IND vs AUS: ഫീൽഡിംഗിലും കോലി കിംഗ് തന്നെ! ബോർഡർ ഗവാസ്കർ ട്രോഫിയിൽ മറികടക്കുമോ സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡ്?
Virat Kohli Fielding Dismissals Record: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളാണ് കോലി. ഗാബ ടെസ്റ്റിൽ നഥാൻ മക്സ്വീനി, മാർനസ് ലാബുഷെയ്ൻ എന്നിവരെ പുറത്താക്കിയതിലൂടെ ഫീൽഡിംഗിലെ തന്റെ മികവും കോലി ആരാധകർക്ക് മുന്നിൽ ഒരിക്കൽ കൂടി തുറന്നുകാട്ടി.
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാണ് വിരാട് കോലി. സച്ചിന് ശേഷം ആരെന്ന ചോദ്യം ആരാധകർക്കിടയിൽ ഉടലെടുത്തപ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷകൾ നൽകി കൊണ്ടായിരുന്നു വിരാട് കോലിയുടെ ക്രീസിലെ പ്രകടനവും. ബോർഡർ ഗാവസ്കർ ട്രോഫിയിലെ 3-ാം ടെസ്റ്റിനായി ബ്രിസ്ബ്രെയ്നിലെ ഗാബയിൽ കോലി ഇറങ്ങിയത് ഒരു പിടി റെക്കോർഡുകൾ ലക്ഷ്യം വച്ചാണ്.
ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമുണ്ടാകും. വർഷങ്ങളായി പരസ്പരമുള്ള തങ്ങൾ ഇരുവരുടെയും റെക്കോർഡുകൾ ഭേദിക്കുന്ന തിരക്കിലാണ് ഈ സൂപ്പർ താരങ്ങൾ. ബാറ്റിംഗിലെ കിംഗ് കോലിയുടെ മാന്ത്രികത ഫീൽഡിംഗിലും നാം പലപ്പോഴും കാണാറുണ്ട്. ഗാബ ടെസ്റ്റ് അത്തരത്തിലൊരു നേട്ടത്തിലേക്ക് കൂടിയാണ് കോലിയെ വഴി നയിച്ചത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളാണ് കോലി. ഗാബ ടെസ്റ്റിൽ നഥാൻ മക്സ്വീനി, മാർനസ് ലാബുഷെയ്ൻ എന്നിവരെ പുറത്താക്കിയതിലൂടെ ഫീൽഡിംഗിലെ തന്റെ മികവും കോലി ആരാധകർക്ക് മുന്നിൽ ഒരിക്കൽ കൂടി തുറന്നുകാട്ടി. ഇതോടെ സ്റ്റീവ് സ്മിത്തിന്റെ മറ്റൊരു റെക്കോർഡിന് അരികെ എത്തിയിരിക്കുകയാണ് വിരാട് കോലി.
ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറല്ലാത്ത ഒരു താരം ഏതെങ്കിലുമൊരു ടീമിനെതിരെ നടത്തുന്ന ഏറ്റവും കൂടുതൽ ഡിസ്മിസലുകളെന്ന സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡ് ഗാബയിൽ മറികടക്കാനുള്ള ഒരുക്കത്തിലാണ് കോലി. ഇന്ത്യൻ താരം ഇതുവരെ ഓസീസിനെതിരെ 70 ക്യാച്ചുകളും സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ 76 ക്യാച്ചുകളുമാണ് നടത്തിയിട്ടുള്ളത്. ഈ പട്ടികയിൽ കോലിക്ക് മുന്നിലുള്ള മറ്റ് താരങ്ങൾ മഹേല ജയവർധനെയും അലൻ ബോർഡറുമാണ്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇനിയും രണ്ട് ടെസ്റ്റുകൾ ബാക്കിയുള്ളതിനാൽ സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡ് കോലിയ്ക്ക് മറികടക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
താരങ്ങളും ക്യാച്ചുകളുടെ എണ്ണവും
- സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ 76 ക്യാച്ചുകൾ
- മഹേല ജയവർധനെ ഇംഗ്ലണ്ടിനെതിരെ 72 ക്യാച്ചുകൾ
- അലൻ ബോർഡർ ഇംഗ്ലണ്ടിനെതിരെ 71ക്യാച്ചുകൾ
- വിരാട് കോലി ഓസ്ട്രേലിയക്കെതിരെ 70 ക്യാച്ചുകൾ
- മഹേല ജയവർധനെ പാകിസ്താനെതിരെ 68 ക്യാച്ചുകൾ
ഗാബ ടെസ്റ്റിൽ കളിക്കാൻ ഇറങ്ങിയതിന് പിന്നാലെ കോലിയെ തേടി മറ്റൊരു റെക്കോർഡും എത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോലിക്ക് സ്വന്തമായത്. ക്രിക്കറ്റ് ദെെവം സച്ചിൻ തെണ്ടുൽക്കറായിരുന്നു ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. 24 വർഷത്തെ കരിയറിൽ സച്ചിൻ 28 ടെസ്റ്റുകളും 49 ഏകദിന മത്സരങ്ങളും 20 ടി20 മത്സരങ്ങളും ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ജഴ്സിയിൽ കളിച്ചു. 110 മത്സരങ്ങളിലാണ് ഇന്ത്യൻ ജഴ്സിൽ സച്ചിൻ ഓസീസിനെതിരെ കളിക്കാൻ ഇറങ്ങിയത്. വിരാട് കോലി ഓസീസിനെതിരെ 28 ടെസ്റ്റ് മത്സരങ്ങളിലും 49 ഏകദിനങ്ങളിലും 20 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി പാഡണിഞ്ഞു. 117 ഇന്നിംഗ്സുകളിൽ നിന്നായി 5,326 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ 17 സെഞ്ച്വറിയും 27 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.