Virat Kohli Pub Raid : വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിൽ പോലീസ് റെയ്ഡ്
Bengaluru Pub Raid : വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ8 കമ്മ്യൂണിന് പുറമെ ബെംഗളൂരു ചർച്ച് സ്ട്രീറ്റിലെ എംപയർ റെസ്റ്റോറൻ്റ്, ബ്രിഗേഡ് റോഡിലെ പഞ്ചിയോ ബാർ അൻഡ് റെസ്റ്റോറൻ്റ് എന്നീ പബ്ബുകൾക്കെതിരെയും പോലീസ് റെയ്ഡ് നടത്തി കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു : സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് വീക്കെൻഡ് പാർട്ടികൾ സംഘടിപ്പിച്ച ബെംഗളൂരുവിലെ വിവിധ പബ്ബുകൾക്കെതിരെ നടപടിയുമായി പോലീസ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ (Virat Kohli) ഉടമസ്ഥതയിലുള്ള വൺ8 കമ്മ്യൂൺ (One8 Commune Bengaluru) ഉൾപ്പെടെ നഗരത്തിൽ പ്രവർത്തിക്കുന്ന വിവിധ പബ്ബുകൾക്കെതിരെയാണ് പോലീസ് നടപടിയുണ്ടായത്. ബെംഗളൂരു കസ്തൂർബ റോഡിൽ പ്രവർത്തിക്കുന്ന വിരാട് കോലിയുടെ വൺ8 കമ്മ്യൂണിനെതിരെ കബ്ബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ജൂലൈ ആറിന് ശനിയാഴ്ചയാണ് പോലീസ് റെയ്ഡ് നടത്തിയത്. സർക്കാർ നിയന്ത്രണങ്ങൾ ലംഘിട്ടുകൊണ്ട് വീക്കെൻഡ് പാർട്ടികൾ സംഘടിപ്പിച്ചതിനാണ് പോലീസ് നടപടി. വിരാട്ല കോലിയുടെ വൺ8 കമ്മ്യൂണിന് പുറമെ ചർച്ച സ്ട്രീറ്റിലുള്ള എംപെയർ റെസ്റ്റോറൻ്റ്, ബ്രിഗേഡ് റോഡിലെ പാഞ്ചിയോ ബാർ ആൻഡ് റെസ്റ്റോറൻ്റ് എന്നീ പബ്ബുകൾക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്. ഈ സ്ഥപാനങ്ങളിൽ മാനേജർമാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സർക്കാർ അനുവദിച്ച സമയം കഴിഞ്ഞു പബ്ബുകളിൽ പാർട്ടി സംഘടിപ്പിച്ചതായി പോലീസ് റെയ്ഡിനിടെ കണ്ടെത്തി. പുലർച്ചെ രണ്ട് മണി വരെയാണ് വീക്കെൻഡുകളിൽ പാർട്ടി സംഘടിപ്പിക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്. എന്നാൽ അനുവദിച്ച സമയം ഈ കഴിഞ്ഞിട്ടും പബ്ബുകൾ പ്രവർത്തിച്ചതിനാണ് പോലീസ് നടപടിയെന്ന് ബെംഗളൂരു സെൻട്രൽ ഡിസിപി ശേഖർ എച്ച്ടി പറഞ്ഞു. നിയമങ്ങൾ ലംഘിച്ച് ഈ സ്ഥാപനങ്ങൾ അമിതമായി ബിസിനെസ് നടത്തിയെന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിൻ്റെ ഒരു വൻസംഘമെത്തിയാണ് ഈ ക്ലബ്ബുകൾ പൂട്ടിച്ചതെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റ് ശൃംഖലയാണ് വൺ8 കമ്മ്യൂൺ. വിരാട് കോലിക്ക് പുറമെ വർത്തിക് തിഹാര, അൻഷുൽ ഗോയൽ, അങ്കിത് തയാൽ എന്നിവരാണ് വൺ8 കമ്മ്യൂണിൻ്റെ സഹഉടമകൾ. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം നിലവിൽ വിരാട് കോലി കുടുംബത്തിനൊപ്പം ലണ്ടണിലാണ്. ലോകകപ്പ് വിക്ടറി പരേഡിന് ശേഷം തൊട്ടടുത്ത ദിവസം കോലിയുടെ കുടുംബത്തിനൊപ്പം ചേരാൻ ലണ്ടണിലേക്ക് തിരിക്കുകയായിരുന്നു.