Two Tier Test System : ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2’ പരീക്ഷിക്കാന്‍ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും
Two Tier Test Cricket System Explained : ടയര്‍ 2വിലൂടെ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച ജനപങ്കാളിത്തവും ടയര്‍ 2 നീക്കത്തിന് പ്രേരിപ്പിക്കുന്നുവെന്ന് സൂചന. ഐസിസി ചെയർമാൻ ജയ് ഷാ ഈ മാസം അവസാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർ മൈക്ക് ബെയർഡിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിലെ റിച്ചാർഡ് തോംസണെയും കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2 സിസ്റ്റം’ പരീക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ തേടി ഐസിസി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിച്ചാണ് ഐസിസി സാധ്യതകള്‍ ആരായുന്നതെന്നാണ് വിവരം. ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതുപ്രകാരം ടെസ്റ്റ് ക്രിക്കറ്റ് രണ്ട് ഡിവിഷനാകും. അങ്ങനെ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കുന്നതിനുള്ള സാധ്യതയേറും. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ രണ്ടാം നിരയിലേക്ക് പോവുകയും ചെയ്യും. ലോവര്‍ ടയര്‍ ടീമിലെ ടീമുകള്‍ അവരുടെ ഡിവിഷനില്‍ മാത്രമാകും മത്സരിക്കുന്നത്.
എന്നാല്‍ മത്സരഫലങ്ങള്‍ അനുസരിച്ച് ലോവര്‍ ഡിവിഷനിലെ ടീമുകള്‍ക്ക് ടോപ് ടയറിലേക്ക് പ്രമോഷന്‍ നല്‍കും. അതുപോലെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മുന്‍നിര ടീമുകള്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടാമെന്നാണ് സൂചന. ടയര്‍ 2 സിസ്റ്റത്തെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക സൂചന മാത്രമാണിത്. സിസ്റ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ടയര്‍ 2വിലൂടെ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തലെന്നാണ് വിവരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച ജനപങ്കാളിത്തവും ടയര്‍ 2 നീക്കത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് സൂചന. ഐസിസി ചെയർമാൻ ജയ് ഷാ ഈ മാസം അവസാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർ മൈക്ക് ബെയർഡിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിലെ റിച്ചാർഡ് തോംസണെയും കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്ന് ദ ഏജ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ‘ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം’ 2027ലാണ് അവസാനിക്കുന്നത്. അതുകൊണ്ട് പുതിയ പദ്ധതി നടപ്പിലായാല്‍ തന്നെ അത് 2027ന് ശേഷമാകും ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലും ഇത്തരമൊരു നീക്കത്തിന് ചര്‍ച്ചകള്‍ നടന്നിരുന്നു. വരുമാനം കുറയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ബിസിസിഐയും സിംബാബ്‌വെയുടെയും ബംഗ്ലാദേശിൻ്റെയും ക്രിക്കറ്റ് ബോഡികളും ഈ നീക്കത്തെ അന്ന് ശക്തമായി എതിര്‍ത്തതോടെ പിന്നീട് ചര്‍ച്ചകള്‍ നടന്നില്ല.
ടയര്‍ 2 സിസ്റ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍, 2016ലെ പോലെ ഇത്തവണയും എതിര്‍പ്പുകള്‍ ഉയരാം. ഇതാണ് പ്രധാന വെല്ലുവിളിയും. അതുകൊണ്ട് പുതിയ സംവിധാനം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നും വ്യക്തമല്ല. ഇത്തരമൊരു നീക്കത്തെക്കുറിച്ച് തങ്ങള്‍ക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങളുണ്ടായിരുന്നുവെന്നും, അതിനുശേഷം ഒന്നും കേട്ടിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
Read Also : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
എന്നാല്‍ ഇത്തരം രീതികളെ മുന്‍ താരവും മുന്‍ പരിശീലകനും പ്രമുഖ കമന്റേറ്ററുമായ രവി ശാസ്ത്രി പിന്തുണച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ അതിജീവനത്തിനും അഭിവൃദ്ധിക്കും ഈ മാര്‍ഗത്തിലൂടെ പോകണമെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ജനുവരി 12ന് ബിസിസിഐ പ്രത്യേക പൊതുയോഗം ചേരും. മുംബൈയില്‍ വച്ചാണ് യോഗം ചേരുന്നത്. ഇടക്കാല സെക്രട്ടറി ദേവജിത് സൈകിയയെ ഈ യോഗത്തില്‍ ഔദ്യോഗികമായി മുഴുവൻ സമയ റോളിലേക്ക് നിയമിച്ചേക്കുമെന്നാണ് സൂചന. ജയ് ഷായെ ഐസിസി ചെയർമാനായതോടെയാണ് ദേവജിത് സൈകിയ ബിസിസിഐ ഇടക്കാല സെക്രട്ടറിയായത്.