5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: ചേസിം​ഗിലെ ഇന്ത്യയുടെ ഒരേ ഒരു രാജാവ്; വിരാട് കോലി @ 36

Virat Kohli Birthday: 1988 നവംബർ 5-ന് ഡൽഹിയിലായിരുന്നു വിരാട് കോലിയുടെ ജനനം. 9-ാം വയസിലാണ് കോലി ആദ്യമായി ബാറ്റ് കയ്യിലെടുത്തത്.

Virat Kohli: ചേസിം​ഗിലെ ഇന്ത്യയുടെ ഒരേ ഒരു രാജാവ്; വിരാട് കോലി @ 36
Virat Kohli(Image Credits: PTI)
athira-ajithkumar
Athira CA | Published: 04 Nov 2024 22:26 PM

വിരാട് കോലി, ക്രിക്കറ്റിന്റെ പുതിയ കാലത്തെ ബ്രാൻഡ് അംബാസഡർ. തന്റെ ഇന്നിം​ഗ്സുകളിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അയാൾ എപ്പോഴും ആവേശഭരിതമാക്കി കൊണ്ടിരുന്നു. ഗാർഡ് എടുത്തുകഴിഞ്ഞാൽ മെെതാനത്തെ ഓരോ ഫീൽഡിം​ഗ് പിഴവുകളും കണ്ടെത്തി ആ ​ഗ്യാപുകളിലൂടെ പന്തിനെ അതിർത്തിവര കടത്തുന്ന പക്ക പ്രൊഫഷണൽ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മൂന്നാം നമ്പറിൽ മറ്റൊരാൾ ഇല്ലെന്ന് എതിരാളികൾ പോലും വാഴ്ത്തിയ സൂപ്പർ താരം. റെക്കോർഡുകൾ ഒന്നിന് പിറകെ ഒന്നോന്നായി അ​ദ്ദേഹം മറികടന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ കിം​ഗ് കോലി 36-ന്റെ നിറവിൽ.

എന്തിനാണ് വിരാട് കോലി ഇന്ത്യൻ ആരാധകർക്ക് ഇത്രത്തോളം പ്രിയപ്പെട്ടവനാകുന്നത്. ആരാധകർ അയാൾക്ക് നൽകിയ വിളിപ്പേരാണ് അതിനുള്ള ഉത്തരം. ചേയ്സിം​ഗ് കിം​ഗ്. ഓസീസും ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമൊക്കെ ഉയർത്തുന്ന വിജയലക്ഷ്യങ്ങളിൽ എത്രയോ തവണ നമ്മുടെ ക്രിക്കറ്റ് പൂർവ്വികരുടെ കാലിടറിയിട്ടുണ്ട്. ഇതിനുള്ള മറുപടിയായി ഇന്ത്യൻ ആരാധകർ ഇന്ന് ഉറക്കെ പറയുന്നുണ്ട് ഞങ്ങൾക്കൊരു കോലിയുണ്ടെന്ന്..

1988 നവംബർ 5-ന് ഡൽഹിയിലായിരുന്നു വിരാട് കോലിയുടെ ജനനം. 9-ാം വയസിൽ കോലിയുടെ കയ്യിലേക്ക് അച്ഛൻ ക്രിക്കറ്റ് ബാറ്റ് എടുത്ത് നൽകി. 2006-ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം.പിന്നീട് സംഭവിച്ചത് ക്രിക്കറ്റ് ലോകത്തെ മാറ്റി മറിച്ച ചരിത്രമാണ്. വിരാട് കോലിയുടെ ബാറ്റിം​ഗിൽ റെക്കോർഡുകൾ ഓരോന്നായി കടപുഴകി. ഇതിസാഹതാരം സച്ചിന്റെ റെക്കോർഡുകൾ പോലും തകർത്തുകൊണ്ടായിരുന്നു കോലിയുടെ ജെെത്രയാത്ര. ഏകദിനത്തിൽ അതിവേ​ഗം 13,0000 റൺസ് മറികടക്കുന്ന താരം, ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം, ഏറ്റവും കൂടുതൽ അർദ്ധ ശതകം നേടിയ താരം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത റെക്കോർഡുകൾക്ക് ഉടമയാണ് അദ്ദേഹം.

2008-ൽ ശ്രീലങ്കക്കെതിരെയെയാണ് ഏകദിനത്തിൽ കോലി അരങ്ങേറിയത്. 295 ഏകദിനങ്ങളിൽ നിന്ന് 13,906 റൺസാണ് താരത്തിന്റെ ആകെ സമ്പാദ്യം. 50 സെഞ്ച്വറികളും 72 അർദ്ധശതകങ്ങളുമടങ്ങുന്ന ഇന്നിം​ഗ്സ്. 183 റൺസാണ് ഏകദിനത്തിലെ കോലിയുടെ ഏറ്റവും ഉയർന്ന സ്കോർ. ടി20യിൽ നിന്ന് 125 മത്സരങ്ങളിൽ നിന്നായി 4188 റൺസും ടെസ്റ്റിൽ 118 ഇന്നിം​ഗ്സുകളിൽ നിന്നായി 9040 റൺസും. ടീം ഇന്ത്യയെ മൂന്ന് ഫോർമാറ്റുകളിലും നയിച്ചെങ്കിലും കിട്ടാകനിയായി ഐസിസി കിരീടം. പക്ഷേ തോറ്റു പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു. ബാറ്റിം​ഗിൽ വെടിക്കെട്ട് തുടർന്നു കൊണ്ടേയിരുന്നു.

ചേസിം​ഗിൽ കോലിയുണ്ടെങ്കിൽ ഇന്ത്യൻ ആരാധകർക്കൊരു ശുഭാപ്തി വിശ്വാസമുണ്ട്. എത്ര വലിയ എതിരാളിയാണെങ്കിലും ഇന്ത്യ ജയിക്കുമെന്ന വിശ്വാസം. 2022- ൽ പാകിസ്താനെതിരെ ടി20 ലോകകപ്പിലുയർത്തിയ സൂപ്പർ സിക്സ് ക്രിക്കറ്റുള്ളിടത്തോളം കാലം ആരും മറക്കില്ല. കളിക്കളത്തിൽ കോലി സഹതാരങ്ങൾക്ക് നൽകുന്ന ഉൗർജ്ജവും വലുതാണ്. എല്ലാ നേട്ടവും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതും വിരാട് കോലിയാണ്. ടീമിന്റെ നേട്ടങ്ങൾ അയാളെ അത്രയധികം ഉത്തേജ്ജിപ്പിക്കുന്നുണ്ട്. അയാൾ ക്രിക്കറ്റ് കളിച്ച കാലത്ത് മത്സരം കണ്ട് ആസ്വദിക്കാൻ ആയെന്നതാണ് ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാ​ഗ്യം. ഒരു ക്രിക്കറ്റ് ആരാധകൻ ആണെങ്കിൽ നിങ്ങൾക്ക് അയാളെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ക്രീസിൽ അയാൾ തീർക്കുന്ന മാജിക്കിന് നേരെ കണ്ണടയ്ക്കാനാവില്ല. സ്കിൻ പവറിനൊപ്പം വിൽപ്പവർ ചേർന്ന വീര വിരാട നായകന്, കണ്ടവർ ഇതിഹാസമെന്ന് വിളിച്ച കിം​ഗ് കോലിക്ക് ജന്മദിനാശംസകൾ..