U19 Womens Asia Cup: സൂപ്പർ ഫോറിൽ ശ്രീലങ്കയെയും വീഴ്ത്തി; പരാജയമറിയാതെ ഇന്ത്യ ഫൈനലിൽ
U19 Womens Asia Cup India Beats Srilanka : അണ്ടർ 19 ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ശ്രീലങ്കയെ നാല് വിക്കറ്റിന് കീഴടക്കിയാണ് പ്രഥമ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിലെത്തിയത്. ബംഗ്ലാദേശാവും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്കയെ 9 വിക്കറ്റ് നഷ്ടത്തിൽ 98 റൺസിലൊതുക്കിയ ഇന്ത്യ 14.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇതോടെ മുഴുവനായി കളിച്ച മത്സരങ്ങളെല്ലാം വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു. നേപ്പാളിനെതിരായ മത്സരം മഴയിൽ മുടങ്ങിയിരുന്നു.
ശ്രീലങ്കൻ നിരയിലെ ലെഫ്റ്റ് ഹാൻഡർമാരെ കണക്കിലെടുത്ത് മലയാളി പേസർ ജോഷിത വിജെയ്ക്ക് പകരം ഓഫ് സ്പിന്നർ ദ്രിതി കേസരിയെ ടീമിൽ പരിഗണിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ നികി പ്രസാദിൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ബൗളിംഗ്. ആയുഷി ശുക്ല നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ ശ്രീലങ്കയ്ക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. 30 പന്തിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ മനുദി നനയക്കരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. വെറും രണ്ട് താരങ്ങളാണ് ശ്രീലങ്കൻ നിരയിൽ ഇരട്ടയക്കം കടന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വ്യത്യസ്ത ഓപ്പണിംഗ് ജോഡിയാണ് ഇന്ന് ഇറങ്ങിയത്. ഈശ്വരി അവ്സാരെയാണ് ജി ട്രിഷയ്ക്ക് പകരം ജി കമാലിനിയുടെ ഓപ്പണിംഗ് പങ്കാളിയായി ഇറങ്ങിയത്. എന്നാൽ, റൺസൊന്നുമെടുക്കാതെ താരം പുറത്തായി. മൂന്നാം നമ്പരിലെത്തിയ സാനിക ചാൽകെയും (4) വേഗം മടങ്ങി. അഞ്ച് റൺസിന് രണ്ട് വിക്കറ്റെന്ന നിലയിൽ ജി ട്രിഷ ക്രീസിലെത്തിയതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് ദിശാബോധമുണ്ടായത്. പതിവുപോലെ ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് 63 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. പിന്നാലെ 24 പന്തിൽ 32 റൺസ് നേടി ട്രിഷയും 26 പന്തിൽ 28 റൺസ് നേടി കമാലിനിയും പുറത്തായി. നികി പ്രസാദ് (3), ഭവിക ആഹിരെ (7) എന്നിവർ കൂടി വേഗം പുറത്തായതോടെ ഇന്ത്യക്ക് ആശങ്കയായി. എന്നാൽ, ഏഴാം നമ്പരിലെത്തിയ മിഥില വിനോദ് ഇന്ത്യയെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചു. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായ മിഥില 12 പന്തിൽ 17 റൺസെടുത്ത് നോട്ടൗട്ടാണ്. ശ്രീലങ്കയ്ക്കായി 15 വയസുകാരി ചമോദി പ്രബോദ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഈ മാസം 22, ഞായറാഴ്ചയാണ് ഫൈനൽ. മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. മത്സരത്തിൽ അർദ്ധസെഞ്ചുറി നേടിയ ജി ട്രിഷയാണ് തിളങ്ങിയത്. 46 പന്തിൽ 10 ബൗണ്ടറിയടക്കം 58 റൺസ് നേടി ട്രിഷ പുറത്താവാതെ നിന്നു. ക്യാപ്റ്റൻ നികി പ്രസാദ് 14 പന്തിൽ 22 റൺസ് നേടി നോട്ടൗട്ടായിരുന്നു.
ഗ്രൂപ്പ് എയിൽ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്. നേപ്പാളിനെതിരായ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയെയും പരാജയപ്പെടുത്തിയതോടെ ഇന്ത്യ അനായാസം ഫൈനലിലെത്തുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ഫൈനൽ മത്സരത്തിൽ മലയാളി താരം ജോഷിത ടീമിൽ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ജോഷിത, കമാലിനി, നികി പ്രസാദ് തുടങ്ങിയവരെ വിവിധ വനിതാ പ്രീമിയർ ലീഗ് ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്.