Vijay Hazare Trophy : എല്ലാ പന്തിലും ഫോർ; ഓവറിലാകെ നേടിയത് 29 റൺസ്: വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് താരത്തിൻ്റെ വെടിക്കെട്ട്
VHT N Jagadeesan Hit 6 Fours In An Over: വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ രാജസ്ഥാനെതിരെ തകർപ്പൻ ബാറ്റിംഗുമായി തമിഴ്നാട് ഓപ്പണർ നാരായൺ ജഗദീശൻ. രാജസ്ഥാൻ പേസർ അമൻ സിംഗ് ഷെഖാവത് എറിഞ്ഞ ഒരു ഓവറിലെ ആറ് പന്തും ബൗണ്ടറി നേടാൻ അദ്ദേഹത്തിന് സാധിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിംഗുമായി തമിഴ്നാട് താരം നാരായൺ ജഗദീശൻ. വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ രാജസ്ഥാനെതിരെയാണ് ജഗദീശൻ്റെ പ്രകടനം. മത്സരത്തിൽ രാജസ്ഥാൻ പേസർ അമൻ സിംഗ് ഷെഖാവതിൻ്റെ ഒരു ഓവറിലെ ആറ് പന്തും ബൗണ്ടറി നേടാൻ താരത്തിന് സാധിച്ചു.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിലാണ് ജഗദീശൻ്റെ പ്രകടനം. അമൻ സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് വൈഡായി ബൗണ്ടറിയിലെത്തി. പിന്നീട് ഓവറിലെ എല്ലാ പന്തിലും ബൗണ്ടറി നേടിയതോടെ ആകെ പിറന്നത് 29 റൺസ്. മത്സരത്തിൽ 52 പന്തുകൾ നേരിട്ട താരം 65 റൺസെടുത്ത് പുറത്തായി.
29 റൺസ് പിറന്ന ഓവർ:
4⃣wd,4⃣,4⃣,4⃣,4⃣,4⃣,4⃣
29-run over! 😮
N Jagadeesan smashed 6⃣ fours off 6⃣ balls in the second over to provide a blistering start for Tamil Nadu 🔥#VijayHazareTrophy | @IDFCFIRSTBank
Scorecard ▶️ https://t.co/pSVoNE63b2 pic.twitter.com/JzXIAUaoJt— BCCI Domestic (@BCCIdomestic) January 9, 2025
വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 47.3 ഓവറിൽ 267 റൺസിന് ഓൾ ഔട്ടായി. 111 റൺസ് നേടിയ അഭിജിത് തോമാർ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മഹിപാൽ ലോംറോർ (49 പന്തിൽ 60), കാർത്തിക് ശർമ്മ (28 പന്തിൽ 35) എന്നിവരും രാജസ്ഥാൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് ഒടുവിൽ വിവരം കിട്ടുമ്പോൾ 43.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 227 റൺസ് നേടിയിട്ടുണ്ട്. 45 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന വിജയ് ശങ്കറിലാണ് തമിഴ്നാടിൻ്റെ പ്രതീക്ഷകൾ.
വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടത്തിലെ മത്സരങ്ങളെല്ലാം തത്സമയം സംപ്രേഷണം ചെയ്യും. ഇന്ന്, ജനുവരി 9ന് പ്രീ ക്വാർട്ടർ മത്സരങ്ങളാണ് നടക്കുന്നത്. ജനുവരി 11നും 12ന് രണ്ട് വീതം ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് നടക്കുക. 15നും 16നുമാണ് സെമി മത്സരങ്ങൾ നടക്കും. 18നാണ് ഫൈനൽ. വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളൊന്നും തത്സമയ സംപ്രേഷണം ചെയ്തിരുന്നില്ല.
ഇന്നത്തെ മറ്റൊരു പ്രീ ക്വാർട്ടറിൽ ഹരിയാന ബംഗാളിനെ നേരിടുകയാണ്. ജനുവരി 11ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഗുജറാത്ത് ആദ്യ പ്രീക്വാർട്ടർ വിജയിയെയും 12ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ വിദർഭ രണ്ടാം പ്രീക്വാർട്ടർ വിജയിയെയും നേരിടും. മഹാരാഷ്ട്ര – പഞ്ചാബ്, കർണാടക – ബറോഡ എന്നിവരാണ് മൂന്നും നാലും ക്വാർട്ടർ മത്സരങ്ങളിൽ ഏറ്റുമുട്ടുക.
മത്സരങ്ങളെല്ലാം വഡോദരയിലാണ് നടക്കുന്നത്. വഡോദരയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. സെമിഫൈനലുകളും ഫൈനലും വഡോദര കോടംബി സ്റ്റേഡിയത്തിലും മറ്റ് മത്സരങ്ങൾ കോടംബിയിലും മോടി ബാഘ് സ്റ്റേഡിയത്തിലുമായി നടക്കും.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നോക്കൗട്ട് പ്രവേശനം ലഭിച്ചില്ല. ഗ്രൂപ്പ് ഇയിലെ ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം വിജയിച്ച കേരളം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ബറോഡയും രണ്ടാം സ്ഥാനക്കാരായി ബംഗാളുമാണ് നോക്കൗട്ട് ഘട്ടത്തിലെത്തിയത്. മധ്യപ്രദേശ്, ഡൽഹി എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ.