Kohli – Anushka : അടിച്ചുകളഞ്ഞവർ പന്തെടുക്കണം, ദേഷ്യം വന്നാൽ ഔട്ട്; കോലിയുടെയും അനുഷ്കയുടെയും കണ്ടം ക്രിക്കറ്റ്
Virat Kohli Anushka Sharma Gully Cricket : വിരാട് കോലിയും അനുഷ്ക ശർമയും തമ്മിലുള്ള കണ്ടം ക്രിക്കറ്റ് കളി സോഷ്യൽ മീഡിയയിൽ വൈറൽ. അനുഷ്ക മുന്നോട്ടുവെക്കുന്ന വിചിത്ര നിയമങ്ങളനുസരിച്ച് ക്രിക്കറ്റ് കളിക്കുന്ന ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

കോലി, അനുഷ്ക (Image Courtesy - Screengrab)
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശർമയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരുടെയും വിഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും കണ്ടം ക്രിക്കറ്റ് കളി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രമുഖ മൾട്ടിനാഷണൽ സ്പോർട്സ് അപ്പാരൽസ് കമ്പനിയായ പൂമയുടെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. ക്രിക്കറ്റ് കളിയിൽ താങ്കളെ പരാജയപ്പെടുത്താനാവുമെന്ന് അനുഷ്ക പറയുന്നതാണ് വിഡിയോയുടെ തുടക്കം. നിയമങ്ങൾ സ്വയമുണ്ടാക്കുമെന്നും അനുഷ്ക പറയുന്നു. വിരാട് ഇത് സമ്മതിക്കുകയാണ്. പന്ത് മൂന്ന് തവണ മിസ് ചെയ്താൽ ഔട്ട്, ദേഷ്യം വന്നാൽ ഔട്ട്, അടിച്ചുകളയുന്നവർ പന്തെടുക്കണം തുടങ്ങി പല നിയമങ്ങളും അനുഷ്ക മുന്നോട്ടുവെക്കുന്നു. ബാറ്റ് ആരുടേതാണോ അവർ ആദ്യം ബാറ്റ് ചെയ്യും എന്ന കണ്ടം ക്രിക്കറ്റിൻ്റെ സ്വന്തം നിയമവും അനുഷ്ക പറയുന്നുണ്ട്. ഒടുവിൽ ദേഷ്യം വന്ന് കോലി കളി നിർത്തി പോകുന്നതാണ് പരസ്യം. വിഡിയോയ്ക്കൊടുവിൽ പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ചില നിമിഷങ്ങളുമുണ്ട്.
Also Read : Womens T20 World Cup : വനിതാ ലോകകപ്പ് ഇന്ന് തുടങ്ങുന്നു; ഇന്ത്യ നാളെ കളത്തിൽ
നേരിട്ട ആദ്യ പന്തിൽ തന്നെ കുറ്റി തെറിയ്ക്കുമ്പോൾ അനുഷ്ക പറയുന്നത് ആദ്യ പന്ത് ട്രയൽ ആണെന്നാണ്. അടുത്ത പന്തിലും അനുഷ്ക കുറ്റി തെറിച്ച് പുറത്താവുന്നു. ആദ്യ പന്ത് തന്നെ വിരാട് അടിച്ച് തെറിപ്പിക്കുന്നു. അടിച്ചുകളഞ്ഞവർ പന്തെടുക്കണമെന്ന് അപ്പോഴാണ് അനുഷ്ക പറയുന്നത്. പന്തെടുത്തുവരുന്ന വിരാട് ബാറ്റിംഗ് ക്രീസിലേക്കെത്തുമ്പോൾ അനുഷ്ക പന്തെറിഞ്ഞ് കുറ്റി തകർക്കുന്നു. ഇതിൽ ദേഷ്യം പിടിച്ചാണ് കോലി കളി നിർത്തുന്നത്. അനുഷ്ക ശർമ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച ഈ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
2017 ഡിസംബർ 11നാണ് കോലിയും അനുഷ്കയും തമ്മിൽ വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. നിലവിൽ ഇംഗ്ലണ്ടിലെ ലണ്ടനിലാണ് ഇരുവരും താമസിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോലി. ഐസിസിയുടെ എല്ലാ പുരസ്കാരങ്ങളും നേടിയ താരത്തെ അർജുന, പത്മ ശ്രീ, ഖേൽ രത്ന പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയായ കോലി 2008ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിച്ചിട്ടുണ്ട്. 2024 ടി20 ലോകകപ്പ് വിജയത്തോടെ ടി20യിൽ നിന്ന് വിരമിച്ചു.
മോഡലും അഭിനേത്രിയുമായ അനുഷ്ക ശർമ 2008ലാണ് അഭിനയം ആരംഭിക്കുന്നത്. ആദിത്യ ചോപ്രയുടെ രബ് നേ ബനാ ദി ജോഡിയിൽ ഷാരൂഖ് ഖാൻ്റെ നായികയായി അഭിനയം ആരംഭിച്ച അനുഷ്ക പിന്നീട് ഫിലിം നിർമാണത്തിലേക്കും കടന്നു. ഫിലിം ഫെയർ, ഐഐഎഫ്എ പുരസ്കാരങ്ങളും അനുഷ്ക നേടിയിട്ടുണ്ട്. 2018ൽ റിലീസായ സീറോ ആണ് അനുഷ്ക നായികയായി അഭിനയിച്ച അവസാന സിനിമ. ഷാരൂഖ് ഖാൻ ആയിരുന്നു നായകൻ. ഇന്ത്യൻ ഇതിഹാസ പേസർ ഝുലൻ ഗോസ്വാമിയുടെ കഥ പറയുന്ന ചക്ദ എക്സ്പ്രസ് ആണ് ഇനി റിലീസാവാനുള്ള ചിത്രം.