Vaibhav Suryavanshi: കോലിയും രോഹിത്തുമല്ല, എനിക്ക് ഇഷ്ടം ഈ താരത്തെ; തുറന്നു പറഞ്ഞ് കുട്ടി ക്രിക്കറ്റർ
Vaibhav Suryavanshi Favourite Player: പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വൈഭവ് നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്താണ് കുട്ടി ക്രിക്കറ്റർ മടങ്ങിയത്.
മുംബൈ: 13-ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? 13-കാരൻ വെെഭവ് സൂര്യവൻഷിയെ സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചോദ്യമിതായിരുന്നു. ഐപിഎല്ലിന്റെ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബിഹാറിൽ നിന്നുള്ള ഈ പയ്യൻ. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1.10 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.
ഐപിഎൽ താര ലേലത്തിന്റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ താരംകൂടിയാണ് വൈഭവ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായ താരം ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി നേടിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. 62 പന്തിൽ 104 റൺസാണ് വെെഭവ് അടിച്ചെടുത്തത്. യൂത്ത് ടെസ്റ്റിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടവും ഈ 13-കാരന് സ്വന്തമാണ്.
170 വർഷത്തെ മത്സര ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും വെെഭവ് സൂര്യവൻഷിയെന്ന ബിഹാറുകാരന് സ്വന്തമാണ്. ഈ സമയം വൈഭവിൻറെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 സീസണിൽ രഞ്ജി ട്രോഫി ടൂർണമെന്റിൽ അരങ്ങേറുമ്പോൾ താരത്തിന്റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്. ഐപിഎല്ലിന്റെ ഭാഗമായതോടെ തന്റെ ഇഷ്ടതാരത്തെയും ക്രിക്കറ്റ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വൈഭവ്.
വിരാട് കോലിയും രോഹിത് ശർമ്മയും സച്ചിനുമൊക്കെയായിരിക്കും കൗമാരതാരത്തിന്റെ ഇഷ്ടതാരമെന്ന് കണക്കുക്കൂട്ടിയവർക്ക് തെറ്റി. ഇവരാരുമല്ല വെെഭവ് സൂര്യവൻഷിയുടെ ഫേവറീറ്റ്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയാണ് വൈഭവ് സൂര്യവൻഷിയുടെ പ്രിയതാരം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ബ്രയാൻ ലാറയാണ്. അദ്ദേഹത്തെ പോലെ കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ -വൈഭവ് പറഞ്ഞു. സോണി സ്പോർട്സിനോടായിരുന്നു കുട്ടി ക്രിക്കറ്ററുടെ വെളിപ്പെടുത്തൽ.
Vaibhav Sooryavanshi gears up for the big stage 🌟
🗣️ Hear from India’s rising star as the action unfolds against Pakistan 🎤 #SonySportsNetwork #NextGenBlue #AsiaCup #NewHomeOfAsiaCup #INDvPAK pic.twitter.com/PLG8UlvB6i
— Sony Sports Network (@SonySportsNetwk) November 30, 2024
“>
കഴിഞ്ഞ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ബ്രയാൻ ലാറ. വെസ്റ്റിൻഡീസിനായി ക്രിക്കറ്റ് ഇതിഹാസം 131 ടെസ്റ്റുകളിലും 299 ഏകദിനങ്ങളിലും പാഡണിഞ്ഞിയട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 11,953 റൺസാണ് താരത്തിന്റെ സമ്പാദ്യം. 2007 ഏകദിന ലോകകപ്പിന് ശേഷമാണ് ബ്രയാൻ ലാറ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
അതേസമയം, ശനിയാഴ്ച നടന്ന പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വൈഭവ് നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്താണ് കുട്ടി ക്രിക്കറ്റർ മടങ്ങിയത്. മത്സരത്തിൽ 43 റൺസിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ പോരാട്ടം 47.1 ഓവറിൽ അവസാനിച്ചു. 238 റൺസിന് ഇന്ത്യൻ താരങ്ങൾ ഓൾഔട്ടാകുകയായിരുന്നു.