Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച
Vijay Hazare Trophy 2024 Starts Today : വിജയ് ഹസാരെ ട്രോഫിയുടെ പുതിയ സീസൺ ഇന്ന് ആരംഭിക്കും. ഇ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിൻ്റെ ആദ്യ മത്സരം ഈ മാസം 23 തിങ്കളാഴ്ചയാണ്. ബറോഡയാണ് കേരളത്തിൻ്റെ എതിരാളികൾ.
വിജയ് ഹസാരേ ട്രോഫിയ്ക്ക് ഇന്ന് തുടക്കം. ആകെ 18 മത്സരങ്ങളാണ് ഇന്ന് നടക്കുക. കേരളത്തിൻ്റെ ആദ്യ മത്സരം ഈ മാസം 23 തിങ്കളാഴ്ച ആരംഭിക്കും. ഗ്രൂപ്പ് ഇയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ബറോഡയാണ് ആദ്യ മത്സരത്തിൽ കേരളത്തിൻ്റെ എതിരാളികൾ. സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനിറങ്ങുക. ടൂർണമെൻ്റിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ക്യാമ്പിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് സഞ്ജുവിനെ ടീമിൽ പരിഗണിക്കാതിരുന്നത്.
ബറോഡയ്ക്കൊപ്പം ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ മധ്യപ്രദേശ്, ആഭ്യന്തര ക്രിക്കറ്റിലെ കരുത്തരായ ഡൽഹി, മറ്റൊരു വമ്പൻ ടീം ബംഗാൾ എന്നിവരൊക്കെ ഗ്രൂപ്പ് ഇയിലാണ്. ഇതിനൊപ്പം ത്രിപുര, ബീഹാർ എന്നീ ടീമുകളും കേരളത്തിനൊപ്പം ഇ ഗ്രൂപ്പിൽ കളിക്കും. തിങ്കളാഴ്ച ബറോഡയ്ക്കെതിരെ ആദ്യ മത്സരം കളിക്കുന്ന കേരളം പിന്നീട് 26ന് മധ്യപ്രദേശിനെതിരെയും 28ന് ഡൽഹിക്കെതിരെയും കളിക്കും. ഈ മാസം 31ന് ബംഗാളിനെതിരെയാണ് ഈ വർഷത്തെ കേരളത്തിൻ്റെ അവസാന കളി. 2025 ജനുവരി മൂന്ന്, അഞ്ച് തീയതികളിലായി ത്രിപുരയും ബീഹാറുമാണ് കേരളത്തിൻ്റെ മറ്റ് എതിരാളികൾ.
Also Read : IND vs AUS: ഇനി നിർണായക മത്സരങ്ങൾ, രണ്ടും കൽപ്പിച്ച് ടീം ഇന്ത്യ; ബോക്സിംഗ് ഡേ ടെസ്റ്റിൽ മാറ്റം? റിപ്പോർട്ട്
സഞ്ജു ഇല്ലാത്തതിനാൽ സൽമാൻ നിസാറാണ് ടീമിനെ നയിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റ് പുറത്തായ സച്ചിൻ ബേബിയും ടീമിലില്ല. യുഎഇയിൽ നടത്തിയ പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് സഞ്ജു വിജയ് ഹസാരെ ടീമിൽ ഇല്ലാത്തതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചത് ക്യാമ്പിൽ ഇല്ലാതിരുന്നതിനാൽ താരത്തെ ടീമിൽ പരിഗണിച്ചില്ല എന്നായിരുന്നു. താരം എന്തുകൊണ്ട് ക്യാമ്പിൽ പങ്കെടുത്തില്ല എന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടില്ല.
വിജയ് ഹസാരെയ്ക്കുള്ള കേരള ടീം:
സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, അഖിൽ സ്കറിയ, സിജോമോൻ ജോസഫ്, എൻപി ബേസിൽ, ഷറഫുദ്ദീൻ, കൃഷ്ണപ്രസാദ്, ജലജ് സക്സേന, അനന്ദ് കൃഷ്ണൻ, വൈശാഖ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, ബാസിൽ തമ്പി, ജലജ് സക്സേന, ആദിത്യ സർവാറ്റെ, എംഡി നിഥീഷ്, ഈദൻ ആപ്പിൾ ടോം, സുരേഷ് വിശ്വേശ്വർ.
സയ്യിദ് മുഷ്താഖ് അലി ട്രോഫി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ഇയിലായിരുന്ന കേരളം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് മത്സരങ്ങൾ കളിച്ച കേരളത്തിന് നാലെണ്ണത്തിലേ വിജയിക്കാനായുള്ളൂ. ടൂർണമെൻ്റ് ചാമ്പ്യന്മാരായ മുംബൈ ഗ്രൂപ്പിൽ കേരളത്തിനൊപ്പമുണ്ടായിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ മുംബൈയെ തോല്പിക്കാൻ സാധിച്ചെങ്കിലും ആന്ധ്രാപ്രദേശിനും മഹാരാഷ്ട്രയ്ക്കുമെതിരെ തോറ്റത് കേരളത്തിന് തിരിച്ചടിയായി. ആന്ധ്രാപ്രദേശാണ് ഇ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ കളിച്ചത്. ഗോവ, നാഗാലാൻഡ്, സർവീസസ്, മുംബൈ എന്നിവർക്കെതിരെയായിരുന്നു കേരളത്തിൻ്റെ ജയം. ഒരു കളി കൂടി വിജയിച്ചിരുന്നെങ്കിൽ കേരളത്തിന് നോക്കൗട്ടിലെത്താൻ കഴിയുമായിരുന്നു.