5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

U19 Asia Cup 2024 : പുരുഷ ടീം തോറ്റു, വനിതാ ടീം തോറ്റു, പിന്നാലെ അണ്ടർ 19 ടീമും തോറ്റു; ഏഷ്യാ കപ്പ് ബംഗ്ലാദേശിന്

U19 Asia Cup 2024 India Lost By 59 Runs : അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം തുടർച്ചയായ രണ്ടാം തവണയും ബംഗ്ലാദേശിന് സ്വന്തം. ഫൈനലിൽ ഇന്ത്യയെ 59 റൺസിന് തോല്പിച്ചാണ് ബംഗ്ലാദേശ് ജേതാക്കളായത്. 199 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 139 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

U19 Asia Cup 2024 : പുരുഷ ടീം തോറ്റു, വനിതാ ടീം തോറ്റു, പിന്നാലെ അണ്ടർ 19 ടീമും തോറ്റു; ഏഷ്യാ കപ്പ് ബംഗ്ലാദേശിന്
അണ്ടർ 19 ഏഷ്യാ കപ്പ് (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 08 Dec 2024 18:26 PM

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ ഇന്ത്യയെ തോല്പിച്ച് ബംഗ്ലാദേശിന് തുടർച്ചയായ രണ്ടാം കിരീടം. 59 റൺസിനാണ് ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 198 റൺസിലൊതുക്കാൻ കഴിഞ്ഞെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 139 റൺസിന് ഓൾഔട്ടായി. തകർപ്പൻ പ്രകടനം കാഴ്ചവച്ച ബൗളർമാരാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. കഴിഞ്ഞ തവണയും അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കൾ ബംഗ്ലാദേശായിരുന്നു.

ഇരു ടീമുകളിലെയും ബാറ്റർമാർക്ക് കാര്യമായ റോളില്ലാതിരുന്ന മത്സരത്തിൽ ബൗളർമാരാണ് തിളങ്ങിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 47 റൺസ് നേടിയ റിസാദ് ഹൊസാനും 40 റൺസ് നേടിയ മുഹമ്മദ് ഷിഹാബ് ജെയിംസും 39 റൺസ് നേടിയ ഫാരിസ് ഫൈസലുമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. ഇന്ത്യക്കായി യുദ്ധജിത് ഗുഹ, ചേതൻ ശർമ്മ, ഹാർദിക് രാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

199 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കൃത്യതയാർന്ന ബൗളിംഗുമായാണ് ബംഗ്ലാദേശ് വരവേറ്റത്. പേസർമാർ ഒരിഞ്ച് വിട്ടുകൊടുക്കാതെ പന്തെറിഞ്ഞപ്പോൾ ഇന്ത്യ വിയർത്തു. ആയുഷ് മാത്രെ (1), വൈഭവ് സൂര്യവൻശി (9) എന്നിവർ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും 24 റൺസ്. ടൂർണമെൻ്റിലുടനീളം ഇന്ത്യയെ താങ്ങിനിർത്തിയിരുന്ന ഓപ്പണർമാർ വേഗം പുറത്തായപ്പോൾ ഇന്ത്യ ബാക്ക്ഫൂട്ടിലായി.

Also Read : Indw vs Ausw : മിന്നു മണിയുടെ ഓൾറൗണ്ട് പ്രകടനം വിഫലം; ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ പരാജയം

ആന്ദ്രേ സിദ്ധാർത്ഥ് (20), ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ കെപി കാർത്തികേയ (21) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും ബംഗ്ലാദേശ് വിട്ടില്ല. തകർപ്പൻ ഫീൽഡിംഗും അതിനൊത്ത ബൗളിംഗും കൊണ്ട് അവർ ഇന്ത്യയെ വരിഞ്ഞുമുറുക്കി. ഇരുവരും പുറത്തായതോടെ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. നിഖിൽ കുമാർ (0), ഹർവൻഷ് സിംഗ് (6), കിരൺ ചോർമാലെ (1) എന്നിവർ വേഗം പവലിയനിൽ മടങ്ങിയെത്തി. ഇതിനിടെ ക്യാപ്റ്റൻ മുഹമ്മദ് അമാൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. 26 റൺസ് നേടിയ അമാനെ ബംഗ്ലാദേശ് ക്യാപ്റ്റൻ അസീസുൽ ഹക്കീം തമീം വീഴ്ത്തിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. ഹാർദിക് രാജ് (20 പന്തിൽ 24) കൗണ്ടർ അറ്റാക്കിന് ശ്രമിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 10 റൺസ് നേടിയ ചേതൻ ശർമ്മയായിരുന്നു അവസാന വിക്കറ്റ്. ബംഗ്ലാദേശിനായി ഇക്ബാൽ ഹുസൈൻ ഇമോണും അസീസുൽ ഹക്കീം തമീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സെമിഫൈനലിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. 36 പന്തിൽ 67 റൺസ് നേടിയ സൂര്യവൻശി ആയിരുന്നു ടോപ്പ് സ്കോറർ. ബംഗ്ലാദേശ് ആവട്ടെ, ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തിയ പാകിസ്താനെ തുരത്തി ഫൈനലിലെത്തി. ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ ജയം. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ യുഎഇയെ കീഴടക്കിയാണ് ബംഗ്ലാദേശ് ജേതാക്കളായത്. കഴിഞ്ഞ തവണ സെമിഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയിരുന്നു. നാല് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിൻ്റെ ജയം. ഇതുവരെ ഏഴ് തവണ ജേതാക്കളായ ഇന്ത്യയാണ് ഏറ്റവുമധികം ചാമ്പ്യന്മാരായ ടീം.