US Open 2024 : 74 ആം റാങ്കുകാരനോട് തോറ്റു; യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി കാർലോസ് അൽകാരസ്
US Open 2024 Carlos Alcaraz : യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്തായി സ്പാനിഷ് താരം കാർലോസ് അൽകാരസ്. രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ ഡെ സാൻഷുല്പിനോടാണ് അൽകാരസ് പരാജയപ്പെട്ടത്. സ്കോർ 6-1, 7-5, 6-4.
സ്പെയിൻ്റെ ലോക മൂന്നാം നമ്പർ താരം കാർലോസ് അൽകാരസിന് യുഎസ് ഓപ്പണിൽ ഞെട്ടിക്കുന്ന പരാജയം. രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ ഡെ സാൻഷുല്പിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട് അൽകാരസ് പുറത്തായി. 74ആം റാങ്കുകാരനായ സാൻഷുല്ലിൻ്റെ കരിയറിലെ ഏറ്റവും മികച്ച ജയമാണിത്. മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ഡച്ച് താരം ആദ്യ സെറ്റ് അനായാസം ജയിച്ചു. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ വിജയിച്ച ഡച്ച് താരം മൂന്നാം സെറ്റിൽ മികച്ച പ്രകടനം നടത്തി സെറ്റും കളിയും സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-1, 7-5, 6-4.
ആധുനിക യുഗത്തിൽ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ, യുഎസ് ഓപ്പൺ എന്നീ മൂന്ന് സുപ്രധാന ടൂർണമെൻ്റുകൾ വിജയിക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് ഈ പരാജയത്തോടെ അൽകാരസിന് നഷ്ടമായത്. കഴിഞ്ഞ മൂന്ന് യുഎസ് ഓപ്പണുകളിലും അൽകാരസ് ക്വാർട്ടർ വരെയെങ്കിലും എത്തിയിരുന്നു. 2021 വിംബിൾഡണിൽ രണ്ടാം റൗണ്ടിൽ പുറത്തായതായതാണ് ഇതിന് മുൻപ് ഒരു ഗ്രാൻഡ് സ്ലാമിൽ അൽകാരസിൻ്റെ ഏറ്റവും മോശം പ്രകടനം.
ആദ്യ റൗണ്ടിൽ യോഗ്യതാമത്സരം കളിച്ചെത്തിയ ഓസ്ട്രേലിയൻ താരം ലി ടുവിനെ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽകാരസ് മറികടന്നത്. രണ്ടാം റൗണ്ടിൽ താരം പൂർണ ഫിറ്റല്ലെന്ന സൂചനയും നൽകിയിരുന്നു. മത്സരത്തിലുടനീളം ബാക്ക്ഫൂട്ടിലായിരുന്ന താരം പല പിഴവുകളും വരുത്തി.
ഇക്കഴിഞ്ഞ ജൂണിലാണ് അൽക്കാരസ് ഫ്രഞ്ച് ഓപ്പൺ നേടിയത്. കരിയറിൽ ആദ്യമായാണ് അൽകാരസിൻ്റെ നേട്ടം. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ വീഴ്ത്തിയാണ് അൽകാരസ് കന്നി ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയത്. അൽകാരസിൻ്റെ കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം ആണിത്.
നാല് മണിക്കൂറും 19 മിനിട്ടും നീണ്ടുനിന്ന, അഞ്ച് സെറ്റുകൾ നീണ്ട എപിക് ത്രില്ലർ പോരിനൊടുവിലാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് 6-2 എന്ന സ്കോറിന് അൽകാരസ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് അതേ സ്കോറിന് സ്വരേവ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ഒടുവിൽ സെറ്റ് 5-7 എന്ന സ്കോറിന് സ്വരേവ് നേടി. എന്നാൽ, അവസാന രണ്ട് സെറ്റുകളിൽ സ്വരേവിനെ നിഷ്പ്രഭനാക്കിക്കളഞ്ഞ അൽകാരസ് 6-1, 6-2 എന്ന സ്കോറിൽ സെറ്റുകളും മത്സരവും പിടിച്ചെടുത്തു. സ്കോർ 6-2, 2-6, 5-7, 6-1, 6-2.
ഇതിഹാസതാരം റാഫേൽ നദാലിനെ അട്ടിമറിച്ച് ആരംഭിച്ച സ്വരേവിന് പക്ഷേ, ഫൈനൽ കടമ്പ കടക്കാനായില്ല. കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനലാണ് സ്വരേവ് കളിച്ചത്. രണ്ടിലും കിരീടം നേടാൻ താരത്തിന് സാധിച്ചില്ല. 2020 യുഎസ് ഓപ്പൺ ഫൈനലിൽ കലാശപ്പോരിന് അർഹത നേടിയ സ്വരേവ് അന്ന് ഡൊമിനിക്ക് തീമിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
സെമിയിലും ഫൈനലിലും തുടരെ അഞ്ച് സെറ്റുകൾ കളിച്ച് കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് അൽകാരസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കിയത്. 2017ൽ ഇതിഹാസതാരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിൻ്റെ സെമിയിലും ഫൈനലിലും അഞ്ച് സെറ്റുകൾ വീതം കളിച്ച് ചാമ്പ്യനായിരുന്നു. ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെ മൂന്ന് വ്യത്യസ്ത പ്രതലങ്ങളിൽ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അൽകാരസിനു ലഭിച്ചു. 21 വയസുകാരനായ താരം 2022ൽ ഹാർഡ് കോർട്ടിൽ യുഎസ് ഓപ്പൺ കിരീടവും 2023ൽ പുൽ കോർട്ടിൽ വിംബിൾഡൺ കിരീടവും നേടിയിരുന്നു.