Vinesh Phogat: ‘ഗുഡ് ബൈ റസ്ലിങ്, ഞാന്‍ തോറ്റു….പൊരുതാന്‍ ഇനി ആവില്ല’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
Vinesh Phogat Updates: വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിന്റെ ഫൈനലിലേക്കായിരുന്നു വിനേഷ് പ്രവേശിച്ചിരുന്നത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണം.
ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു,’ എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിനേഷ് സമര്‍പ്പിച്ച അപ്പീലില്‍ വിധി വരാനിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിധി അനുകൂലമാണെങ്കില്‍ വിനേഷിന് വെള്ളി മെഡല്‍ ലഭിക്കും.
‘അമ്മേ, ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ പൊരുതാനുള്ള ശക്തി എനിക്കില്ല’, എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറയുന്നു.
കായിക തര്‍ക്ക പരിഹാര കോടതിയിലാണ് വിനേഷ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് വിനേഷിന്റെ നീക്കം. കായിക തര്‍ക്ക പരിഹാര കോടതി വിനേഷിന് അനുകൂലമായ വിധി പുറപ്പെടുവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി നല്‍കേണ്ടതായി വരും.
माँ कुश्ती मेरे से जीत गई मैं हार गई माफ़ करना आपका सपना मेरी हिम्मत सब टूट चुके इससे ज़्यादा ताक़त नहीं रही अब।
अलविदा कुश्ती 2001-2024 🙏
आप सबकी हमेशा ऋणी रहूँगी माफी 🙏🙏
— Vinesh Phogat (@Phogat_Vinesh) August 7, 2024
വിനേഷിനെ അയോഗ്യയാക്കിയതില്‍ ഗുസ്തി ഫെഡറേഷന്‍ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് അവര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗുസ്തി ഫെഡറേഷന്‍ സ്വീകരിച്ചത്.
വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിന്റെ ഫൈനലിലേക്കായിരുന്നു വിനേഷ് പ്രവേശിച്ചിരുന്നത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണം.
വനിത ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത വളരെ ഖേദത്തോടെയാണ് ഇന്ത്യന്‍ ജനത പങ്കുവെക്കുന്നത്. രാത്രി മുഴുവന്‍ പരമാവധി ശ്രമിച്ചിട്ടും താരത്തിന്റെ ഭാരം 50 കിലോയില്‍ താഴെയെത്തിക്കാനായില്ല. നിലവില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാനാകില്ല. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോഗട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അയോഗ്യതയ്ക്കെതിരെ അപ്പീല്‍ പോയാലും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സൂചന. ലോക റെസെലിങ് അസോസിയേഷന്‍ നിയമപ്രകാരം നിശ്ചിത ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നാല്‍ ആ താരത്തെ മത്സരത്തിന്റെ അവസാന സ്ഥാനക്കാരായെ പരിഗണിക്കൂ. കൂടാതെ മത്സരത്തിന്റെ രണ്ടാം ദിവസം വരെ താരങ്ങള്‍ അതേ ഭാരം നിലനിര്‍ത്തുകയും ചെയ്യണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ശരീരഭാരം 52 കിലോ വരെ ഉയര്‍ന്നിരുന്നു. അര്‍ധരാത്രിയില്‍ കഠിന പരിശ്രമം ഫോഗട്ട് നടത്തിയെങ്കിലും നിശ്ചിതഭാരത്തിലേക്ക് സൂക്ഷമായ നിരക്കിന്റെ വ്യത്യാസത്തില്‍ അയോഗ്യത നേരിടേണ്ടി വരികയായിരുന്നു.
ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി.