുന്നു താരത്തിനായി ആദ്യം രംഗത്ത് വന്നത്. പിന്നാലെയാണ് ലേലം ചൂടുപിടിച്ചത്. പഞ്ചാബിനെ കൂടാതെ താരത്തിന് വേണ്ടി തുടക്കത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സും മുംബെെ ഇന്ത്യൻസും മുമ്പിലുണ്ടായിരുന്നു. പിന്നീട് മത്സരം മുംബെെയും പഞ്ചാബും തമ്മിലായി. ഒടുവിൽ 95 ലക്ഷം രൂപയ്ക്ക് വിഷ്ണു വിനോദിനെ പ്രീത സിൻ്റ ഉടമയായ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കുകായിരുന്നു.
Top of our 𝐕𝐈𝐒𝐇list! 🦁❤️#VishnuVinod #IPL2025Auction #PunjabKings pic.twitter.com/2FIOcXGKJe
— Punjab Kings (@PunjabKingsIPL) November 24, 2024
“>
കഴിഞ്ഞ സീസണിൽ മുംബെെ ഇന്ത്യൻസിന്റെ താരമായിരുന്നു വിഷ്ണു വിനോദ്. വിക്കറ്റ് കീപ്പർ ബാറ്റായ വിഷ്ണു ഐപിഎല്ലിലെ ആറ് ഇന്നിംഗ്സുകളിൽ നിന്നായി 56 റൺസാണ് നേടിയിട്ടുള്ളത്. 30 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. മുംബെെയുടെ ഭാഗമായിരുന്നപ്പോൾ ഗുജറാത്ത് ടെെറ്റൻസിന് വേണ്ടിയാണ് വിഷ്ണു അവസാനമായി കളിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി വിഷ്ണു വിനോദ് മുമ്പ് കളത്തിലിറങ്ങിയിട്ടുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി വിഷ്ണു മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ 45 പന്തില്‍ നിന്നും 139 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടുന്ന ഇന്നിംഗ്സായിരുന്നു ഇത്. ഐപിഎല്ലിൽ കഴിവ് തെളിയിക്കാൻ സാധിക്കാതിരുന്ന വിഷ്ണുവിന് പഞ്ചാബിലൂടെ അതിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മുൻ കൊൽക്കത്ത താരം ശ്രേയസ് അയ്യരാണ് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചവരിൽ പ്രധാനി. വലം കൈയൻ ബാറ്ററെ 26.75 കോടിക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്.
ലേലത്തിലൂടെ പഞ്ചാബ് സ്വന്തമാക്കിയ താരങ്ങൾ
1. അർഷ്ദീപ് സിംഗ് (18 കോടി; RTM)
2. ശ്രേയസ് അയ്യർ (26.75 കോടി രൂപ)
3. യുസ്വേന്ദ്ര ചാഹൽ (18 കോടി രൂപ)
4. മാർക്കസ് സ്റ്റോയിനിസ് (11 കോടി രൂപ)
5. ഗ്ലെൻ മാക്സ്വെൽ (4.2 കോടി രൂപ)
6. നെഹൽ വധേര (4.2 കോടി രൂപ)
7. ഹർപ്രീത് ബ്രാർ (1.5 കോടി രൂപ)
8. വിഷ്ണു വിനോദ് (95 ലക്ഷം)
9. വിജയ്കുമാർ വൈശാഖ് (1.8 കോടി രൂപ)
10. യാഷ് താക്കൂർ (1.8 കോടി രൂപ)
മെഗാ താരലേലത്തിൽ പങ്കെടുത്ത മലയാളി താരം ദേവ്‍ദത്ത് പടിക്കല്‍ അണ്‍സോള്‍ഡായി. 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ ടീമിലെത്തിക്കാൻ ആരും തയ്യാറായില്ല. വിൽക്കപ്പെടാത്ത താരങ്ങളെ വീണ്ടും ലേലത്തിനെടുക്കും. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് പടിക്കൽ ഉള്ളത്. പെർത്ത് ടെസ്റ്റിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ. ആദ്യ ഇന്നിംഗ്സിൽ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി മടങ്ങി. രണ്ടാം ഇന്നിംഗ്സില്‍ നേരിട്ട 71 പന്തുകളിൽ നിന്ന് 25 റൺസ് മാത്രമാണ് പടിക്കലിന് നേടാനായത്.