IPL 2025: ഐപിഎൽ താരലേലത്തിലെ കുട്ടി ക്രിക്കറ്റർ ! ആരാണ് വൈഭവ് സൂര്യവൻഷി
U-19 cricketer Vaibhav Suryavanshi in IPL Auction: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 2024 ജനുവരിയിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് വെെഭവിന്റെ പേര് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിക്കുന്നത്. ബീഹാറിനു വേണ്ടിയായിരുന്നു അരങ്ങേറ്റം.
ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലാണ് ബെഞ്ച് സ്ട്രെെങ്ത്ത്. ഓരോ ഫോർമാറ്റിലും നിരവധി താരങ്ങളാണ് ടീം ഇന്ത്യക്കുള്ളത്. സച്ചിൻ തെണ്ടുൽക്കറിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായി വിരാട് കോലിയും വീരേന്ദർ സെവാഗിന് പകരക്കാരനായി രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിന്റെ ടീമിന്റെ മുഖമായി എത്തി. ആഭ്യന്തര ക്രിക്കറ്റിലൂടെ ഐപിഎല്ലിലേക്ക് നിരവധി യുവതാരങ്ങളുമെത്തി. 2025 ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന പേരാണ് 13-കാരൻ വൈഭവ് സൂര്യവൻഷി.
ഐപിഎൽ താരലേലത്തിനുള്ള കളിക്കാരുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയാണ് വൈഭവ് സൂര്യവൻഷി ചരിത്രത്തിൽ ഇടംപിടിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നവംബർ 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2025 മെഗാ ലേലത്തിനായി 574 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട താരങ്ങളുടെ പട്ടികയിലാണ് വെെഭവിന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
താരലേലത്തിനായി 491-ാം സ്ഥാനത്താണ് ഇടംകൈയ്യൻ ബാറ്റർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൺക്യാപ്ഡ് വിഭാഗത്തിലാണ് താരം ഐപിഎൽ ലേലത്തിനെത്തുക. കൂടാതെ 68-ാം സെറ്റ് താരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 30 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 2024 ജനുവരിയിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് വെെഭവിന്റെ പേര് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിക്കുന്നത്. ബീഹാറിനു വേണ്ടിയായിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും വെെഭവ് സൂര്യവൻഷിയാണ്. 12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം.
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെയാണ് സൂര്യവൻഷി ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കിയത്. 58-ൽ പന്തിൽ നിന്നായിരുന്നു നേട്ടം. യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേഗ സെഞ്ച്വറിയും ഇതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ 10 10 ഇന്നിംഗ്‌സുകളിൽ നിന്ന് 100 റൺസാണ് വെെഭവ് സൂര്യവൻഷി സ്കോർ ചെയ്തത്. 41 ആണ് ടോപ് സ്കോർ. ഈ മാസം അവസാനം ആരംഭിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും സൂര്യവൻഷി ഇടംപിടിച്ചിട്ടുണ്ട്. നവംബർ 30 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നാലാം വയസിൽ വെെഭവിനെ ക്രിക്കറ്റിലേക്ക് കെെപിടിച്ചു നടത്തിയത് അച്ഛനാണ്. കർഷകനായ അദ്ദേഹം മകന്റെ കഴിവ് തിരിച്ചറിഞ്ഞ് അവനായി ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കി നൽകി. ആ ഗ്രൗണ്ടിൽ നിന്നാണ് വെെഭവിന്റെ തുടക്കം. കളിക്കളത്തിലെ മികവ് ജൂനിയർ ലെെവലിൽ നിന്ന് വെെഭവിനെ അതിവേഗം അണ്ടർ ടീമിലേക്ക് എത്തിച്ചു. ഐപിഎല്ലിൽ അവസരം ലഭിച്ചാൽ വെെകാതെ ഇന്ത്യൻ സീനിയർ ടീമിലും വെെകാതെ ഇന്ത്യൻ സീനിയർ ടീമിലും വെെഭവ് സൂര്യവൻഷിയുടെ പേര് മുഴങ്ങും.