Veterens T20 Cricket : വിരമിച്ച താരങ്ങൾക്കായി ക്രിക്കറ്റ് ലീഗ്; 2025ഓടെ ബിസിസിഐയുടെ ടി20 ലീഗ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്
Veterens T20 Cricket BCCI : ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങൾക്കായി ടി20 ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ ഇത്തരം ക്രിക്കറ്റ് ലീഗ് ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിസിസിഐയുടെ നേതൃത്വത്തിൽ വിരമിച്ച താരങ്ങൾക്കായി ടി20 ലീഗ് ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. 2025ഓടെ ലീഗ് ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിരമിച്ച താരങ്ങൾക്കായി വിവിധ ടി20 ലീഗുകൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇത്തരം ഒന്ന് ബിസിസിഐയും ആരംഭിച്ചേക്കുമെന്നാണ് വിവരം.
ഐപിഎലിന് സമാനമായി വിരമിച്ച താരങ്ങൾക്കുള്ള ടി20 ലീഗ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ചില മുൻ കളിക്കാൻ ബിസിസിഐയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ആവശ്യപ്പെട്ട് താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായെ സന്ദർശിച്ചു എന്ന് ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ബിസിസിഐ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വിരമിച്ച ഇന്ത്യൻ താരങ്ങളിൽ പലരും പല ടി20 ലീഗിലും കളിക്കുന്നുണ്ട്. യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ തുടങ്ങി വിരമിച്ച പലരും പല വെറ്ററൻസ് ലീഗിലും സജീവമാണ്. ഇവയൊക്കെ സാമ്പത്തികമായും നേട്ടമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിസിഐ ഇത്തരത്തിൽ ഒരു ലീഗ് നടത്തിയാൽ അത് താരങ്ങൾക്കും ബിസിസിഐയ്ക്കും ഒരുപോലെ ഗുണം ചെയ്യും.
Also Read : Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്
അതേസമയം, കേരളാ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഏറെക്കാലമായി കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. താരലേലം ഓഗസ്റ്റ് 10ന് അവസാനിച്ചു. ആകെ ആറ് ടീമുകൾ മത്സരിക്കുന്ന ലീഗ് സെപ്റ്റംബർ രണ്ട് മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക ഉദ്ഘാടകനം ഓഗസ്റ്റ് 31ന് ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.
താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.
ആകെ 168 കളിക്കാർ പങ്കെടുത്ത ലേലത്തിൽ 108 പേരെ ടീമുകൾ സ്വന്തമാക്കി. മൂന്ന് വിഭാഗങ്ങളായാണ് താരങ്ങളെ തിരിച്ചത്. എ വിഭാഗത്തിൽ ഐപിഎൽ, രഞ്ജി താരങ്ങൾ ഉൾപ്പെട്ടു. ഇവരുടെ അടിസ്ഥാനവില 2 ലക്ഷമായിരുന്നു. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് എന്നീ ടൂർണമെൻ്റുകൾ കളിച്ചവർ ബി വിഭാഗത്തിലും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാർ സി വിഭാഗത്തിലായിരുന്നു. യഥാക്രമം ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയായിരുന്നു ഇവരുടെ അടിസ്ഥാന വില.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് കേരള ക്രിക്കറ്റ് ലീഗിലെ ടീമുകൾ. നേരത്തെ തന്നെ ഈ ടീമുകൾക്ക് ഐക്കൺ താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. അബ്ദുൽ ബാസിത്ത് പിഎ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ എന്നിവരാണ് യഥാക്രമം ടീമുകളുടെ ഐക്കൺ താരങ്ങൾ.