5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli : നിർണായകസമയത്ത് ചിറകുമുളച്ച് അമാനുഷികനായ കോലി; ഒരിക്കൽ കൂടി ടീമിനെ രക്ഷിച്ച് അയാൾ പാഡഴിക്കുന്നു

Virat Kohli Retires Leaving Behing His Legacy : കരിയറിലെ ഏറ്റവും അവസാന മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി ലോക കിരീടം ചൂറ്റി അരങ്ങൊഴിയുക. കായികലോകത്ത് വളരെ കുറച്ചുപേർക്ക് മാത്രം ലഭിച്ചിട്ടുള്ള ആ ഭാഗ്യമാണ് വിരാട് കോലിക്ക് ഇന്നലെ ലഭിച്ചത്. ഇനി വിരാട് ഇല്ലാത്ത കുട്ടി ക്രിക്കറ്റ്.

Virat Kohli : നിർണായകസമയത്ത് ചിറകുമുളച്ച് അമാനുഷികനായ കോലി; ഒരിക്കൽ കൂടി ടീമിനെ രക്ഷിച്ച് അയാൾ പാഡഴിക്കുന്നു
Virat Kohli Retires Leaving Behing His Legacy
abdul-basith
Abdul Basith | Updated On: 30 Jun 2024 10:47 AM

14 വർഷത്തിനു ശേഷം ഒരു ലോക കിരീടത്തിൽ മുത്തമിട്ടതിനു ശേഷം (India Have Won The T20 World Cup), കളിയിലെ താരമായി പ്രസൻ്റേഷൻ സെറിമണിയിൽ ഹർഷ ഭോഗ്ലെയുടെ ചോദ്യത്തിനുത്തരം പറയവെ, വളരെ കാഷ്വലായി ‘ഇത് ഇന്ത്യക്കായി ഞാൻ കളിക്കുന്ന അവസാന ടി20 മത്സരമാണ്’ എന്ന് കോലി പറഞ്ഞപ്പോൾ ഒരു ഞെട്ടലുണ്ടായി. ഈ വിടപറയൽ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അത് റിയാലിറ്റി ആയപ്പോൾ, ടീം അപകടത്തിൽ പെടുമ്പോഴൊക്കെ അവിശ്വസനീയമായ ബോട്ടം ഹാൻഡ് പവർ കൊണ്ടും മെൻ്റൽ സ്ട്രെങ്ത് കൊണ്ടും രക്ഷിക്കാൻ ഇനി നീലക്കുപ്പായത്തിൽ അയാളുണ്ടാവില്ലെന്ന തിരിച്ചറിവിൻ്റെ ഞെട്ടൽ.

ഓസ്ട്രേലിയക്കെതിരായ നിർണായക സൂപ്പർ എട്ട് മത്സരത്തിലും തുടർന്ന് ഇംഗ്ലണ്ടിനെതിരെ സെമിയിലും ഇന്ത്യൻ ബാറ്റിംഗിനെ താങ്ങിനിർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും ലോകത്തിലെ ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവും അടക്കം മൂന്ന് വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ ഒന്ന് പകച്ചതാണ്. പക്ഷേ, അവിടെ അയാളുണ്ടായിരുന്നു. ഇക്കാലമത്രയും ടോപ്പ് ഓർഡറിൽ ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിലേറ്റിയ വിരാട് കോലി ഒരിക്കൽ കൂടി രക്ഷക വേഷമെടുത്തണിഞ്ഞു. വളരെ ശ്രദ്ധയോടെ കെട്ടിപ്പടുത്ത ഇന്നിംഗ്സ്. അവസാന ഓവറുകളിലെ പൊട്ടിത്തെറി. 145/150ൽ തീരുമെന്ന് കരുതപ്പെട്ട സ്കോർ അവസാനിക്കുന്നത് 176 ലാണ്. 48 പന്തിൽ ഫിഫ്റ്റിയടിച്ച കോലി കളി അവസാനിപ്പിക്കുന്നത് 59 പന്തിൽ 76 എന്ന സ്കോറിൽ.

Also Read : T20 World Cup 2024 Final : അഭിമാന വിജയം; വീണ്ടും വിശ്വകിരീടം ചൂടി ഇന്ത്യ, രാജ്യത്തിന്റ അഭിമാനമെന്ന് മോദിയും രാഹുലും

കോലി എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. ചുറ്റുമുള്ളവർ ബുദ്ധിമുട്ടുമ്പോൾ അയാൾ വിശ്വരൂപം പുറത്തെടുക്കും. പ്രഷർ അബ്സോർബ് ചെയ്ത് കളി നിയന്ത്രിക്കും. കൃത്യം 10 കൊല്ലം മുൻപ്, 2014ൽ ഇതുപോലൊരു ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയോട് വീണ് ഇന്ത്യ മടങ്ങുമ്പോൾ വിരാട് കോലിയായിരുന്നു ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയത്. 2016 ലോകകപ്പിൽ ഇന്ത്യ സെമിയിൽ വീണപ്പോൽ കോലിയായിരുന്നു ടൂർണമെൻ്റിലെ താരം. 2022ൽ ഇംഗ്ലണ്ടിനോട് സെമിയിൽ തോറ്റ് പുറത്താവുമ്പോൾ കോലിയായിരുന്നു ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരം. ഒരു മനുഷ്യന് ഇതിലപ്പുറമെന്താണ് ചെയ്യാനാവുക. ഒടുവിൽ, കരിയറിലെ ഏറ്റവും മോശം ലോകകപ്പിലെ എറ്റവും നിർണായക കളിയിൽ അയാൾക്ക് ചിറക് മുളച്ചു, അയാൾ വീണ്ടും അമാനുഷികനായി. ടി20 ഫൈനലുകളിലെ ഏറ്റവും ഉയർന്ന ടീം സ്കോറിൽ ഇന്ത്യയെ എത്തിച്ച് അയാൾ മടങ്ങി.

ടി20 ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് വിരാട് കോലിക്കാണ്. രാജ്യാന്തര ടി20 കളിൽ ഏറ്റവുമധികം റൺസും കോലിക്കാണ്. നിസ്സംശയം ഈ തലമുറയിലെ ഏറ്റവും മികച്ച മൾട്ടിഫോർമാറ്റ് പ്ലയറെന്ന് വിശേഷിപ്പിക്കാവുന്ന താരം. കിരീടം നേടിയ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റനായി ക്രിക്കറ്റ് ഫ്രറ്റേണിറ്റിയിലേക്കെത്തി, കളത്തിൽ തല്ലുകൂടുന്ന, പ്രശ്നക്കാരനായ ആങ്ക്രി യങ് മാനിൽ നിന്ന് വിരാട് കോലി വളർന്നത് ലോകത്തിൻ്റെ നെറുകയിലേക്കായിരുന്നു. അയാൾക്കൊപ്പമെത്താൻ ആളുകൾ മത്സരിച്ചു. പക്ഷേ, ഒപ്പമെത്താൻ ഒരാൾക്കും കഴിയില്ല. ഒടുവിൽ, കരിയറിലെ അവസാന ടി20 മാച്ചിൽ, ലോകകപ്പ് ഫൈനലിൽ, ഒരു മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ച് ഇന്ത്യയ്ക്ക് 13 വർഷത്തിനു ശേഷം ഒരു ലോകകപ്പ് സമ്മാനിച്ചിരിക്കുന്നു. ഇതിലപ്പുറം മനോഹരമായ ഒരു ഫെയർവെൽ മറ്റെന്താണ്!