PV Sindhu Marriage: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്
Indian Badminton Player PV Sindhu Marriage : ഇരുകുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നുവെന്നും, ഒരു മാസം മുമ്പാണ് എല്ലാം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ. ഡിസംബർ 24 ന് ഹൈദരാബാദിൽ റിസപ്ഷൻ നടക്കും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഡിസംബർ 20ന് ആരംഭിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് ഉദയ്പൂരില്‍ വിവാഹം നടക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ വെങ്കട ദത്ത് സായിയാണ് വരന്‍. പോസിഡെക്‌സ് ടെക്‌നോളജീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട ദത്ത് സായി.
ഇരുകുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നുവെന്നും, ഒരു മാസം മുമ്പാണ് എല്ലാം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പിടിഐയോട് പറഞ്ഞു. ജനുവരി മുതല്‍ സിന്ധുവിന്റെ ഷെഡ്യൂള്‍ തിരക്കേറിയതായതിനാലാണ് ഡിസംബര്‍ 22ന് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 24 ന് ഹൈദരാബാദിൽ റിസപ്ഷൻ നടക്കും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഡിസംബർ 20ന് ആരംഭിക്കും.
ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ സിന്ധു ഒളിമ്പിക്‌സില്‍ രണ്ട് തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും, 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലവുമാണ് താരം സ്വന്തമാക്കിയത്.
2019 ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണ മെഡലും കോമൺവെൽത്ത് ഗെയിംസിൽ നിരവധി നേട്ടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2025 ജനുവരിയില്‍ ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂറാണ് സിന്ധു പങ്കെടുക്കുന്ന അടുത്ത മത്സരം. അഞ്ച് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ ടൂർണമെന്റ്
അടുത്തിടെ നടന്ന നടന്ന സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ വനിതാ വിഭാഗത്തില്‍ സിന്ധുവിനായിരുന്നു കിരീടം. ചൈനയുടെ ലോക 119-ാം നമ്പർ താരമായ വു ലുവോ യുവിനെ 21-14, 21-16 എന്ന സ്‌കോറിന് തോല്‍പിച്ചാണ് സിന്ധു ജേതാവായത്. കുറച്ചുനാളുകളായി നിരാശജനകമായ പ്രകടനം പുറത്തെടുത്തിരുന്ന താരം വീണ്ടും ഫോമിലേക്ക് തിരികെയെത്തിയത് ഈ ടൂര്‍ണമെന്റിലൂടെയാണ്. 2022 ജൂലൈയിൽ നടന്ന സിംഗപ്പൂർ ഓപ്പണിലാണ് സിന്ധു ഇതിന് മുമ്പ് കിരീടം നേടിയത്. ഈ വർഷം ആദ്യം നടന്ന മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500 ൻ്റെ ഫൈനലിൽ സിന്ധു എത്തിയിരുന്നു.
സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷവിഭാഗത്തില്‍ ലക്ഷ്യ സെന്‍ ജേതാവായി. സിംഗപ്പൂരിൻ്റെ ജിയാ ഹെങ് ജെയ്‌സൺ ടെഹിനെ 21-6, 21-7 എന്ന സ്‌കോറിന് തകർത്താണ് ലക്ഷ്യ വിജയിച്ചത്. പാരീസ് ഒളിമ്പിക്‌സില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിലെ വിജയം പുതിയ സീസണിന് മുന്നോടിയായി അദ്ദേഹത്തിന് ആത്മവിശ്വാസം പകരും.