IPL Auction 2025: മലയാളി താരങ്ങളുടെ ശനിദശ ഇനി എന്ന് മാറും? രോഹൻ കുന്നുമ്മലിനും മുഹമ്മദ് അസ്ഹറുദ്ദീനും ആവശ്യക്കാരില്ല
Unsold Malayali Players In IPL Auction: ഐപിഎൽ മെഗാ താരലേലത്തിനായി 12 മലയാളി താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ വിഷ്ണു വിനോദ്, സച്ചിൻ ബേബി, വിഘ്നേഷ് പുത്തൂർ എന്നിവരെ മാത്രമാണ് ഫ്രാഞ്ചെെസികൾ ടീമിലെത്തിച്ചത്.
ജിദ്ദ: ഐപിഎൽ സ്വപ്നം കണ്ട് കേരളത്തിൽ നിന്ന് താരലേലത്തിനായ രജിസ്റ്റർ ചെയ്തത് 12 താരങ്ങൾ. എന്നാൽ ടീമുകൾ സ്വന്തമാക്കിയത് മൂന്നു പേരെ മാത്രം. വിഷ്ണു വിനോദ് (പഞ്ചാബ് കിംഗസ്), സച്ചിൻ ബേബി (സൺറൈസേഴ്സ് ഹൈദരാബാദ്), വിഘ്നേഷ് പുത്തൂർ (മുംബൈ ഇന്ത്യൻസ്) എന്നിവരെയാണ് ലേലത്തിലൂടെ ഫ്രാഞ്ചെെസികൾ തങ്ങളുടെ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും കേരളാ ക്രിക്കറ്റ് ലീഗിലും തിളങ്ങിയ രോഹൻ എസ്. കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ഐപിഎല്ലിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല.
അബ്ദുൽ ബാസിത്ത്, സൽമാൻ നിസാർ എന്നിവരെയും ടീമിലെത്തിക്കാൻ ഫ്രാഞ്ചെസികൾ തയ്യാറായില്ല. കെസിഎല്ലിൽ തൃശൂർ ടെെറ്റൻസിനായി തിളങ്ങിയ വിഷ്ണു വിനോദിനെ 95 ലക്ഷത്തിനാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ മുംബെെയുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
കേരളാ ക്രിക്കറ്റ് ലീഗ് ക്യാപ്റ്റൻ സച്ചിൻ ബേബിയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദ് തങ്ങുടെ തട്ടകത്തിലെത്തിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന്റെ നായകനായിരുന്ന താരം ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലേലത്തിനെത്തിയ മലപ്പുറം സ്വദേശി വിഘ്നേഷ് പുത്തൂരിനെ 30 ലക്ഷം നൽകിയാണ് മുംബെെ ഇന്ത്യൻസ് ടീമിന്റെ ഭാഗമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിന്റെ ഭാഗമായ മലയാളി താരം സന്ദീപ് വാരിയർ രണ്ട് തവണയാണ് ലേലത്തിൽ വന്നത്. എന്നാൽ താരത്തെ സ്വന്തമാക്കാൻ ടീമുകൾ മുന്നോട്ട് വന്നില്ല. ലേലത്തിന്റെ ആദ്യ ദിവസം കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ അൺസോൾഡ് താരങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ദിവസം അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരത്തെ സ്വന്തമാക്കി.
ഐപിഎൽ മെഗാ താരലേലത്തിൽ അൺസോൾഡായ മലയാളികൾ
മുഹമ്മദ് അസ്ഹറുദ്ദീൻ
വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീൻ മുമ്പ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്.
സൽമാൻ നിസാർ
27 കാരനായ ഇടംകൈയ്യൻ ബാറ്റർ കേരളാ ക്രിക്കറ്റ് ലീഗിൽ 12 ഇന്നിംഗ്‌സുകളിൽ നിന്ന് 455 റൺസ് നേടിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടഉം ഐപിഎൽ കളിക്കുക എന്ന സ്വപ്നം ഇനിയും വിദൂരമാണ്.
ഷോൺ റോജർ
തിരുവനന്തപുരം 22-കാരൻ കേരള ക്രിക്കറ്റ് സീനിയർ ടീമിലെ സ്ഥിരാംഗമല്ല. വലംകൈ ബാറ്ററായ അദ്ദേഹം ഓഫ് സ്പിൻ ബൗളർ കൂടിയായിരുന്നു.
അബ്ദുൾ ബാസിത്ത്
26 കാരനായ അബ്ദുൾ ബാസിത്ത് മുമ്പ് പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. 2023 സീസണിൽ രാജസ്ഥാൻ റോയൽസിനായി ഒരു മത്സരത്തിൽ കളത്തിലിറങ്ങി.
എം അജ്നാസ്
വയനാട് സ്വദേശിയായ വിക്കറ്റ് കീപ്പർ ബാറ്റർ എം അജ്നാസിന്റെ ഐപിഎൽ സ്വപ്നങ്ങൾ ഇത്തവണയും പൂത്തില്ല.
വൈശാഖ് ചന്ദ്രൻ
തിരുവനന്തപുരം സ്വദേശിയായ 28 കാരനായ വൈശാഖ് ചന്ദ്രൻ വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ്. ഇത്തവണത്തെ താരലേലത്തിലൂടെ ഐപിഎല്ലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തെ സ്വന്തമാക്കാൻ ടീമുകൾ എത്തിയില്ല.
അഭിഷേക് ജെ നായർ
കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളായിരുന്നു അഭിഷേക് ജെ നായർ. കൊല്ലം സെയിലേഴ്സിനായി സെഞ്ച്വറി നേടിയെങ്കിലും ലേലത്തിൽ വിളിക്കാൻ ടീമുകൾ തയ്യാറായില്ല.